നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷ; യുകെയിൽ ചർച്ച തുടങ്ങി

nurse 359ad

നേഴ്‌സുമാരുടെ ജോലി ലഭിച്ച് എത്തിയവരാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഭൂരിപക്ഷവും. അതിപ്പോ അയർലണ്ടായാലും ബ്രിട്ടണിൽ ആയാലും അതൊക്കെ തന്നെ സ്ഥിതി. എന്നാൽ ഓരോ തവണയും കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നേഴ്‌സിങ്ങ് ജോലി കിട്ടാനുള്ള പരീക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കുകയാണ്. എന്നുവെച്ചാൽ ഇംഗ്ലീഷിൽ നല്ല പ്രാവിണ്യം വേണം, ആന വേണം, കുതിര വേണം എന്നൊക്കെയാണ് ആവശ്യം. 
 
ഇത് ഓരോ തവണയും മാറും. അങ്ങനെ മാറിമാറി അവസാനം പുതിയ ഒരാൾക്ക് ജോലി കിട്ടാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ. മലയാളി നേഴ്‌സുമാരുടെ വിജയഗാഥ ഒരുപാട് കേട്ടിട്ടുള്ളതാണല്ലോ. പല രാജ്യങ്ങളിലും മലയാളി നേഴ്‌സുമാരാണ് ആണായും പെണ്ണായി ജോലി ചെയ്യുന്നത്. മലയാളി നേഴ്‌സുമാരുടെ ആതുരസേവനം പരക്കെ സ്വീകരിക്കപ്പെടുന്നതുമാണ്. എന്നാൽ ജോലി കിട്ടാനുള്ള കടമ്പകൾ പലർക്കും താങ്ങാനാകുന്നില്ല. അതാണ് പ്രശ്‌നം. അപ്പോഴാണ് ഇടിത്തീപോലെ ബ്രെക്‌സിറ്റ് വരുന്നത്.
 
ബ്രെക്‌സിറ്റ് എന്ന് പറഞ്ഞാൽ യൂറോപ്പിലെ മറ്റ് രാജ്യക്കാർക്ക് ജോലി പോകുന്ന കാര്യമാണ്. സ്‌പെയിൻ, റൊമാനിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ നേഴ്‌സുമാരുടെ ജോലി പോകും. അല്ലെങ്കിൽ പുതിയ അവസ്ഥയിൽ അവർക്ക് ജോലി കിട്ടുക എളുപ്പമാകില്ല. അപ്പോൾപിന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജോലി നൽകേണ്ടിവരും. അതിനെന്ത് ചെയ്യണം, നിലവിലുള്ള ഇംഗ്ലീഷ് നിർബന്ധ നിയമം പുനഃപരിശോധിക്കണം. അതിനുള്ള ചർച്ച ബ്രിട്ടണിൽ ആരംഭിച്ച് കഴിഞ്ഞതായാണ് വിവരം. 
 
വിദേശത്തുനിന്നുള്ള നേഴ്‌സുമാർക്ക് ഐഇഎൽടിഎസിന് വേണ്ട സ്‌കോർ ഏഴാണ്. ഇത് ആറരയായി കുറയ്ക്കാനാണ് ശ്രമം. അങ്ങനെ ചെയ്താൽ തന്നെ വലിയ തോതിലുള്ള മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടണിൽ ആവശ്യത്തിന് നേഴ്‌സുമാരെ കിട്ടാത്ത സ്ഥിതിയുണ്ടാകും. അത് പരിഹരിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾതന്നെ സജീവമായിട്ടുണ്ട്. അതിന്റെ ഭാഗമാണ് പുതിയ നിയമവും. 
 
70-കാരനായ ഡേവിഡ് ഗ്രേയുടെ മരണത്തോടെയാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയത്. ജർമൻകാരനായ ഡോക്ടർ ഡാനിയേൽ ഉബാനിക്ക് ഇംഗ്ലീഷ് തീരെ വശമുണ്ടായിരുന്നില്ല. കഴിക്കാവുന്നതിന്റെ പത്തിരട്ടി മരുന്ന് ഡേവിഡ് ഗ്രേയ്ക്ക് നൽകിയ ഉബാനിയുടെ നടപടിയാണ് മരണത്തിനിടയാക്കിയത്. ഇംഗ്ലീഷ് അറിയാത്തത് രോഗികളുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന വാദം ഇതോടെ ശക്തമാവുകയും ചെയ്തു. 
 
നഴ്സുമാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് ഭാഷാ യോഗ്യതയിൽ ഇളവ് വരുത്തിയേ തീരൂവെന്ന ആവശ്യം നാൾക്കുനാൾ ശക്തിപ്രാപിച്ചുവരുന്നുണ്ട്. മലയാളിയായ ഫെബിൻ സിറിയക്കിന്റെ നേതൃത്വത്തിലാണ് ഇത് ശക്തിപ്രാപിച്ചത്. യുകെയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനതത്തിന്റെ മാനേജിങ് പാർട്ണറാണ് ഫെബിൻ. സ്വന്തം നാട്ടിൽ പത്തും പതിനഞ്ചും വർഷം പ്രവർത്തിച്ച് പരിചയമുള്ള നഴ്സുമാരാണ് വിദേശത്തേക്ക് വരുന്നവരിലധികവും. ഭാഷയിൽ പ്രാവീണ്യമില്ലെന്ന പേരിൽ അവർക്ക് ജോലിക്ക് അവസരം ഇല്ലാതാകുന്നത് ശരിയല്ലെന്ന് ഫെബിൻ പറയുന്നു. ഡെയ്‌ലിമെയിൽ പത്രം വിഷയം വാർത്തയാക്കിപ്പോൾ ഫെബിന്റെ വിവരങ്ങൾകൂടി വെച്ചിരുന്നു. അങ്ങനെ ഒരു മലയാളി നേഴ്‌സ് ബ്രിട്ടണിൽ താരമായിരിക്കുകയാണ്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh