മോഹൻലാൽ ചിത്രം മി.ഫ്രോഡിന് തീയേറ്റർ ഉടമകളുടെ വിലക്ക്

തിരുവനന്തപുരം: മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ഫ്രോഡ് എന്ന സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകൾ. ഇതോടെ മേയ് എട്ടിന് റിലീസ് ചെയ്യാനിരുന്ന സിനിമ പ്രതിസന്ധിയിലായി. ഈ ചിത്രത്തിന്റെ സംവിധായകൻ ബി.ഉണ്ണികൃഷ്ണനുമായി ഫിലിം എക്‌സിബിറ്റ് ഫെഡറേഷനുള്ള പ്രശ്നങ്ങളെ തുടർന്നാണ് വിലക്കെന്നാണ് സൂചന. 

കഴിഞ്ഞ വര്‍ഷം നടന്ന ഫിലിം എക്‌സിബിറ്റ് ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ സംവിധായകരും താരങ്ങളും പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയപ്പെടുന്നു. സംവിധായകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറി കൂടിയായ ഉണ്ണികൃഷ്ണന്റെ നിർദ്ദേശ പ്രകാരമാണ് താരങ്ങടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നാണ് ഫെഡറേഷന്റെ ആരോപണം. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച ശേഷമേ സിനിമയുടെ ചിത്രീകരണം തുടങ്ങാവു എന്നും ഉണ്ണികൃഷ്ണനോട് ഫെഡറേഷൻ നിർദ്ദേശിച്ചിരുന്നതാണ്. 

എന്നാൽ,​ ഉണ്ണികൃഷ്ണൻ നിർദ്ദേശം ചെവിക്കൊണ്ടില്ല. ഷൂട്ടിംഗും റിലീസിംഗ് തീയതിയും നിശ്ചയിക്കുകയും ചെയ്തു. ഇനി പ്രശ്നം പരിഹരിക്കാൻ ഫെഫ്ക മുൻകൈ എടുക്കണമെന്ന നിലപാടിലാണ് എക്സിബിറ്റ് ഫെഡറേഷൻ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh