'യുക്മ സ്റ്റാർ സിംഗർ 3' യുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു : ഇത്തവണ യു കെ യുടെ അതിർത്തികൾ കടന്നും അപേക്ഷകർ - ഒഡിഷനുള്ള അപേക്ഷകർ കൂടുതലായാൽ അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തേയാക്കും

image 1 a88a7പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാർ സിംഗറിന്റെ മൂന്നാം പരമ്പരയുടെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് പരമ്പരകൾ ചെലുത്തിയ സ്വാധീനവും ഇത്തവണത്തെ പ്രചാരണ പരിപാടികളുടെ പ്രത്യേകതകളും കൊണ്ട് നിരവധി ഗായകർ ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണത്തേതിന് സമാനമായി ഗർഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാർ സിംഗർ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക. "ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ : 3" എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ ഒഡിഷനിലേക്ക് പതിനാറ് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കുവാൻ അവസരമുള്ളത് . പ്രധാനമായും യു കെ മലയാളി ഗായകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നതെങ്കിലും, ഇത്തവണ ഇതര യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുവരെ മത്സരാർത്ഥികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജൂലൈ പതിനഞ്ച് വരെ അപേക്ഷിക്കുവാൻ അവസരം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നപക്ഷം അപേക്ഷിക്കുവാനുള്ള അവസാന തീയതി നേരത്തേയാക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ അവസാന തീയതിയിലേക്ക് കാത്തുനിൽക്കാതെ, പങ്കെടുക്കുവാൻ താല്പര്യമുള്ള ഗായകർ എത്രയുംവേഗം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നവർ തങ്ങളുടെ പൂർണ്ണമായ പേരും മേൽവിലാസവും ഫോൺ നമ്പർ, വയസ്സ്, ജനനതീയതി എന്നീ വിവരങ്ങൾ സഹിതം ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന ഇ- മെയിൽ വിലാസത്തിലേക്ക് എത്രയും വേഗം അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ പുതിയ പ്രതിഭകൾക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ആദ്യ രണ്ട് പരമ്പരകളിലും ഗ്രാൻഡ് ഫിനാലെയിൽ എത്തിയവർ ഒഡിഷന് അപേക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഒഡിഷനിൽ തെരഞ്ഞെടുക്കപ്പെടുന്നവർ, യു കെ യുടെ മൂന്ന് വ്യത്യസ്തമായ സ്ഥലങ്ങളിൽ ഒരുക്കുന്ന വേദികളിൽ, ക്ഷണിക്കപ്പെട്ട പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ, പുതുമയാർന്ന വിവിധ റൗണ്ടുകളിലൂടെ മത്സരിച്ചു വിജയിച്ചതാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തേണ്ടത്. സെപ്റ്റംബർ രണ്ട് ശനിയാഴ്ചയാണ് ഒഡിഷൻ നടത്തുവാൻ ഉദ്ദേശിക്കുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് വൈസ് ചെയർമാനും സജീഷ് ടോം ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്ററും ജോമോൻ കുന്നേൽ മീഡിയ കോ-ഓർഡിനേറ്ററും ഗർഷോം ടി വി മാനേജിങ് ഡയറക്ടർ ബിനു ജോർജ് പ്രോഗ്രാം പ്രൊഡ്യൂസറുമായുള്ള സമിതി ആയിരിക്കും "ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ : 3" നിയന്ത്രിക്കുക. പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ് സ്റ്റാർ സിംഗർ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത. ഉദ്ഘാടനം മുതൽ ഗ്രാൻഡ് ഫിനാലെ വരെ എട്ട് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഒഡിഷൻ മുതൽ എല്ലാ ഗാനങ്ങളും ഗർഷോം ടി വി സംപ്രക്ഷേപണം ചെയ്യുന്നതായിരിക്കും.

സജീഷ് ടോം (യുക്മ പി.ആർ.ഒ.)

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh