'ഉപദേശം' - എന്നും എപ്പോഴും ഇതുമാത്രം

ennum-eppozhum 8d344ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാം വര്‍ഷവും സത്യന്‍ അന്തിക്കാട് സിനിമയെടുക്കും, കുടുംബപ്രശ്‌നങ്ങളായിരിക്കും വിഷയം, ഒരു പ്രശ്‌നവുമില്ലാത്ത കുടുംബമാണെങ്കില്‍ സിനിമയല്ലേ കുറച്ചുകഴിയുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായിക്കൊള്ളും, ഒടുവില്‍ തിയറ്ററില്‍നിന്നു ആളു പുറത്തിറങ്ങുംമുമ്പ് എല്ലാപ്രശ്‌നവും പരിഹരിച്ചു സകലരേയും ഹാപ്പിയാക്കും. ഫ്രീയായിട്ട് കുറച്ച് ഉപദേശങ്ങള്‍ കൊടുക്കും.

എന്നും എപ്പോഴും ഇങ്ങനൊക്കെ തന്നെയാണു സത്യന്‍ പടങ്ങള്‍. അന്തിക്കാടു പടത്തില്‍ വേറിട്ടെന്തെങ്കിലും പ്രതീക്ഷിച്ചുപോകുന്നത് വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി ചിക്കന്‍ ബിരിയാണി ചോദിക്കുന്നതുപോലെ അസംബന്ധമാണ്. സത്യന്‍ സിനിമകള്‍ ഇതാണ്; എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ആ ഇതില്‍ എന്തുണ്ട് എന്ന ചോദ്യം മാത്രമാണു പുതിയ സിനിമയായ എന്നും എപ്പോഴും എന്ന മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രത്തേയും പ്രസക്തമാകുന്നത്. ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞാല്‍ 'ഒന്നുമില്ല' എന്നുതന്നാണ്.

സത്യന്‍ അന്തിക്കാട് ബ്രാന്‍ഡ് സിനിമയുടെ എല്ലാ ഗുണദോഷങ്ങളും ഉണ്ട്.

ആവര്‍ത്തനത്തില്‍പോലും ആവര്‍ത്തനം കടന്നുവന്നതോടെയാണ് സത്യന്‍ സ്വന്തമായി എഴുതുന്ന കച്ചവടം നിര്‍ത്തി ഒരിക്കല്‍കൂടി മറ്റു തിരക്കഥാകാരന്മാരെ സമീപിക്കുന്നത്. ഒടുവിലിറങ്ങിയ, ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയെഴുതിയ 'ഒരു ഇന്ത്യന്‍ പ്രണയകഥ' വലിയ വിജയമായതിന്റെ പ്രധാനകാരണം ആദ്യപകുതിയിലെങ്കിലും തോന്നിച്ച ഫ്രഷ്‌നെസ് തന്നെയാണ്. 

രഞ്ജന്‍ സംവിധാനം ചെയ്ത 'റോസ് ഗിറ്റാറിനാല്‍' എന്ന ചലച്ചിത്രദുരന്തത്തിനുശേഷം നീണ്ട ഇടവേളയ്ക്കുശേഷം എഴുതുന്ന സിനിമ കൂടിയാണിത്. എന്നാല്‍ രണ്ടാം ഭാവം, മീശമാധവന്‍, മനസിനക്കരെ, അച്ചുവിന്റെ അമ്മ, നരന്‍ എന്നീ ജനപ്രിയ സിനിമകളൊരുക്കിയ രഞ്ജന്റെ ഏറ്റവും ദുര്‍ബലവും അനാകര്‍ഷകവുമായ സ്‌ക്രിപ്റ്റ് ആണ് എന്നും എപ്പോഴും. കഥാപാത്രരൂപീകരണത്തിലും സംഭാഷണങ്ങളിലും വ്യക്തിബന്ധങ്ങളുടെ ചിത്രീകരണത്തിലും തിരക്കഥാകാരന്‍ തന്റെ സിഗ്‌നേച്ചര്‍ പതിപ്പിക്കുമ്പോള്‍തന്നെ ഒന്നും പറയാനില്ലാത്ത ഒരു ദുര്‍ബലമായ കഥാതന്തുവിനെ പരാമാവധി വലിച്ചുനീട്ടീ രണ്ടരമണിക്കൂറുള്ള ഒരു മെഗാസീരിയലാക്കി മാറ്റിയിട്ടുണ്ട്.

സിനിമയുടെ കഥ ഒറ്റവരിയില്‍ പറയാം. ദീപ എന്ന സാധാരണക്കാരിയായ അഭിഭാഷകയെ ഇന്റര്‍വ്യൂ ചെയ്യാന്‍ നടക്കുന്ന വനിതാമാഗസിന്‍ ജേര്‍ണലിസ്റ്റായ വിനീത് എന്‍. പിളെള നടത്തുന്ന 'സാഹസികയാത്ര'കളാണ് എന്നും എപ്പോഴും. എന്നിട്ട് ഇന്റര്‍വ്യൂ കിട്ടിയോ എന്നൊന്നും ചോദിക്കരുത്, അതൊക്കെ പറഞ്ഞാല്‍ പടത്തിന്റെ സസ്‌പെന്‍സൊക്കെ പോകില്ലയോ.? അങ്ങനൊന്നുമല്ല വിവാഹമോചിതയും നര്‍ത്തകിയും മൂന്നാം ക്ലാസുകാരിയുടെ അമ്മയും സാമൂഹിക പ്രതിബദ്ധതയുമുള്ള ദീപ (മഞ്ജു വാര്യര്‍)എന്ന അഭിഭാഷകയും അമ്മയെപ്പോലുള്ള ഗുണഗണങ്ങളുള്ള പെണ്ണിനെ കിട്ടാത്തതുകൊണ്ട് അവിവാഹിതനും ആരേയും കൂസാത്തവനുമായ മുതിര്‍ന്ന മാഗസിന്‍ ജേര്‍ണലിസ്റ്റ് വിനീതന്‍ പിള്ളയും (മോഹന്‍ലാല്‍) തമ്മിലുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണെന്നു വേണമെങ്കില്‍ പറയാം.(നിര്‍ബന്ധിച്ചാല്‍)

സെക്രട്ടേറിയറ്റ് ഉപരോധത്തെ ഒറ്റയ്ക്കു പ്രതിരോധിച്ച സന്ധ്യ എന്ന വീട്ടമ്മയെപോലെ ഗട്ടറില്‍ വീണു കാലൊടിഞ്ഞതിനു നഗരസഭയെ വിറപ്പിച്ച് ഒറ്റരാത്രി കൊണ്ടു സെലിബ്രിറ്റി ആയ കക്ഷിയാണ് അഡ്വ. ദീപ. ഇതിനിടയില്‍ അവര്‍ കോടതിയില്‍ പോകുന്നു; വിവാഹമോചനക്കേസുകള്‍ വാദിക്കുന്നു; നൃത്തം ചെയ്യുന്നു; കൂട്ടുകാരിയോടും മകളോടും ഒപ്പം കറങ്ങി നടക്കുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വന്ന് അഞ്ചുലക്ഷം കൊടുക്കാമെന്നു പറയുന്നു. ഇതൊരുവശത്ത്.

 മറുവശത്ത് വനിതാ മാഗസിനില്‍ പുതിയ ചുമതലക്കാരി( റീനു മാത്യൂസ്) ചാര്‍ജെടുക്കുന്നതോടെ മികവു കാട്ടാന്‍ നിര്‍ബന്ധിതനാകുന്ന വിനീത് എന്‍. പിള്ളെ എന്ന ജര്‍ണലിസ്റ്റ് ദീപയുടെഇന്റര്‍വ്യൂവിനായി കറങ്ങിനടക്കുന്നു. നേരെ ചെന്ന് മാന്യമായി ഇന്റര്‍വ്യൂ ചോദിക്കേണ്ടതിനുപകരം ഒരു വഴിയോരപൂവാലനെപ്പോലെ ദീപ പോകുന്ന വഴിയിലെല്ലാം ഇങ്ങേരു കറങ്ങിനടക്കുകയാണ്. കഷ്ടം; ഈ ജര്‍ണലിസ്റ്റുകള്‍ക്ക് എന്തൊരു കഷ്ടപ്പാടാണല്ലേ ഒരു ഇന്റര്‍വ്യൂവൊക്കെ കിട്ടാന്‍ ! സിനിമയുടെ ഏതാണ്ട് അരമണിക്കൂര്‍ ഇങ്ങനെപോയിക്കിട്ടുന്നുണ്ട്.( കൊള്ളാവുന്ന വല്ല എഡിറ്ററുമായിരുന്നെങ്കില്‍ ഇങ്ങനൊരു മണ്ടന്‍ ജേര്‍ണലിസ്റ്റിനെ പറപ്പിച്ചേനെ, അതെന്തെങ്കിലുമാകട്ടേ). സ്വഭാവികമായും കുട്ടിയുടെ അമ്മയിലേയ്ക്ക് അടുക്കാനുള്ള സിനിമാറ്റിക് വഴി കുട്ടിയ്ക്ക് ആക്‌സിഡന്റാവുകയും അന്നേരം ആ വഴി യാദൃശ്ചികമായി വന്ന നായകന്‍ ഹോസ്പിറ്റലില്‍ എത്തിച്ചു പ്രീതി പിടിച്ചുപറ്റുകയുമാണല്ലോ, ആ തറ ട്വിസ്റ്റ് ഇവിടെ കൃത്യമായി പ്രയോഗിക്കുന്നുണ്ട്. ബാക്കിയെല്ലാം നിങ്ങളൂഹിക്കുന്നതുപോലെ തന്നെ.

 സിനിമയുടെ കോമഡി ട്രാക്ക് സ്വഭാവികനര്‍മത്തിനുപകരം സമാന്തരമായി സൃഷ്ടിക്കാനുള്ള ശ്രമമാണ്. കഷ്ടം തോന്നും, ഒരു ബില്‍ഡറായി വേഷം കെട്ടിയുള്ള രണ്‍ജി പണിക്കറുടെ ഗോഷ്ടി കാണുമ്പോള്‍. ഗ്രിഗറി, ലെന, മിനോണ്‍, ഇന്നസെന്റ് , എന്നിവരാണു മറ്റുതാരങ്ങള്‍. ഇന്നസെന്റു പതിവ് അയല്‍വാസിയാകുമ്പോള്‍ ലെന, ദീപയെന്ന കഥാപാത്രത്തിന്റെ പശ്ചാത്തലം അറിയിക്കാനുള്ള സുഹൃത്തായാണ് അവതരിപ്പിക്കുന്നത്.

 അവസാനവാക്ക്: സത്യന്‍ അന്തിക്കാടിന്റെ സിനിമ ഒരു ഹോട്ടലെന്നു സങ്കല്‍പ്പിക്കു. ഈ ഹോട്ടലിലെ പുതിയ കുക്ക് രഞ്ജന്‍ പ്രമോദ് ആണെങ്കിലും മെനു പഴയതു തന്നാണ്. ചെറിയൊരു ടേസ്റ്റ് വ്യത്യാസം തോന്നും. ഇവിടുത്തെ ആജീവനാന്ത മെനു മതി എന്നുള്ളവര്‍ക്കു വിശപ്പടക്കാം, തൃപ്തിയുമാവും. അതല്ല എന്തെങ്കിലും സ്‌പെഷല്‍ വേണമെന്നുളളവര്‍ വേറെ ഹോട്ടല്‍(സിനിമ) തെരഞ്ഞെടുക്കുകയാവും നന്ന്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh