ടൊവിനോയുടെ അവതാരപ്പിറവി കല്‍ക്കി മൂവി റിവ്യൂ

ശക്തമായ പൊലീസ് കഥാപാത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ പഞ്ഞമില്ല. നമ്മുടെ സൂപ്പര്‍ താരങ്ങളെ വളര്‍ത്തിയതില്‍ തീപ്പൊരി പൊലീസ് കഥാപാത്രങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അത്തരമൊരു സിനിമയൊരുക്കാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ചേരുവകളൊക്കെ തെലുംഗ്തമിഴ് സിനിമകളിലെ സൂപ്പര്‍താര ചിത്രങ്ങളോട് സാമ്യമുള്ളവയാണ്. നഞ്ചങ്കോട്ട എന്ന ഗ്രാമത്തില്‍ തമിഴ് വംശജകര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലാണെങ്കിലും വലിയൊരു തമിഴ് സമൂഹത്തിന്റെ ജന്മനാടാണ് ഇവിടം. എന്നാല്‍ ഒരു പാര്‍ട്ടി ഈ സമൂഹത്തിന് മൊത്തമായി ഊരുവിലക്ക് കല്‍പിക്കുന്നിടത്താണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഡി.വൈ.പി എന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരാജകത്വം അരങ്ങ് വാഴുകയാണ് ഇവിടെ. പാര്‍ട്ടിയുടെ അമരക്കാരനായ അമര്‍ എന്ന വ്യക്തിയ്ക്ക് എതിരെ ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും ധൈര്യമില്ല. ഉയര്‍ന്ന ശബ്ദങ്ങളൊക്കെ അയാള്‍ അടിച്ചമര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിയും അമറും നടത്തുന്ന അരുംകൊലകള്‍ തട്ടി ചോദിക്കാന്‍ ഒരു സംവിധാനവും ഇല്ല. പൊലീസിന് പോലും ഇവിടെ അധികാരം ഇല്ല. പുരാണങ്ങളില്‍ കലിയുഗത്തില്‍ നടക്കുമെന്ന് പറയുന്ന അരക്ഷിതാവസ്തയ്ക്ക് ഉത്തമ ഉദാഹരണമായി കഴിഞ്ഞ നഞ്ചങ്കോട്ടയിലേക്ക് അവതാരപ്പിറവി പോലെ വരുന്ന പൊലീസുകാരനാണ് കല്‍ക്കി. ഇന്നേവരെ നാഥനില്ലാതെ കിടന്ന ഇവിടേക്ക് അയാളുടെ നേതൃത്തില്‍ ദുഷ്ടകഥാപാത്രങ്ങള്‍ ഒരോന്നായി തച്ചുടയ്ക്കപ്പെടുന്നു. കല്‍ക്കിയുടെ കഥാപാത്രത്തിന്റെ രംഗപ്രവേശം തൊട്ട് സിനിമയുടെ അവസാനം വരെ സംഘട്ടനങ്ങളുടെ പഞ്ച് ഡയലോഗുകളുടെയും ഘോഷയാത്രയാണ്. അമാനുഷികനായ നായകന്മാരുടെ സിനിമകളില്‍ സ്ഥിരം പ്രതീക്ഷിയ്ക്കാവുന്നതൊക്കെ തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. അതിശക്തനായ വില്ലന്റെ അനുയായികളില്‍ ഒരോന്നായി നായകന്‍ തന്റെ രീതിക്ക് നശിപ്പിക്കുമ്പോള്‍ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രവചിക്കാവുന്നതേയുള്ളു.

നഞ്ചങ്കോട്ടയിലെ രാഷ്ട്രീയത്തില്‍ പേര് മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും അതില്‍ പറയുന്ന രാഷ്ട്രീയവും രീതികളും വാര്‍ത്തകളില്‍ നിന്ന് നമുക്ക് കേട്ടറിവുള്ളവയാണ്. ശക്തമായ ഒരു കഥയുടെ അടിസ്ഥാനമില്ലാത്ത 'കല്‍ക്കി'യില്‍ ഹീറോയിസത്തിന്റെ അതിപ്രസരമാണ്.മലയാള സിനിമയില്‍ ഏറ്റവും തിരക്കുള്ള യുവനടന്‍ ഒരുപക്ഷെ ടൊവിനോയായിരിക്കും. കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം നായകനായ നിരവധി സിനിമകളാണ് വെള്ളിത്തിരയിലെത്തിയത്. ഏറെയും പ്രേക്ഷക പ്രശംസ നേടിയവ. കല്‍ക്കിയിലും മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെത്. നായകന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ നെടുംതുണ്‍. പഞ്ച് ഡയലോഗായാലും സംഘട്ടനമായാലും ടൊവിനോ തകര്‍ത്തു എന്ന് തീര്‍ത്തും പറയാം. നായികാകഥാപാത്രമില്ലാത്ത ചിത്രത്തില്‍ സംയുക്ത മേനോന്‍ അവതരിപ്പിക്കുന്നത് നെഗറ്റീവ് സ്പര്‍ശമുള്ള കഥാപാത്രമാണ്. ശിവജിത്ത് പദ്മനാഭന്‍ അവതരിപ്പിക്കുന്ന അമര്‍ എന്ന് കഥാപാത്രമാണ് കല്‍ക്കിയുടെ പ്രധാന എതിരാളി. സൈജു കുറുപ്പ്,? സുദീഷ്,? കെ.പി.എ.സി ലളിത,? അപര്‍ണ നായര്‍,? വിനി വിശ്വ ലാല്‍,? ഹരീഷ് ഉത്തമന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജേക്‌സ് ബിജോയ് തൊട്ടതെല്ലാം പൊന്നാക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. കല്‍ക്കി തീം സോംഗ് പ്രൊമോ വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ അഭിനന്ദിക്കാതെ വയ്യ. ചിത്രത്തിന് മാസ് ഫീല്‍ നല്‍കുന്നതില്‍ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഗൗതം ശങ്കറിന്റെ ഛായാഗ്രാഹണവും മികച്ചതാണ്.തന്റെ ആദ്യ സിനിമയിലൂടെ നവാഗത സംവിധായകന്‍ പ്രവീണ്‍ പ്രഭാറാം തയ്യാറാക്കിയിരിക്കുന്നത് യുവാക്കളെ ലക്ഷ്യമാക്കി ഒരു മാസ് സിനിമയാണ്. എന്നാല്‍ ഇന്നേവരെ നമ്മള്‍ കണ്ട് പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി 'കല്‍ക്കി'യില്‍ പ്രത്യേകതകള്‍ ഒന്നുമില്ല. എങ്കിലും അമാനുഷിക നായകന്മാരുടെ സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക് ടൊവിനോയുടെ ഈ അവതാരപ്പിറവി ഒരു തവണ കണ്ടിരിക്കാവുന്നതാണ്.
https://www.youtube.com/watch?time_continue=8&v=mETqt6DRNpM

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh