തിലകന്‍ ഒരു ഓര്‍മ:

thilakan 63043ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും വലിയ നടനായ തിലകനെ പ്രേക്ഷകരുടെ ഓര്‍മകളില്‍ ജ്വലിപ്പിച്ച് നിര്‍ത്തുന്നത് അദ്ദേഹത്തിന്‍റെ ചില സവിശേഷതകളാണ്. ഒരു മഹാനടനെന്നതിലപ്പുറം വ്യവസ്ഥകളെ ധീരമായി വെല്ലുവിളിച്ച നിഷേധികൂടിയായിരുന്നല്ലോ അദ്ദേഹം. തന്‍റെ പ്രവര്‍ത്തന മേഖലയിലെ ദുഷ്പ്രവണതകളെ എതിര്‍ക്കാന്‍ അദ്ദേഹം ഭയക്കാഞ്ഞത് തന്‍റെ കഴിവിലുള്ള ആത്മവിശ്വാസം കൊണ്ടാണ്. അല്ലെങ്കില്‍ തന്നെ മാനവരാശിയുടെ ചരിത്രം നിഷേധികളുടെ ചരിത്രമാനല്ലോ. ഗാന്ധിജിയും മാര്‍ക്സും ഭഗത് സിങ്ങുമൊക്കെ നിഷേധികളായിരുന്നല്ലോ. എന്തിനേറെ, യേശു ക്രിസ്തുവരെ അന്നത്തെ യഹൂദ പൌരോഹിത്യത്തെ വെല്ലുവിളിച്ചല്ലോ.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ അത് ഒരു ക്രമാനുഗത പ്രക്രിയയായി തിലകനില്‍ വികസിച്ചതാണെന്നു കാണാം. മുപ്പതുകൊല്ലത്തിലേരെയുള്ള നാടകാഭിനയം ആ അഭിനയ മികവിനെ മിഴിവാര്‍ന്നതും ജീവിതഗന്ധിയുമാക്കി. അക്കാലത്ത് സിനിമയില്‍ അവസരം കിട്ടാത്തതില്‍ വിഷമമുണ്ടായിട്ടില്ല എന്ന് തിലകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ തിയറ്റര്‍ അനുഭവങ്ങളാണ്‌ വാസ്തവത്തില്‍ അദ്ദേഹത്തെ അതുല്യനായ നടനാക്കിയത്. പക്ഷെ മറ്റു ചിലരില്‍, കെ. പി. ഉമ്മറിനെപ്പോലുള്ളവരില്‍, നാടകാഭിനയ പാരമ്പര്യം ഒരു ബാധ്യതയായതും ഓര്‍ക്കുക. തിലകന്‍ അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍, പെരുന്തച്ചന്‍, കിരീടത്തിലെ അച്യുതന്‍നായര്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ പോള്‍ പൈലോക്കാരന്‍, യവനികയിലെ നാടക ട്രൂപ് മാനേജര്‍ അങ്ങനെയെത്രയെത്ര. കിരീടത്തില്‍ ശരിക്കും നായകന്‍ തിലകനാണ്. തിലകനോടൊപ്പം അഭിനയിച്ച കഥാപാത്രങ്ങള്‍ മനോഹരമാക്കിയതുകൊണ്ടുകൂടിയാണ് മോഹന്‍ലാല്‍ ഒരു മഹാനടനായി മാറിയത്. കാലമെന്ന മഹാപ്രവാഹത്തിലെ ഒരിക്കലും ആവര്‍ത്തിക്കപ്പെടാത്ത ഒരു കണികയാണ് ഇ. എം. എസ്. നമ്പൂതിരിപ്പാട് എന്ന് പ്രൊഫസര്‍. എം. കൃഷ്ണന്‍ നായര്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ മറ്റേതു നടന്‍ ആവര്‍ത്തിക്കപ്പെട്ടാലും തിലകനുമാത്രം പകരക്കാരനുണ്ടാവില്ല. 

Varghese Joy
Chapelizod.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh