സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത

smart phone ab67f

ദേഷ്യം വരുമ്പോള്‍ ഫോണ്‍ എറിഞ്ഞുടക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിപ്പോ ആരോടുള്ള പ്രശ്നമാണെങ്കിലും തീര്‍ക്കുന്നത് ഫോണിനോടാകും. ഫോണിന് ഇതുവല്ലതും അറിയുമോ. എറിയേണ്ട താമസം നൂറുകണക്കിന് കഷണങ്ങളായി ചില്ല് മുഴുവന്‍ ഉടഞ്ഞ് സ്ക്രീന്‍ കേടാവുകയും ചെയ്യും. ദേഷ്യമൊട്ടു മാറുകയുമില്ല, ഫോണ്‍ നന്നാക്കാന്‍ കയ്യീന്ന് കാശ് പോവുകയും ചെയ്യും. ഏതായാലും ഇതിനുള്ള പരിഹാരമാണ് ക്വീന്‍സ് സര്‍വകലാശാലയിലെ ടെക്നോളജി വിദഗ്ധര്‍ വികസിപ്പിച്ചെടുത്തത്.
 
പുതിയ കണ്ടുപിടുത്തം ഫോണ്‍ തല്ലിപ്പൊട്ടിക്കുന്നവരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ക്വീന്‍സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും അന്താരാഷ്ട്രതലത്തിലെ വിദഗ്ധരടങ്ങുന്ന സംഘവുമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്. നിലവില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഭൂരിഭാഗം ഭാഗവും സിലിക്കോണ്‍ പോലെയുള്ള മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. വില കൂടുതലും പെട്ടെന്ന് പൊട്ടാന്‍ സാധ്യതയുണ്ടെന്നതുമാണ് ഇതിന്‍റെ പ്രശ്നം. 
 
കഴിഞ്ഞ വര്‍ഷം മാത്രം 1.5 ബില്ല്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് ആഗോളതലത്തില്‍ ആളുകള്‍ വാങ്ങിയത്. അതുകൊണ്ട് തന്നെ കൂടുതല്‍ കാലം നില്‍ക്കുന്നതും, വില കുറഞ്ഞതുമായ മെറ്റീരിയല്‍ ഉപയോഗിക്കാന്‍ ഫോണ്‍ നിര്‍മാതാക്കളും താല്‍പര്യപ്പെടും. ക്വീന്‍സിലെ  ഗണിത-ഭൌതികശാസ്ത്രം വിഭാഗം പ്രൊഫസറായ എല്‍ട്ടണ്‍  സാന്‍റോസിന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്.  തീര്‍ത്തും ഭാരമം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ ഹൈബ്രിഡ് ഡിവൈസുകളാണ് ഇതിനായി നിര്‍മിക്കുന്നത്. 
 
സിലിക്കണ് സമാനമായ പ്രോപ്പര്‍ട്ടികളുള്ള മെറ്റീരിയലാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സിലിക്കണിനേക്കാള്‍ കെമിക്കല്‍ സ്ഥിരതയും ഭാരക്കുറവും ഇതിനുണ്ട്. സ്മാര്‍ട്ട്‌ ഫോണുകള്‍ പെട്ടെന്ന് പൊട്ടാതിരിക്കാനുള്ള കഴിവുകളൊക്കെയുള്ള പദാര്‍ഥമാണിതെന്നര്‍ഥം. ഇത് കൂടാതെ വളരെ കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കാനും ഇതിന് സാധിക്കും. അതായത് ബാറ്ററി ചാര്‍ജ് കത്തിപ്പോകുന്നു എന്ന പേടിയും വേണ്ട. ഇലക്ട്രിക്‌ ഷോക്കുകള്‍ തടയാനും ഇതിന് സാധിക്കും.
 
ലോകത്താകെയുള്ള കെമിസ്ട്രി, ഫിഫിക്സ്, മെറ്റീരിയല്‍ സയന്‍സ്, മേഖലകളിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞന്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് മെച്ചപ്പെട്ട റിസള്‍ട്ട് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വികസിപ്പിച്ചെടുത്ത മെറ്റീരിയല്‍ ചെലവ് കുറഞ്ഞതാണെന്നും ഈടുനില്‍ക്കുന്നതാണെന്നും നിര്‍മാതാക്കളെ വിശ്വസിപ്പിക്കുക എന്നതാണ് അടുത്ത പടി. ഏതായാലും ഫോണ്‍ കമ്പനിക്കാര്‍ സമ്മതം മൂളുകയാണെങ്കില്‍ പ്രധാനപ്പെട്ട ഒരു കണ്ടെത്തല്‍ തന്നെയാകുമിത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh