ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ?

mithali raj 7b9ee

ഇത് ചോദിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. വാർത്താ സമ്മേളനത്തിൽ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ എന്ന ചോദ്യം ഉന്നയിച്ചത്. 
 
കളിക്കളത്തിൽ നേരിടുന്ന കടുത്ത വിവേചനം മടുത്താണ് മിതാലി രാജ് എന്ന വനിതാ ടീം ക്യാപ്ടൻ ജേർണലിസ്റ്റിനോട് ഈ ചോദ്യം ചോദിച്ചത്. പല പുരുഷ ക്രിക്കറ്റ് താരങ്ങളേയും നാണിപ്പിക്കും വിധം റെക്കോർഡുകൾ വാരിക്കൂട്ടിയിട്ടുളള താരങ്ങളാണ് ഇവരിൽ പലരും.
 
ഇംഗ്ലണ്ടിൽ വനിത ലോകകപ്പ് കളിക്കാനെത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ മിതാലി രാജിനോട് പതിവുപോലെ മാധ്യമപ്രവർത്തകർ ആ ചോദ്യം ചോദിച്ചു. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. രൂക്ഷമായിരുന്നു മിതാലിയുടെ മറുപടിയെന്ന് ഇഎസ്പിഎൻ ക്രിക്കറ്റ് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
 
നിങ്ങൾ ഈ ചോദ്യം ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് ചോദിക്കുമോ? അവരുടെ ഇഷ്ടപ്പെട്ട പെൺ ക്രിക്കറ്റ് താരം ആരെന്ന്? എന്നോട് എപ്പോഴും നിങ്ങൾ ചോദിക്കുന്നു ആരാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമെന്ന് എന്നാൽ ഒരിക്കൽ പോലും ഒരു പുരുഷതാരത്തോട് ഇഷ്ടപ്പെട്ട് വനിതാ താരം ആരെന്ന് നിങ്ങൾ ചോദിക്കുന്നില്ല' മിതാലിയുടെ മറുപടി ഇപ്രകാരമായിരുന്നു.
 
ലോകക്രിക്കറ്റിലെ വനിതാ വിഭാഗത്തിലെ സച്ചിൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒരാളാണ് മിതാലി.  17 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ നിറസാന്നിധ്യമായ ഇവർ ഏകദിനത്തിൽ 5781 റൺസ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 52.08 ആണ് ഇവരുടെ ബാറ്റിംഗ് ശരാശരി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് ഏകദിനത്തിൽ 49.41 മാത്രമാണ് ബാറ്റിംഗ് ശരാശരി എന്ന് ഓർക്കണം. വനിത ക്രിക്കറ്റ് 5000ത്തിന് മേൽ റൺസ് സ്‌കോർ ചെയ്യുന്ന രണ്ടാമത്തെ മാത്രം താരമാണ് മിതാലി രാജ്.
 
അങ്ങനെ ഏത് വഴിക്ക് നോക്കിയാലും പ്രമുഖതാരം തന്നെയാണ് മിതാലി. അങ്ങനെയുള്ള മിതാലിയോടാണ് ഈ ചോദ്യം ജേർണലിസ്റ്റ് ഉന്നയിച്ചത്. പിന്നെ മറുപടിയുടെ കാര്യത്തിൽ സംശയിക്കേണ്ട കാര്യമില്ലല്ലോ. 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh