ഖത്തറിലേക്കുള്ള ഇന്ത്യൻ വിമാനയാത്രകളും ആശങ്കയിൽ

qatar 581dd

ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ഗൾഫ് മേഖലയിൽ ഉണ്ടായിരിക്കുന്നത് കടുത്ത പ്രശ്‌നങ്ങളാണ്. അതിലൊന്നാണ് വിമാനയാത്ര. ചുറ്റോട് ചുറ്റുമുള്ള രാജ്യങ്ങൾ ബന്ധം വിച്ഛേദിച്ചതിലൂടെ ഖത്തർ അക്ഷരാർത്ഥത്തിൽ അടഞ്ഞ രാജ്യമായി മാറിയിരിക്കുകയാണ്. എന്നാൽ അതിൽ പ്രശ്‌നമില്ലെന്നാണ് ഖത്തർ അവകാശപ്പെടുന്നത്. ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാന യാത്രകൾ സംബന്ധിച്ച ആശങ്ക തുടരുന്നു. ഇന്ത്യയിൽനിന്ന് ഖത്തറിലേയ്ക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾക്ക് തടസ്സമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുഎഇ അടക്കമുള്ള മറ്റു ഗൾഫ് രാജ്യങ്ങളുടെ സമീപനം ഇക്കാര്യത്തിൽ നിർണായകമായകുമെന്നാണ് സൂചന.
 
ഖത്തറിലേക്കുള്ള വിമാനങ്ങൾ മറ്റ് രാജ്യങ്ങൾക്ക് മുകളിലൂടെ പറക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം. അതാണ് ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളിലൊന്ന്. അനുമതി ലഭിക്കുകയാണെങ്കിൽ സാധാരണപോലെ സർവ്വീസ് നടത്താനാകും. എന്നാൽ അനുമതി നിഷേധിക്കപ്പെട്ടാൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യുഎഇയുടെ പരിധിയിൽ പ്രവേശിക്കാതെ സഞ്ചരിക്കുന്നതിന് ഇറാനിൽ ചെന്നശേഷം ഖത്തറിലേയ്ക്ക് പറക്കേണ്ടിവരും. അനുമതി ലഭിക്കുമോ ഇല്ലയോ എന്നതിലുപരി യാത്രികരെ അങ്ങേയറ്റം ബാധിക്കുന്ന ഒരു പ്രശ്‌നമായി ഇത് മാറിയിട്ടുണ്ട്. 
 
യുഎഇയ്ക്ക് മുകളിലൂടെ പറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായി വരും. ഇത് നിരക്ക് വർധിക്കാനും ഇടയാകും. ജെറ്റ് എയർവേയ്സ്, എയർ ഇന്ത്യ, ഇൻഡിഗോ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും ഖത്തർ എയർവേയ്സുമാണ് ഇന്ത്യയിൽനിന്ന് ഖത്തറിലേയ്ക്ക് സർവ്വീസുകൾ നടത്തുന്നത്. ഈ കമ്പനികളുടെ സർവ്വീസുകളെയെല്ലാം ഇപ്പോഴത്ത സാഹചര്യം ബാധിക്കും. ഡൽഹിയിൽനിന്നുള്ള സർവ്വീസിനുമാത്രം തടസ്സമുണ്ടാകാൻ ഇടയില്ല. കാരണം, ഇപ്പോൾത്തന്നെ ഇത് പാകിസ്താനു മുകളിലൂടെ പറന്ന് ഇറാനിൽ പ്രവേശിച്ച് അവിടെനിന്നാണ് ദോഹയിലേയ്ക്ക് പോകുന്നത്. 
 
നേരെ പോകാൻ സാധിക്കാതെ വന്നാൽ രണ്ട് മണിക്കൂറെങ്കിലും അധികം യാത്ര ചെയ്യേണ്ടിവരും എന്നാണ് സൂചന. ഇങ്ങനെ വന്നാൽ നിരക്കിൽ കാര്യമായ വ്യത്യാസമുണ്ടാകും.  എന്നാൽ വിമാനസർവ്വീസുകൾ സംബന്ധിച്ച് ഖത്തർ എയർവേയ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
ഇതിനിടയിലാണ് ഖത്തർ റിയാൽ സ്വീകരിക്കാത്തത് മൂലമുള്ള പ്രശ്‌നങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ റിയാൽ സ്വീകരിക്കില്ല. ഇതോടെ പൂർണ്ണമായ സ്തംഭനമാണ് ഖത്തറിൽ ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ ഉൾപ്പെടെയുള്ള അഞ്ച് അറബ് രാജ്യങ്ങൾ ഭ്രഷ്ട് കൽപ്പിച്ച സാഹചര്യത്തിൽ ഖത്തറിലെ ബാങ്കിങ് മേഖല പ്രതിസന്ധിയിലേക്ക്. അറബ് രാഷ്ട്രങ്ങൾക്കിടയിൽ ഉടലെടുത്ത നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് വാണിജ്യബാങ്കുകൾ ഖത്തരീ ബാങ്കുകളുമായുള്ള ഇടപാടുകൾ നിർത്തിവച്ചതോടെയാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh