ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനല്‍ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍; മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി


ന്യൂയോര്‍ക്ക്: സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍. മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്' എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനത്തെ 'വാള്‍ട്ട് ഡിസ്‌നി കമ്പനി' ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഏറ്റെടുക്കല്‍ ഡിസ്‌നിയെ സഹായിക്കും.

സ്‌കൈ ചാനലില്‍ 39 ശതമാനം ഓഹരി പങ്കാളിത്തവും ഡിസ്‌നിക്ക് ലഭിക്കും. ഫോക്‌സ് ബിസിനസ്, ഫോക്‌സ് ന്യൂസ്, ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലുകള്‍ മര്‍ഡോക്കില്‍ തന്നെ തുടരും. ഫോക്‌സിന്റെ ചലച്ചിത്ര ടി.വി. സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടി.വി. ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക് തുടങ്ങിയവ ഡിസ്‌നിക്ക് സ്വന്തമാകും. സ്റ്റാര്‍ ചാനല്‍ ശൃംഖല അടക്കം ഇനി ഡിസ്‌നിയുടെ കീഴിലാകും. ഏറ്റെടുക്കല്‍ പൂര്‍ണമാകുന്നതോടെ സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി 69 ടിവി ചാനലുകളും ഡിസ്‌നിയുടെ കൈയിലെത്തും. ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് മാധ്യമവും ഡിസ്‌നിയുടേതാകും. ഡിസ്‌നിയുടെ പരിപാടികള്‍ ഇനി വൈകാതെ സ്റ്റാര്‍ ചാനലിലൂടെയും ഹോട്ട്സ്റ്റാറിലൂടെയും പ്രേക്ഷകരിലേക്ക് എത്തും.

ഇന്ത്യന്‍ സിനിമമേഖലയില്‍ സാന്നിധ്യം ശക്തമാക്കാനും ഡിസ്‌നിക്ക് പുതിയ ഇടപാടിലൂടെ കഴിയും. മുമ്പ് ഡിസ്‌നി അവരുടെ ഇന്ത്യയിലെ ഫിലിം സ്റ്റുഡിയോയായ യുടിവിയുടെ ബാനറിലായിരുന്നു സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ സമീപകാലത്ത് സിനിമ നിര്‍മ്മാണം കുറച്ച് ഇംഗ്ലീഷ് ചിത്രങ്ങളുടെ പ്രചാരണത്തിലേക്ക് പ്രവര്‍ത്തനം യുടിവി ചുരുക്കി. സ്റ്റാറിനെ കൂടി ഏറ്റെടുക്കുന്നതോടെ പ്രാദേശിക ഭാഷകളിലും സിനിമ നിര്‍മ്മാണത്തില്‍ ഡിസ്‌നി സജീവമാകും. ടി.വി. സ്റ്റേഷനുകളും ഫോക്‌സ് വാര്‍ത്താ ചാനലുകളും ഇടപാടിന് മുമ്പ് പ്രത്യേക കമ്പനിയാക്കി മാറ്റും.

പിതാവിന്റെ മരണത്തോടെ 21 ാം വയസ്സില്‍ പാരമ്പര്യമായി കിട്ടിയ ഓസ്‌ട്രേലിയ ദിനപത്രത്തിന്റെ ഉടമയില്‍ നിന്നാണ് റുപര്‍ട്ട് മര്‍ഡോക്ക് ലോകത്തെ ഏറ്റവും വലിയ മാധ്യമഭീമനായി വളര്‍ന്നത്. ഒന്നരവര്‍ഷം കൊണ്ടാകും കൈമാറ്റം പൂര്‍ണമാകുക. ഇത് പൂര്‍ണമാകുന്നതോടെ ഡിസ്‌നിയില്‍ 4.4 ശതമാനം ഓഹരി പങ്കാളിത്തമാകും മര്‍ഡോക്കിനുണ്ടാകുക

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh