കുവൈറ്റില്‍ കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം

കുവൈറ്റില്‍ കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം.ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് കുവൈത്ത് സുപ്രീംകോടതിയുടെ വിധി. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. പരോള്‍ നല്‍കരുതെന്ന വ്യവസ്ഥയോടെയാണ് കഠിന തടവ് വിധിച്ചത്.
 
യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ ഫ്‌ലാറ്റിന് തീകൊളുത്തുകയും ചെയ്തുവെന്നാണ് കേസ്. 2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണ് സംഭവം. പാക്സ്ഥാന്‍ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
 
തീപിടിത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹത്തില്‍നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുന്‍പ് യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളില്‍ എത്തിച്ചത്.
 
കുവൈത്തില്‍ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശക്ക് പണം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണ് കൊലപാതകവും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്‌ലാറ്റിന് തീയിട്ടു എന്നവുമാണ് പ്രോസിക്യൂഷന്‍ കേസ്.
 
അതേസമയം കൊല നടത്തിയതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാല്‍, കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോള്‍ അനുവദിക്കരുത് എന്ന പരാമര്‍ശത്തോടെയാണ് സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh