ദേഹാസ്വാസ്ഥ്യം: നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ട് ചാലക്കുടി വാളൂരിലെ ലൊക്കേഷനില്‍ വച്ചാണ് ചാര്‍മിളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ചാര്‍മിളയെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ചാര്‍മിള ആശുപത്രിയില്‍ നിന്നും മടങ്ങിയത്. നിതീഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ഒരു പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. പ്രശസ്ത തെന്നിന്ത്യന്‍ നടിയായ ചാര്‍മിള 1991ല്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ നാല്‍പ്പതോളം മലയാള സിനിമകളിലും ചാര്‍മിള അഭിനയിച്ചു. ഇടയ്ക്ക് മലയാള സിനിമയില്‍ നിന്നും വിട്ടുനിന്ന ചാര്‍മിള അടുത്തിടെയാണ് വീണ്ടും സജീവമായത്. അതിനിടെ ചില വിവാദ വെളിപ്പെടുത്തലുകളിലൂടെയും ചാര്‍മിള വാര്‍ത്തകളിലിടം നേടി. മലയാള സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ ചാര്‍മിള വ്യക്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ നിന്നുമാത്രമേ മോശം അനുഭവം ഉണ്ടായിട്ടുള്ളുവെന്നും അവര്‍ പറഞ്ഞിരുന്നു. ചാര്‍മിളയുടെ വിവാദ വെളിപ്പെടുത്തലുകള്‍ മലയാള സിനിമാ ലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh