സൈബര്‍ ആക്രമണത്തില്‍ എച്ച്.എസ്.ഇ.യുടെ സ്ഥാപനവും കുടുങ്ങി

cyberthreat f1aaf

ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തില്‍ അയര്‍ലണ്ടിലെ സ്ഥാപനങ്ങളും കുടുങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. സംഭവത്തില്‍ എന്‍.എച്ച്.എസ്. ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ സൈറ്റുകളില്‍ ആക്രമണം നടന്നിരുന്നു. 99 രാജ്യങ്ങളില്‍ നടന്ന ആക്രമണം അയര്‍ലണ്ടിനെയും ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരങ്ങള്‍ പറയുന്നത്.
 
എച്ച്.എസ്.ഇ.യുടെ കീഴിലുള്ള വെക്സ്ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രമാണ് സൈബര്‍ അറ്റാക്ക് ബാധിച്ച അയര്‍ലണ്ടിലെ സ്ഥാപനം. അറ്റാക്കില്‍ നിന്നും ലോകത്തെ തന്നെ രക്ഷിച്ച ടെക്ക് എക്സ്പേര്‍ട്ടാണ് അയര്‍ലണ്ടും അറ്റാക്ക് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് വെളിപ്പെടുത്തിയത്.
 
നൂറോളം രാജ്യങ്ങള്‍ ഈ വൈറസിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. വെക്സ്ഫോര്‍ഡ് കൂടാതെ അയര്‍ലണ്ടിലെ മറ്റു പല സ്ഥാപനങ്ങളെയും ആക്രമണത്തിനു ലക്ഷ്യമാക്കിയിരുന്നു എന്നാണ് വാര്‍ത്താവിനിമയ വകുപ്പ് പറഞ്ഞത്. സൈബര്‍ അറ്റാക്ക് ഇപ്പോഴും പൂര്‍ണമായില്ലെങ്കിലും അതിനെ തടയാനുള്ള നടപടികള്‍ എടുത്തുകൊണ്ടിരിക്കയാണെന്നും വകുപ്പ് അറിയിച്ചു.
 
എച്ച്.എസ്.ഇ. ഫണ്ട് ചെയ്യുന്ന വെക്സ്ഫോര്‍ഡിലെ ചെറിയൊരു ഹെല്‍ത്ത് സെന്‍ററാണ് ആക്രമണത്തിന് വിധേയമായത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇതിനെ ചെറുക്കാന്‍ കഴിഞ്ഞത് കൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. അറ്റാക്ക് ബാധിച്ച ഹാര്‍ഡ്‌വെയര്‍ സിസ്റ്റത്തില്‍ നിന്നും നീക്കം ചെയ്തതോടെയാണ് പ്രശ്നം രൂക്ഷമാകാതെ പോയത്.
 
ഇതിനിടയില്‍ അറ്റാക്ക് ഉണ്ടാകാതിരിക്കാനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് എച്ച്.എസ്.ഇ. എടുക്കുന്നത്. അടുത്ത ആഴ്ച വരെ സിസ്റ്റം സുരക്ഷിതമായിരിക്കാനുള്ള എല്ലാ ശ്രമങ്ങളുമുണ്ടാകുമെന്ന് എച്ച്.എസ്.ഇ. അറിയിച്ചു. 
 
22-കാരനായ മാല്‍വെയര്‍ ടെക്ക് എന്നറിയപ്പെടുന്ന റിസേര്‍ച്ച് സ്കോളറാണ് വൈറസിന്‍റെ വ്യാപനം തടയാന്‍ സഹായിച്ചത്. യു.കെ.യില്‍ താമസമാക്കിയ പേരു വെളിപ്പെടുത്താത്ത ഈ വ്യക്തി ഇന്‍റര്‍നെറ്റില്‍ ഇതിനകം തന്നെ ഹീറോയാണ്. ഏതായാലും അപകടങ്ങള്‍ സംഭാവിക്കതിരിക്കാനുള്ള ശ്രമത്തിലാണ് എച്ച്.എസ്.ഇ. യും ഐറിഷ് ഗവണ്മെന്റും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh