ചൂഷണത്തിനെതിരേ മാലാഖമാര്‍ക്ക് പിന്നില്‍ നമുക്കും അണിനിരക്കാം, യുഎന്‍എയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കൂ….

മാന്യമായ വേതനം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സമരങ്ങള്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്്‌മെന്റും ഗവണ്‍മെന്റും കണ്ടില്ലെന്ന് നടിയ്ക്കുന്നതിനെതിരേ യുഎന്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുക്മ നഴ്‌സസ് ഫോറവും രംഗത്ത്. നീതിയ്ക്ക് വേണ്ടി സമരരംഗത്തിറങ്ങിയ കേരളത്തിലെ നഴ്‌സുമാരുടെ ആവശ്യങ്ങളിന്മേല്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുക്മ നഴ്‌സസ് ഫോറം ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചു.

കാലങ്ങളായി നഴ്‌സുമാരെ ചൂഷണത്തിന് വിധേയരാക്കി തടിച്ചുകൊഴുത്ത സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യം ഇനിയും അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പരസ്യമായി സമരം പ്രഖ്യാപിച്ചത്. 2016 ജനുവരി 29 ന് ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ ചൂഷണത്തിന് വിധേയരാകുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ കേരളാ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവില്‍ നഴ്‌സുമാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളവും അലവന്‍സും ചെലവ് റോക്കറ്റ് കണക്കെ കുതിച്ചുയരുന്ന ഈ കാലഘട്ടത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ ഉതകുന്നതല്ല.

കേരളത്തില്‍ കൂലിപ്പണി ചെയ്യുന്ന ഒരാള്‍ക്ക് ദിവസക്കൂലിയായി 700 മുതല്‍ 1000 രൂപ വരെ ലഭിക്കുമ്പോഴാണ് വിദ്യാഭ്യാസ ലോണെടുത്ത് നാല് വര്‍ഷത്തോളം പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചെത്തുന്ന നഴ്‌സുമാര്‍ക്ക് 300-400 രൂപ ദിവസശമ്പളം ലഭിക്കുന്നത്. ആരോഗ്യസേവനങ്ങള്‍ ഏറെ സുപ്രധാനമായ ഒരു കാലഘട്ടത്തില്‍ എങ്ങനയാണ് ഇത്രയും കുറഞ്ഞ ശമ്പളത്തിന് മെച്ചപ്പെട്ട ആരോഗ്യപരിചരണം ആശുപത്രികള്‍ ഉറപ്പുവരുത്തുന്നത്. വിദ്യാഭ്യാസ ലോണെടുത്തും മറ്റും പഠിച്ചിറങ്ങുന്ന നഴ്‌സുമാരുടെ വീടുകൡലെ നിസ്സഹായാവസ്ഥ മുതലെടുക്കുന്ന നടപടികളാണ് പല സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും സ്വീകരിക്കുന്നത്. പലപ്പോഴും നഴ്‌സുമാരുടെ സേവനത്തെ വിലകുറച്ച് കാണുന്ന സമീപനമാണ് നാം സ്വീകരിക്കാറുള്ളത്. ഈ സമീപനം മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും ഗവണ്‍മെന്റ് അധികൃതരും കേരളത്തിലെ നഴ്‌സുമാര്‍ക്ക് നീതി ലഭ്യമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നഴ്‌സുമാരുടെ കഠിനാദ്ധ്വാനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കുന്നതില്‍ മാനേജ്‌മെന്റുകള്‍ക്കൊപ്പം ഒളിച്ചുകളിക്കുന്ന ഗവണ്‍മെന്റ് നിലപാടുകളും തിരുത്തപ്പെടേണ്ടതാണ് എന്നതില്‍ യുക്മ നഴ്‌സസ് ഫോറത്തിന് സംശയമൊന്നുമില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ നഴ്‌സുമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ യുക്മ നഴ്‌സസ് ഫോറം ആരംഭിച്ചിരിക്കുന്നത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ചിരിക്കുന്ന എല്ലാ ആവശ്യങ്ങളും ന്യായമാണ് എന്നിരിക്കേ യുഎന്‍എഫ് (യുകെ) യുഎന്‍എ കേരളത്തിലെ നഴ്‌സുമാരുടെ നിലനില്‍പ്പിനായി നടത്തിവരുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുകയാണ്.

പതിനായിരക്കണക്കിന് ജീവനുകളെ രക്ഷിക്കുന്ന ഭൂമിയിലെ മാലാഖമാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അവര്‍ അര്‍ഹിക്കുന്ന വേതനവും ആനൂകൂല്യങ്ങളും ഉറപ്പാക്കാന്‍ കേരളാ ഗവണ്‍മെന്റും ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയും തയ്യാറാകണമെന്ന് യുക്മ നഴ്‌സസ് ഫോറം ആവശ്യപ്പെടുകയാണ്.

നഴ്‌സുമാരുടെ ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിയ്ക്കുന്നതായി യുഎന്‍എഫ് കോഡിനേറ്ററും യുക്മ ദേശീയ ജോയന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി അറിയിച്ചു. യുഎന്‍ഫ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചുകൊണ്ട് കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് ഉയര്‍ത്തികൊണ്ടുവരണമെന്ന് യുഎന്‍എഫ് ഭാരവാഹികളായ പ്രസിഡന്‍് ബിന്നി മനോജ്, സെക്രട്ടറി അലക്‌സ് ലൂകോസ്, ്ട്രഷറര്‍ ദേവലാല്‍ സഹദേവന്‍, വൈസ് പ്രസിഡന്റുമാരായ മനു സക്കറിയ, തോമസ് ജോണ്‍, ജോയന്റ് സെക്രട്ടറി മാരായ ജോജി സെബാസ്റ്റിയന്‍, ബിന്ദു പോള്‍സണ്‍, നാഷണല്‍ ട്രയിനിംഗ് ഇന്‍ ചാര്‍ജ്ജ് സുനിത സുനില്‍ രാജന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

യുഎന്‍എഫ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെയ്ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Public Relations Officer
Union of United Kingdom Malayalee Associations

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh