തെയ്യം തിറയാടിയ മാഞ്ചസ്റ്റർ നഗരം; മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് അഭിമാന മുഹൂർത്തം.

IMG 6440 abc13

കഴിഞ്ഞ മാസം നടന്ന ചാവേർ ഭീകര അക്രമണങ്ങൾ മാഞ്ചസ്റ്റിന്റെ ഹൃദയത്തിനേല്പിച്ച മുറിവുകളിൽ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ ചരിത്രമുറങ്ങുന്ന മാഞ്ചസ്റ്റർ നഗരം. ആ നഗര വീഥികൾക്കിരുവശവും തടിച്ചുകൂടിയ ലക്ഷക്കണക്കിന് തദ്ദേശീയരും, വിദേശികളുമായ ലക്ഷക്കണക്കിന് ജനസഞ്ചയത്തെ സാക്ഷിയാക്കി കേരളത്തിന്റെ; മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ...
 
IMG 6442 39c47

യു കെ യിലെ മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളാണ് ഇന്നലെ മാഞ്ചസ്റ്ററിൽ കാണാൻ കഴിഞ്ഞത്. ഭരതനാട്യവും, ഗജവീരനും, പഞ്ചാരിമേളവും അകമ്പടിയായി ഒരു ഡസനോളം ഉണ്ണിയാർച്ചമാരും ആരോമൽ ചേകവൻമാരും തമ്മിൽ അങ്കം വെട്ടി ഒരു ലക്ഷത്തോളം വരുന്ന കണികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. കരിചാമുണ്ടിയുടെ കൂറ്റൻ തെയ്യവും, തീവെട്ടിയും ഉൾപ്പെടുന്ന മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ പരേഡിൽ നടന്ന് നീങ്ങിയപ്പോൾ മാഞ്ചസ്റ്ററിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പുനരാവിഷകാരമാവുകയായിരുന്നു.
 
IMG 6441 52a44

കേരള വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എട്ടാമത് മാഞ്ചസ്റ്റർ പരേഡിന്റെ ഭാഗമായത്. ആയുർവേദം ഒരു ശാസ്ത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്റെ ഭാഗമായത്.
 
IMG 6436 996d7

മാജിക് എന്നതായിരുന്നു ഈ വർഷത്തെ പരേഡിന്റെ പ്രതിപാദ്യ വിഷയം. കേരളത്തിന്റെ സാംസ്കാരിക മായാജാലത്തെ അടിസ്ഥാനമാക്കി ഉത്തര മലബാറിലെ ക്ഷേത്രകലയായ തെയ്യത്തിന്റെ മാസ്മരികതയായിരുന്നു പരേഡിലെ മുഖ്യ ആകർഷണം. ലോക അയോധന കലകളുടെ മാതാവെന്നറിയപ്പെടുന്ന കളരിപ്പയറ്റ്, ദക്ഷിണേന്ത്യൻ കലാരൂപമായ ഭരതനാട്യം, കേരളത്തിന്റെ പ്രൗഡി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, കണ്ണിനും കാതിനും ഇമ്പമേകുന്ന ശിങ്കാരിമേളം എന്നിവ വർണശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്.

നൂറ്റമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരന്ന് കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകം തദ്ദേശീയരുടെ മുമ്പാകെ അവതരിപ്പിക്കുവാൻ എം.എം.എയ്ക്ക് കേരള വിനോദ സഞ്ചാര വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിരുന്നു.
 
IMG 6444 93113

മാഞ്ചസ്റ്റർ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന്  "We Love Manchester" എന്ന പ്ലക്കാർഡ് കൈയ്യിലേന്തിയാണ് മാഞ്ചസ്റ്ററിനോടും രാജ്യത്തോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻവർഷങ്ങളെക്കാൾ കൂടുതൽ കാണികൾ രണ്ട് കിലോമീറ്റർ നീളുന്ന നഗരവീഥിയിൽ തടിച്ച് കൂടിയത്. ആനയുടെ തിടമ്പിലും മുഖത്തും We Love Manchester എന്ന് ആലേഖനം ചെയ്താണ് മലയാളികൾ തങ്ങളുടെ രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടിച്ചിച്ചത്.
 
IMG 6433 48c6f

സാംസ്കാരിക വൈവിധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികൾക്ക് മുമ്പാകെ കേരളത്തിന്റെ സാംസ്കാരിക തനിമ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് എം.എം.എ പ്രസിഡന്റ് ജനേഷ് നായർ അഭിപ്രായപ്പെട്ടു.
 
അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ;  ഇത്തരമൊരു സന്ദർഭത്തിലാണ് നാം ജീവിക്കുന്ന സമൂഹത്തോടുള്ള  പ്രതിബദ്ധത തെളിയിക്കുവാൻ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യൻ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റർ പരേഡിൽ എം. എം .എ യുടെ സാന്നിധ്യം വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും അനീഷ് കുര്യൻ നന്ദി അറിയിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh