പോത്തേട്ടൻസ് ബ്രില്യൻസ്; തൊണ്ടിമുതലിനെ പുകഴ്ത്തി സോഷ്യൽ മീഡിയ

thondimuthalum dhriksakshiyum dd93c

നവമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ പോത്തേട്ടൻസ് ബ്രില്യൻസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നുവെച്ചാൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ ഷോട്ടുകളെക്കുറിച്ചും മേക്കിങ്ങിലെ പ്രത്യേകത കൊണ്ടുമാണ് പോത്തേട്ടൻസ് ബ്രില്യൻസ് എന്ന പേരിട്ട് വിളിക്കുന്നത്. നവമാധ്യമങ്ങളാണ് ദിലീഷ് പോത്തന്റെ ബുദ്ധിശേഷിയെ പോത്തേട്ടൻസ് ബ്രില്യൻസ് എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങിയത്.
 
ആദ്യചിത്രത്തിൽ തന്നെ പോത്തേട്ടൻസ് ബ്രില്യൻസ് തുടങ്ങിയിരുന്നു. രണ്ടാമത്തെ ചിത്രമാകുമ്പോൾ അത് അങ്ങേയറ്റമാകുന്നു എന്നാണ് വിവരം. താഴെ കൊടുക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം കണ്ടവർ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പുകളാണ്. പലുടെ കുറിപ്പുകളാണ്. 
 
 
സ്‌പോയിലർ അലേർട്ട്
 
Oriol Paulo എന്ന സ്പാനിഷ് സംവിധായകന്റെ രണ്ട് സിനിമകൾ കണ്ടത് ഇന്നലെ രാത്രിയായിരുന്നു. 'ദ ബോഡി'യും, 'ഇൻവിസിബിൾ ഗസ്റ്റും'. ഈ രണ്ട് സിനിമയ്ക്കും ഒരു പൊതു ട്രീറ്റ്‌മെന്റ് ഉണ്ട്. ഒരു സംഭവത്തെ തന്നെ പല ആംഗിളുകളിൽ നിന്ന് അവതരിപ്പിച്ച് ഒടുവിൽ സത്യത്തെ പുറത്ത് കൊണ്ട് വരിക. പ്രേക്ഷകനെ വട്ടുപിടിപ്പിക്കുന്ന ഒരു തരം കളി. നിങ്ങളിപ്പോൾ കാണുന്ന വ്യക്തി നിരപരാധിയാണോ അതോ കുറ്റവാളിയാണോ എന്ന് തീരുമാനിക്കാൻ വിടാത്ത പോലെ നിങ്ങളുടെ മൊറാലിറ്റിയെ എടുത്ത് കുടയുന്ന ഏർപ്പാട്. ആരുടെ കൂടെ നിൽക്കണം എന്നു കഥാന്ത്യം വരെ ആശയക്കുഴപ്പമുണ്ടാകും. :)
 
സത്യത്തിൽ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും'ടെയും ആദ്യ പ്രദർശനത്തിനു കയറുമ്പോൾ റീവൈന്റ് അടിച്ച പോലെ മനസ്സിൽ ഓടിക്കൊണ്ടിരുന്നത് ഈ സിനിമകളായിരുന്നു. അല്ലെങ്കിൽ സ്വാഭാവികമായി സംഭവിക്കാവുന്ന 'മഹേഷിന്റെ പ്രതികാരം' പ്രേതം ഒരിക്കലും ഇടയ്ക്ക് കയറി വന്നിരുന്നില്ല. പക്ഷെ യാദൃശ്ചികമാവാം, മേൽപ്പറഞ്ഞ 'ആരുടെ കൂടെ നിൽക്കും നിങ്ങൾ ആരുടെ കൂടെ നിൽക്കും??' എന്ന ചോദ്യം തൊണ്ടിമുതൽ കാണുമ്പോൾ തികട്ടിത്തികട്ടി വരുന്നുണ്ടായിരുന്നു. നിങ്ങൾ ഏത് 'പ്രസാദി'ന്റെ ഭാഗത്താണ് എന്ന ചോദ്യം! തൊണ്ടിമുതൽ പ്രസാദ് Vs ദൃകസാക്ഷി പ്രസാദ് എന്ന കളി! :D
 
തൊണ്ടി മുതൽ ഒരു കളിയാണ്. തോൽക്കാൻ ഇഷ്ടമില്ലാത്ത രണ്ട് അല്ലെങ്കിൽ മൂന്ന് അതുമല്ലങ്കിൽ നാലു പേർ കളിക്കുന്ന കളി. കള്ളൻ പ്രസാദ് ഒരു ഒറ്റയാൾ ടീമാണ്. മറ്റേ പ്രസാദും ഭാര്യ ശ്രീജയും എതിർവശത്തും. ഇവിടെ അലൻസിയർ അവതരിപ്പിക്കുന്ന പോലീസ് ആരുടെ ടീമിൽ ആണെന്നാണ് സംശയം. അയാൾ റഫറിയാണോ അതോ ഏതെങ്കിലും ടീമിന്റെ കോച്ചാണോ എന്നുമ് സംശയിക്കാം. പക്ഷെ അയാൾ എല്ലാമാവുന്നുണ്ട്. രണ്ടു ടീമിലും കളിക്കുന്നുണ്ട്. റഫറിയാകുന്നുണ്ട്. കോച്ചാവുന്നുണ്ട്. നിങ്ങൾ കള്ളനേക്കാൾ പോലീസിനെ സംശയിക്കേണ്ടി വരുന്നുണ്ട്. കള്ളനും പോലീസും തമ്മിൽ വല്ല രക്തബന്ധമുണ്ടോ എന്നു വരെ നിങ്ങൾ സംശയിക്കും. അല്ലെങ്കിൽ നിങ്ങളെക്കൊണ്ട് സംശയിപ്പിക്കും.
 
എന്തായാലും ഈക്കളി പോത്തേട്ടൻ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഭാവന സ്റ്റുഡിയോയുടെ എക്‌സ്ട്രീം ഓപ്പോസിറ്റ് എന്റിലാണ് അയാൾ പോലീസ് സ്റ്റേഷനു സെറ്റിട്ടിരിക്കുന്നത്. മലയാള സിനിമയിലും സമൂഹത്തിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടിട്ടുള്ള കാസർഗോഡിന്റെ മണ്ണിൽ. ആ മണ്ണും ഭാഷയും കശുമാവിൻ തോട്ടവും ചൂടും വെള്ളമില്ലായ്മയും എല്ലാം അതിന്റെ കൂടെ അനുഭവിക്കാൻ വിടുന്നുണ്ട്. പച്ചപ്പ്-ഹരിതാഭ കോമ്പോയിൽ നിന്നും വരൾച്ച-വെള്ളമില്ലായ്മ ഭൂമിയിലേക്കെന്ന പോലെ. ചിലയിടത്ത് സത്യമെന്നോ കള്ളമെന്നോ ഇല്ലായെന്നും , അതിജീവിനം മാത്രമേയൊള്ളൂ എന്നുമാണ് തൊണ്ടിമുതൽ പറഞ്ഞ് വെച്ചതെന്ന് തോന്നുന്നു. തല്ലി ശരിയാക്കാൻ കഴിയുന്നതായി ലോകത്ത് ഒന്നുമില്ലെന്ന ഒരു ഫിലോസഫി ഉപദേശക്കുപ്പയമിടാത്ത ഒരാൾ ഇടക്കെപ്പോഴോ പറഞ്ഞു പോകുന്നുണ്ട്. <3
 
ജീവനുള്ള നർമ്മം, ജീവനുള്ള അഭിനയം, ജീവനുള്ള കഥാപത്രങ്ങൾ, ജീവനുള്ള സംഭാഷണങ്ങൾ എന്നിവയുടെ നല്ല കൂട്ടാണ് തൊണ്ടിമുതൽ. വലിയ ഒരു കഥയില്ല. വലിയ ഒരു ക്യാൻവാസുമില്ല. ചെറിയ ലോകം. ചെറിയ മനുഷ്യർ. പക്ഷെ മനുഷ്യന്റേതായ എല്ലാ ആകുലതകളും സങ്കടങ്ങളും സന്തോഷങ്ങളും പ്രണയങ്ങളും അതിജീവനങ്ങളും ഉള്ള മനുഷ്യർ. അതിൽ ഒരു ആഗോളതത്വത്തെ നമ്മൾ പോലും അറിയാതെ കേറ്റി വിടുകയാണ് തൊണ്ടിമുതൽ. എല്ലാവരും മനോഹരമായി കഥാപാത്രങ്ങളാകുന്ന കാഴ്ച്ച. ഓരോ പോലീസുകാരനും ഓരോ സ്വഭാവം. പല സ്വഭാവങ്ങളുള്ള പല മനുഷ്യർ. ഒന്നോ രണ്ടോ ഷോട്ടുകളിൽ അവരുടെ തന്മയെ മൊത്തം ചോർത്തി എടുത്തിരിക്കുന്നു.
 
ഇനിയുള്ള ഒരു പാരഗ്രാഫ് രാജീവ് രവിക്ക്. ഇയാൾ മനുഷ്യനാവാൻ വഴിയില്ല. നിറയെ കശുമാവുണ്ടായിരുന്ന ഒരു നാട്ടിൽ ജീവിച്ച ഒരു മനുഷ്യനാണ്. കുന്നിന്റെ മുകളിൽ നിന്ന് വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ താഴേക്ക് കീഴ്ന്നിറങ്ങുന്ന ഒരു ഏർപ്പാടുണ്ടായിരുന്നു ചെറുപ്പത്തിൽ. പാവങ്ങളുടെ വീഗാലാന്റ്. അത്തരം ഒരു ഭൂമിയിൽ നിന്നാണ് അയാൾ ക്യാമറ ചെയ്യുന്നത്. എങ്ങനെ നേരെ നിന്നു എന്നു തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല. അയാൾ ഒരിക്കലും ക്യാമറാമാനാകുന്നില്ല എന്നതാണ് മറ്റൊരു രസം. നമ്മുടെ തന്നെ കണ്ണാവുകയാണ്. അത് കൊണ്ട് തന്നെ അയാൾ മനുഷ്യനാവാൻ വഴിയേയില്ല. <3
 
വാൽ: നഖം മുറിക്കാത്ത ഫഹദിന്റെ കൈകളാണ് എന്റെ ഫേവറേറ്റ് പോത്തേട്ടൻ ബ്രില്ല്യൻസ്. ക്ലൈമാക്‌സിൽ ആ കൈകൾ ഒന്നു കൂടെ നോക്കിക്കോണം! ;)
 
 
Muhammed Zuhrabi
 
 
ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ടീമിന്റെ 'മഹേഷിന്റെ പ്രതികാരം' ധാരാളം ചർച്ചചെയ്യപ്പെട്ട സിനിമയായിരുന്നു.ഗൗരവത്തോടെ സിനിമയെ സമീപിക്കുന്ന പ്രേക്ഷകർ സീൻ ബൈ സീൻ വിശകലനം ചെയ്ത ചിത്രം.
ആദ്യ കാഴ്ച്ചയിൽ 'മഹേഷിന്റെ പ്രതികാരം' ഒരു സാധാരണ സിനിമയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷേ ഓരോ തവണ കാണുംതോറും ഇഷ്ടം കൂടിവന്നു.ഓരോ കാഴ്ച്ചയിലും പുതിയതെന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടുകൊണ്ടിരുന്നു
.ഡയലോഗുകളുടെ പ്രസക്തി വർദ്ധിച്ചുകൊണ്ടിരുന്നു.ഓൺലൈൻ നിരൂപകരുടെ ഭാഷയിൽ പറഞ്ഞാൽ 'പോത്തേട്ടൻ ബ്രില്ല്യൻസ്!'.
സ്വാഭാവികമായും അതേ ടീമിന്റെ പുതിയ സിനിമയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്നു.റി
ലീസ് ദിവസം തന്നെ കാണുകയും ചെയ്തു.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ചെറിയൊരു വിപ്ലവമാണ്.കാലാ
കാലങ്ങളായി മലയാളസിനിമയിൽ നിലനിൽക്കുന്ന ചില കീഴ്വഴക്കങ്ങളെ പൊളിച്ചെഴുതുന്ന സൃഷ്ടിയാണ്.

ഇതിലെ കഥാപാത്രങ്ങളുടെ മുഖത്ത് മേക്ക് അപ്പിന്റെ അതിപ്രസരമില്ല(മഹേഷിന്റെ തുടർച്ച തന്നെ).നമ്മുടെ അയൽപ്പക്കത്തൊക്കെ കാണുന്നതു പോലുള്ള മനുഷ്യർ.വെളുത്തു തുടുത്ത,സ്ലിം ആയ നായികയുമില്ല.
മലയാള സിനിമയ്ക്ക് എന്നും പ്രിയം കൊച്ചി,പാലക്കാട് മുതലായ ചില പ്രദേശങ്ങളോടാണ്.എന്നാൽ ഈ സിനിമയിൽ കഥയുടെ പശ്ചാത്തലം കാസർഗോഡാണ്.മഹേഷിന്റെ പ്രതികാരത്തിൽ ഇടുക്കിയുടെ പച്ചപ്പ് കണ്ടുവെങ്കിൽ,ഇവിടെ രാജീവ് രവിയുടെ ക്യാമറ ഒപ്പിയെടുത്തത് വരണ്ട കാസർഗോഡിന്റെ മുഖമാണ്.തന്റെ കൈയ്യൊപ്പ് നിരന്തരം രേഖപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സംവിധായകനെ സിനിമയിൽ കാണാം.പല സീനുകളിലായി കടന്നുവരുന്ന കൊടിതോരണങ്ങളും എഴുത്തുകളും ചിത്രങ്ങളുമെല്ലാം പലതും പറയുന്നുണ്ട്.
സിനിമയുടെ റിയലിസ്റ്റിക് സ്വഭാവമാണ് ഏറ്റവും ശ്രദ്ധേയം.ആക്ഷൻ ഹീറോ ബിജുവിൽ പൊലീസ് സ്റ്റേഷൻ വളരെ റിയലിസ്റ്റിക്കായി തന്നെ ചിത്രീകരിച്ചിരുന്നു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരുപക്ഷേ ഒരുപടി കൂടി മുന്നോട്ടുപോവുന്നു.അലൻസിയർ എന്ന പരിചിതനായ നടനെ മാറ്റിനിർത്താം.പൊലീസ് വേഷങ്ങൾ അവതരിപ്പിച്ച മറ്റു നടൻമാരുടെ സംസാരവും മറ്റും എത്രയോ നാച്ചുറലാണ് ! പൊലീസിനെ ഇടിച്ചും വിരട്ടിയും ഹീറോയിസം കാണിച്ച നായകൻമാർ ധാരാളമുണ്ട് മലയാളത്തിൽ.അതിന് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ഒറ്റത്തവണ പൊലീസ് സ്റ്റേഷനിൽ പോയാൽ അറിയാം.പക്ഷേ ദിലീഷിന്റെ സിനിമ ഒരു യഥാർത്ഥ പൊലീസ് സ്റ്റേഷനിൽ എത്തിയ അനുഭൂതി നൽകുന്നു.

ചിരിപ്പിക്കാൻ ദ്വയാർത്ഥ പ്രയോഗങ്ങളോ വർണ്ണവെറിയോ കോമാളിത്തരമോ ഉപയോഗിക്കുന്നില്ല എന്നത് പ്രശംസനീയമാണ്.തെറിയിലൂടെ ചിരിപ്പിക്കാൻ ശ്രമിക്കുന്നതും ഇപ്പോഴത്തെ രീതിയാണ്.ഈ സിനിമയിലും തെറി പറയുന്നുണ്ട്.ബീപ് ശബ്ദം അവയെ മറച്ചുപിടിക്കുന്നുമുണ്ട്.പക്ഷേ അവിടെയും സ്വാഭാവികത കൈവിടുന്നില്ല. ഇതിലെ കഥാപാത്രങ്ങൾ പലയിടങ്ങളിൽ നിന്ന് വന്ന് ഒരിടത്ത് സമ്മേളിക്കുന്നവരാണ്.അതിന്റെ വ്യത്യാസം ഭാഷാശൈലിയിലും കാണാം.മലയാളിയുടെ ചില ദാമ്പത്യബോധങ്ങളെയും പരമ്പരാഗത ചിന്തകളെയും സിനിമ വെല്ലുവിളിക്കുന്നുണ്ട്.പ്രേക്ഷകർക്ക് എല്ലാം വിശദമായി പറഞ്ഞുതരാതെ ചിന്തിക്കാൻ വിടുന്നുണ്ട് സംവിധായകൻ.ക്ലൈമാക്‌സിലടക്കം പലയിടത്തും ഇത് പ്രകടമാണ്.

നായിക നിമിഷയുടെ പ്രകടനം കാണുമ്പോൾ അവർ പുതുമുഖമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും.ഒരുകാലത്ത് കോമഡി നടൻ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ടിരുന്ന സുരാജ് വെഞ്ഞാറമ്മൂട് സീരിയസ് വേഷം ഭംഗിയാക്കിയിരിക്കുന്നു.കാസ്റ്റിംഗ് പെർഫെക്റ്റ് ആണ്.പൊതുവെ കൊച്ചു വേഷങ്ങളിൽ കാണുന്ന വെട്ടുക്കിളി പ്രകാശ് വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നു.
പക്ഷേ എല്ലാ അർത്ഥത്തിലും ഹീറോ ഫഹദ് തന്നെ.നമുക്ക് പിടിതരാത്ത ഒരു കഥാപാത്രം.പല ഷേഡുകൾ ഉള്ള വേഷം.പ്രശ്‌നക്കാരനാണെന്ന് തോന്നിയതിന്റെ പിന്നാലെ അയാൾ നിഷ്‌കളങ്കനാവും.ചില ഒറ്റവരി ഡയലോഗുകളിലൂടെ അയാൾ വലിയ കഥകൾ തന്നെ നിശബ്ദമായി പറയുന്നുണ്ട്.ഫഹദിന് നമ്മളോട് ആശയവിനിമയം നടത്താൻ ഒരു ചിരി മതി.സൂപ്പർ താര പദവി അയാളെ മോഹിപ്പിക്കുന്നില്ലെന്നും മികച്ച നടൻ എന്ന പേര് മാത്രമാണ് ഫഹദ് കൊതിക്കുന്നതെന്നും വ്യക്തമാണ്.''നിങ്ങളെന്ത് മനുഷ്യനാണ്? ' എന്ന് സുരാജ് സിനിമയിൽ ഫഹദിനോട് ചോദിക്കുന്നുണ്ട്.എന്നെങ്കിലും ഫഹദിനെ നേരിൽക്കണ്ടാൽ ഞാൻ പറയും-
''നിങ്ങളെന്തൊരു നടനാണ് ! ''

തൃശ്ശൂർ ഗിരിജ തിയേറ്ററിലാണ് സിനിമ കണ്ടത്.ആദ്യ ദിവസമായിട്ടും കുറേ സീറ്റുകൾ ഒഴിഞ്ഞുകിടന്നു.
സിനിമയിൽ മാറ്റങ്ങൾ വരണമെന്ന് നമ്മൾ വാദിക്കും.നാളെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ഒരു അവാർഡിൽ അവഗണിക്കപ്പെട്ടാൽ നാം രോഷാകുലരാവും.പക്ഷേ ഇത്തരം ചെറിയ,നല്ല സിനിമകൾ ഇറങ്ങുമ്പോൾ തിയേറ്ററിൽ പോയി കാണുക എന്ന കാര്യമാണ് നാം ആദ്യം ചെയ്യേണ്ടത്.
ഈ സിനിമ കണ്ട ചിലരെങ്കിലും ചോദിച്ചേക്കാം-''ഇതിനുംമാത്രം എന്താ ഇതിൽ ഉള്ളത്....? '
ഞാൻ പറയും-''ഇതിൽ എന്തൊക്കെയോ ഉണ്ട്.ഇഷ്ടം തോന്നിക്കുന്ന എന്തൊക്കെയോ ! ''
 
 Sandeep Das 
 
 
സംഘർഷങ്ങളാണ് ഒരു സിനിമയെ മുന്നോട്ടുനയിക്കുക.ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി പ്രേക്ഷകന് സ്വയം ബന്ധിപ്പിക്കാൻ കഴിയുന്ന സംഘർഷങ്ങളെ എങ്ങനെ വൈകാരികമായി വികസിക്കുന്ന,കൃത്യമായ രൂപമുള്ള ഒരു ഘടനയിലേക്ക് ഒതുക്കുക എന്നതാണ്.ഇങ്ങനെ നോക്കുമ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ലക്ഷ്യം വളരെ ലളിതമാണ്.ഒരു മലയാളിപ്രേക്ഷകന് വളരെളുപ്പം കണക്റ്റ് ചെയ്യാൻ കഴിയുന്ന കുറച്ച് കഥാപാത്രങ്ങളെ ഉടനീളം യാഥാർത്ഥ്യത്തോട് നീതിപുലർത്തുന്ന പശ്ചാത്തലത്തിലേക്ക് പ്രതിഷ്ടിക്കുക.തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളെ കൃത്യമായ ഒരു കഥയുടെയോ ഘടനയുടെയോ ചട്ടക്കൂടിലടക്കാതെ സ്വതന്ത്രമായി ഒഴുകാൻ വിടുക.ഇത്രമാത്രം.....
സംഭാഷണങ്ങളാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ നട്ടെല്ല്.കഥാപാത്രങ്ങളോടും സന്ദർഭങ്ങളോടുമൊക്കെ ഇങ്ങനെ ഇഴുകിചേർന്ന് കിടന്നു ചിന്തിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെറുതായി വിഷമിപ്പിക്കുകയുമൊക്കെ ചെയ്യുന്ന സംഭാഷണങ്ങൾ.ഗതികേടും,കൌശലവും,കടുംപിടിത്തവുമൊക്കെ വ്യക്തമാക്കുന്ന വൺലൈനറുകൾ.സന്ദർഭത്തിൽനിന്നും അടർത്തിമാറ്റി പരിശോധിച്ചാൽ യാതൊരു പ്രത്യേകതയും തോന്നാത്ത ചില ഡയലോഗുകൾ കൊണ്ടാണ് ഈ ചിത്രം തീയറ്ററിൽ വലിയ ചിരികൾ സൃഷ്ടിക്കുന്നത്.സംഭാഷണനിർമിതിയിലെ അത്ഭുതം ഇവിടെ അവസാനിക്കുന്നില്ല.ഹ്രസ്വമായ മോണോലോഗിലൂടെ സിനിമയിലെ ഏറ്റവും ദുരൂഹത നിറഞ്ഞ കഥാപാത്രം തന്റെ ഭൂതകാലത്തേക്കുറിച്ച് സൂചനകളും അതിന്റെ വ്യാപ്തിയും ഒരു 'scene writing triumph'തന്നെയെന്നു നിസംശയം പറയാം.

ഒരുപക്ഷെ തൊണ്ടിമുതലിനെ സംബന്ധിച്ച് പ്രേക്ഷകനെ ഏറ്റവും ആകർഷിക്കാൻ പോവുന്ന ഘടകം അഭിനയപ്രകടനങ്ങളായിരിക്കും.സുരാജ്,ഫഹദ്,അലൻസിയർ എന്നിവരടക്കം വിരലിലെണ്ണാവുന്ന 'അഭിനേതാക്കളെ' ചിത്രത്തിലുള്ളൂ.മറ്റുകഥാപാത്രങ്ങൾക്കും പ്രേക്ഷകനും ഒരു സൂചനയും നൽകാതെ ഉടനീളം ദുരൂഹത നിലനിൽക്കുന്ന കഥാപാത്രമായി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലോന്നാണ് ഫഹദ് കാഴ്ചവെച്ചിരിക്കുന്നത്.അലൻസിയറുടെയും സുരാജിന്റെയും പ്രകടനങ്ങളുടെ മികവു പുറത്തുവരുന്നത് കൃത്യമായി രൂപകൽപ്പനചെയ്ത രംഗങ്ങളിലെ പീക്ക് പോയിന്റുകളിലാണ്.പെർഫോമൻസികളിലൂടെ തീവ്രത വികസിക്കുന്ന രംഗങ്ങൾക്ക് ലളിതമായ ഡയലോഗിലൂടെ ഫുൾസ്റ്റോപ്പിട്ട് വൈഡ് ഫ്രെയിമിലേക്ക് ക്യാമറ പോവുമന്ന ചില രംഗങ്ങള്ണ്ട്. അഭിനയവും എഴുത്തും സംഗീതവും ചിത്രീകരണവുമെല്ലാം അതിന്റെ ഏറ്റവും മികച്ച പ്രോപ്പോഷനിൽ സന്നിവേശിക്കപ്പെടുന്ന സന്ദർഭങ്ങളാണിവ.പക്ഷെ തൊണ്ടിമുതലിൽ ശരിക്കും ഞെട്ടിക്കുന്നത് ഒരുപറ്റം പോലീസുകാരാണ്.സന്ദർഭത്തിനനുസരിച്ച് സ്വാഭാവികമായ ഇടപെടലുകൾ നടത്തുന്ന,നിലപാടും കഥാപാത്രവികസനവുമുള്ള ഈ 'റിയൽ'കഥാപാത്രങ്ങളാണ് സിനിമയിൽ ശരിക്കുള്ള പുതുമ കൊണ്ടുവന്നിരിക്കുന്നത്.
 
രാജീവ് രവിയുടെ ചിത്രീകരണം തുടക്കത്തിൽ പറഞ്ഞ സംവിധായകന്റെ നിലപാടിനു പൂർണപിന്തുണ നൽകുന്ന രീതിയിലുള്ളതാണ്.ലൈറ്റിങ്ങ്,ഫ്രെയിം കൊമ്പോസിഷൻ പോലെയുള്ള ഘടകങ്ങളിലെടുത്ത നിലപാടുകൾ സിനിമയിലെ പ്രഫഷണൽ അഭിനേതാക്കളും മറ്റുള്ളവരുമായുള്ള അന്തരം കുറച്ച് കഥാസന്ദർഭത്തോട് കൂടുതൽ ചേർത്ത് നിർത്തുന്നു.കഥാസന്ദർഭങ്ങളുടെ മൂഡിനനുസരിച് രീതിയിലാണ് ക്യാമറയുടെ ചലനങ്ങൾ.വൈഡ് ഫ്രെയിമിൽ പകർത്തിയ കാസർഗോടിന്റെ നരച്ച ലാന്റ്‌സ്‌കേപ്പ് കഥാസന്ദർഭങ്ങൾക്ക് വല്ലാതൊരു അസുഖകരമായ ഫീൽ നൽകുന്നുണ്ട്.തപസ് നായികിന്റെ ശബ്ദസന്നിവേശം അകം,പുറം വ്യത്യാസമില്ലാതെ അങ്ങേയറ്റം സ്വാഭാവികമായ ഒരു സൌണ്ട്‌സ്‌കേപ്പ് സിനിമക്കായി ഒരുക്കുന്നുണ്ട്.മഹേഷിന്റെ പ്രതികാരം പോലെ ഇവിടെയും ബിജിബാലിന്റെ സംഗീതത്തിന്റെ ഇമ്പാക്റ്റ് സിനിമയിലെ സംഘർഷഭരിതമായ രംഗങ്ങളിലാൺ കൂടുതൽ വെളിവാകുന്നത്.

പശ്ചാത്തലങ്ങളുടെയും കഥാപാത്രങ്ങളുടെയും രാഷ്ട്രീയവും നിലപാടുകളുമൊക്കെ വരുംനാളുകളിൽ കൂടുതൽ ആൾക്കാർ സിനിമ കണ്ടതിനു ശേഷം വിലയിരുതപ്പെടെണ്ട കാര്യങ്ങളാണ്.തൊണ്ടിമുതൽ എന്ന സൃഷ്ടിയുടെ മെറിറ്റ് അളക്കാൻ അത്തരം ആഴത്തിലുള്ള വിശകലനത്തിലേക്ക് പോവേണ്ട കാര്യമില്ല എന്നാണ് വിശ്വാസം.എന്തായാലും .മഹേഷിന്റെ പ്രതികാരത്തിൽനിന്ന് തൊണ്ടിമുതലിലേക്കെത്തുമ്പൊൾ പ്രകടമായ വ്യാത്യാസങ്ങളുണ്ട് സിനിമയുടെ ടോട്ടാലിറ്റിയിൽ.പക്ഷെ ഈ വ്യത്യസ്തതകൾ ഒരിക്കലും പ്രേക്ഷകന്റെ നെറ്റിചുളിപ്പിക്കുന്ന രീതിയിലുള്ളതല്ല എന്നതാണ് പോയിന്റ്. വാസ്തവത്തിൽ ഇങ്ങനെയൊക്കെയായിരുന്നു പണ്ടും മലയാളം സിനിമ നമ്മളെ അമ്പരപ്പിച്ചിരുന്നത്.ഇടക്കെപ്പോഴോ നമ്മളത് മറന്നുപോയി എന്നേയുള്ളു .പോത്തേട്ടനും,ശ്യാം പുഷ്‌കരനും ,സജീവ് പഴൂരിനും നന്ദി .പുതുമക്കല്ല ...ഇതൊക്കെക്കൂടിയാണ് സിനിമ എന്ന മനോഹരമായ ഓർമപ്പെടുത്തലിന് 
 
Arun Ashok

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh