ഇംഗ്ലണ്ടും പുറത്തേക്ക്‌; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

1403214435 1403214435 1403214435 1403214435 sp ch 10b9fബ്രസീലിയ: ലോകകപ്പ്‌ ഫുട്‌ബോളില്‍ യുറുഗ്വേയോട്‌ 2-1 ന്‌പരാജയപ്പെട്ട്‌ ഇംഗ്ലണ്ടും സ്‌പെയിനിനു പിന്നാലെ നോക്കൗട്ട്‌ കാണാതെ പുറത്തേക്ക്‌.

പരുക്കു മറന്നു കളത്തിലിറങ്ങിയ ലൂയി സുവാരസിന്റെ ഇരട്ടപ്രഹരമാണ്‌(39, 85 മിനിട്ടുകള്‍) ഗ്രൂപ്പ്‌ ഡിയില്‍ ആദ്യമത്സരം തോറ്റ യുറുഗ്വേയ്‌ക്ക് ജീവവായു പകര്‍ന്നത്‌. വെയ്‌ന്‍ റൂണി (75-ാം മിനിട്ട്‌) ഇംഗ്ലണ്ടിനായി ഒരുഗോള്‍ മടക്കി. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ്‌ സിയില്‍നിന്ന്‌ രണ്ടാം ജയവുമായി കൊളംബിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 2-1 ന്‌ ഐവറികോസ്‌റ്റിനെയാണ്‌ കൊളംബിയ പരാജയപ്പെടുത്തിയത്‌. ഹാമെസ്‌ റോഡ്രിഗസ്‌ (64-ാം മിനിട്ട്‌), യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ (70-ാം മിനിട്ട്‌) എന്നിവര്‍ കൊളംബിയന്‍ സ്‌കോറര്‍മാരായപ്പോള്‍ ഗെര്‍വീഞ്ഞോ (73-ാം മിനിട്ട്‌) ഐവറി കോസ്‌റ്റിന്റെ ആശ്വാസഗോള്‍നേടി.

ഇംഗ്ലണ്ട്‌-യുറുഗ്വേ പോരാട്ടത്തില്‍ ഇരുപക്ഷത്തിനും എതിരാളിയുടെ വലതുളയ്‌ക്കാന്‍ അവസരമേറെയുണ്ടായിരുന്നു. ഗോളി മുസ്‌ലേരയുടെ മിന്നുന്നഫോം യുറുഗ്വേയുടെ പ്രകടനത്തില്‍ നിര്‍ണായകമായി. 10, 31, 53 മിനിട്ടുകളില്‍ വെയ്‌ന്‍ റൂണിക്ക്‌ നിര്‍ഭാഗ്യവും ഗോള്‍പോസ്‌റ്റും മുസ്‌ലേരയും ഗോള്‍നേടുന്നതിന്‌ വിലങ്ങുതടിയായി. കൊളംബിയ-ഐവറികോസ്‌റ്റ് മത്സരത്തില്‍ ചടുലമെങ്കിലും ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 64-ാം മിനിട്ടില്‍ ഹാമെസ്‌ റോഡ്രിഗസിലൂടെ കൊളംബിയ ആദ്യം അക്കൗണ്ട്‌ തുറന്നു. ക്വാഡ്രോഡോയെടുത്ത കോര്‍ണര്‍കിക്ക്‌ ബുള്ളറ്റ്‌ ഹെഡറിലൂടെ റോഡ്രിഗസ്‌ ഐവറികോസ്‌റ്റ് വലയ്‌ക്കുള്ളിലേക്കു ചെത്തിയിറക്കുകയായിരുന്നു. ആറു മിനിട്ടിനുള്ളില്‍ കൊളംബിയ ലീഡുയര്‍ത്തി. ഇത്തവണ പകരക്കാരന്‍ യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോയാണ്‌ അവരുടെ വീരനായകനായത്‌. ഐവറിതാരങ്ങളില്‍നിന്ന്‌ തട്ടിയെടുത്ത പന്തുമായി കുതിച്ച തിയോഫിലോ ഗുട്ടെറസിന്റെ മിന്നല്‍ നീക്കത്തിനൊടുവില്‍ ക്വിന്റെറോ ലക്ഷ്യം കണ്ടതോടെ കൊളംബിയന്‍ താരങ്ങള്‍ മൈതാനത്ത്‌ നൃത്തംചവിട്ടി. സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്‌ബ പകരക്കാരനായി കളത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഐവറി കോസ്‌റ്റ് രണ്ടു ഗോളുകളും വഴങ്ങിയത്‌. എന്നാല്‍ തുടരെ സമ്മര്‍ദം ചെലുത്തിയ ഐവറികോസ്‌റ്റ് 73-ാം മിനിട്ടില്‍ ഒരുഗോള്‍ തിരിച്ചടിച്ചു. ഗെര്‍വീഞ്ഞോയുടെ പന്തടക്കവും ഫിനിഷിംഗ്‌ പാടവവുമാണ്‌ അവരുടെ ആദ്യഗോളിനു വഴിതുറന്നത്‌. കൊളംബിയന്‍ പെനാല്‍റ്റിബോക്‌സിനുള്ളില്‍ പ്രതിരോധഭടന്‍മാരെ ഒന്നൊന്നായി വകഞ്ഞുമാറ്റി ഗെര്‍വീഞ്ഞോ നേടിയ ഗോള്‍ ഈ ലോകകപ്പിലെ സുന്ദരമുഹൂര്‍ത്തങ്ങളിലൊന്നാണ്‌ കാണികള്‍ക്കു സമ്മാനിച്ചത്‌. തുടര്‍ന്നും ആക്രമണങ്ങളുടെ കെട്ടഴിച്ച ഇരുടീമുകള്‍ക്കും വലചലിപ്പിക്കാന്‍മാത്രം കഴിഞ്ഞില്ല. ഇന്‍ജുറിടൈമില്‍ ഐവറികോസ്‌റ്റ് ദിദിയര്‍ ദ്രോഗ്‌ബയുട നേതൃത്വത്തില്‍ അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളിയുടെ മികവ്‌ സമനിലയ്‌ക്കു തടസമായി. ആദ്യമത്സരത്തില്‍ മുഴുവന്‍ പോയിന്റും നേടിയ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ഐവറി കോസ്‌റ്റിന്റെ മുന്നേറ്റത്തോടെയാണ്‌ തുടങ്ങിയതെങ്കിലും അന്തിമവിജയം കൊളംബിയയ്‌ക്കൊപ്പമായി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh