പഠിക്കാന്‍ ഇഷ്‌ടമില്ലാത്ത സിപിഎം


അങ്ങനെ സിപിഎം വിഭാഗീയതയുടെ ഒരു അധ്യായം കൂടി കഴിയുന്നു. വി.എസിന്റെ വിശ്വസ്‌തരായ മൂന്നുപേരെയും (പ്രസ്‌ സെക്രട്ടറി കെ.ബാലകൃഷ്‌ണന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്‌ എ.സുരേഷ്‌, അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി വി.കെ ശശിധരന്‍) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നു. സംസ്ഥാന ഘടകം ശുപാര്‍ശ ചെയ്‌ത ഈ പുറത്താക്കല്‍ പി.ബി അംഗീകരിച്ചതിലൂടെ ഏറെക്കാലത്തെ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പിടിവാശി ജയിച്ചു. പക്ഷെ വിഭാഗീയത അനന്തമായി നീളാന്‍ ഇടയാക്കും വിധം വി.എസ്‌ പാര്‍ട്ടിയില്‍ തന്നെയുണ്ട്‌. എന്നാല്‍ പിന്നെ വി.എസിനെ അങ്ങ്‌ പുറത്താക്കിയോ അല്ലെങ്കില്‍ വി.എസ്‌ അങ്ങ്‌ പുറത്തുപോകുകയോ ചെയ്‌തുകൊണ്ട്‌ ഈ നാടകങ്ങള്‍ക്ക്‌ അവസാനമാകുമെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ മണ്ടന്‍മാരാകും.

വിഭാഗീയത കളിച്ച്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ നഗ്നരായി നിന്ന്‌ നാണം കെടാനാണ്‌ ഈ ഇടതുപക്ഷ പാര്‍ട്ടിയുടെ വിധി എന്ന കാര്യം സമീപകാല ചരിത്രം കൊണ്ടു മാത്രം ഉറപ്പിക്കാവുന്നതാണ്‌. കഴിഞ്ഞ ദിവസങ്ങളിലെ നാടകം കളിയില്‍ അല്‌പമെങ്കിലും കാര്യമാത്ര പ്രസക്തമായി തോന്നുന്ന ഒരു കാര്യം വി.എസ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്‌ അയച്ച പരാതി കത്തിലെ ചില വിലയിരുത്തലുകളാണ്‌. പാര്‍ട്ടി അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട്‌ പോയ ഒഞ്ചിയത്തു നിന്നും ഷൊര്‍ണ്ണൂരില്‍ നിന്നും സിപിഎം ഒന്നും പഠിച്ചിട്ടില്ല എന്നത്‌ കഴിഞ്ഞ ദിവസം വി.എസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക്‌ നല്‍കിയ പരാതിയിലെ പ്രധാന വിഷയമാണ്‌. രാഷ്‌ട്രീയ കേരളത്തിലും മാധ്യമങ്ങളിലും ഇത്‌ വലിയ വാര്‍ത്തയും ചര്‍ച്ചയുമാകുകയും ചെയ്‌തു. സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന പ്രവര്‍ത്തകന്‌, നേതാവിന്‌ തന്റെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ തകരുന്നതിലുള്ള ദുഖമാണ്‌ ഇത്തരം വിമര്‍ശനത്തിന്‌ കാരണമെന്ന്‌ വി.എസ്‌ അനുഭാവികള്‍ക്ക്‌ വാദിക്കാം. അതല്ല, സിപിഎമ്മില്‍ നിന്നും അച്ചടക്ക നടപടി നേരാടാതിരിക്കാന്‍ വി.എസ്‌ നടത്തുന്ന ഒരു രാഷ്‌ട്രീയ നാടകമാണിതെന്ന്‌ ഔദ്യോഗിക പക്ഷത്തിനും വാദിക്കാം.

പക്ഷെ ഈ വിഭാഗീയതയുടെ വാദ പ്രതിവാദങ്ങള്‍ക്കിടയിലും ഒരുകാര്യം വ്യക്തമാണ്‌, അതായത്‌ വി.എസ്‌ ഉന്നയിച്ചിരിക്കുന്ന വിഷയം വളരെ പ്രസക്തം തന്നെ. സിപിഎമ്മിന്റെ അടിയുറച്ച വേരുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളാണ്‌ ഒഞ്ചിയവും, ഷൊര്‍ണ്ണൂരുമൊക്കെ. സിപിഎം നേതാക്കള്‍ ഒറ്റയായും, ചെറുസംഘമായും പ്രത്യയശാസ്‌ത്ര വിഷയങ്ങളിലോ അല്ലെങ്കില്‍ ആഭ്യന്തര വിഷയങ്ങളിലോ കലഹിച്ച്‌ പാര്‍ട്ടി വിട്ടുപോകുന്നത്‌ പോലെ ഒന്നായിരുന്നില്ല ഒഞ്ചിയത്ത്‌ സംഭവിച്ചത്‌. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്‌ പോലെ രണ്ടോ മൂന്നോ വി.എസ്‌. വിശ്വസ്‌തരെ പുറത്താക്കുന്നത്‌ പോലെയൊരു നടപടിയുമായിരുന്നില്ല ഒഞ്ചിയത്തേത്‌. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിറഞ്ഞു നിന്ന ഒഞ്ചിയത്തു നിന്നും ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആയിര കണക്കിന്‌ പ്രവര്‍ത്തകരാണ്‌ സിപിഎം വിട്ട്‌ പുറത്തേക്ക്‌ വന്നത്‌. ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകരും വിഘടിച്ച്‌ മാറി എന്നതാണ്‌ ഇവിടെ സംഭവിച്ചത്‌. അവര്‍ പിന്നീട്‌ ആര്‍.എം.പി എന്ന മാര്‍ക്‌സിസ്റ്റ്‌ സംഘടനയുണ്ടാക്കി, തികഞ്ഞ ഇടതുപക്ഷ സ്വഭാവത്തോടെ പ്രവര്‍ത്തിച്ചു. എന്തിന്‌ സിപിഎം മോഡലില്‍ കേഡര്‍ സംവിധാനം വരെ പ്രാദേശികമായി അവര്‍ സൃഷ്‌ടിച്ചു. റെഡ്‌ വോളന്റിയേഴ്‌സിനെ വരെ സജ്ജമാക്കി. ഒരിക്കലും കോണ്‍ഗ്രസടക്കം വലതുപക്ഷ സംഘടനകളുമായി കൂട്ടുകൂടിയുമില്ല. അതായത്‌ സിപിഎമ്മിലെ വലതുപക്ഷ നയങ്ങളില്‍ വിയോജിച്ച്‌ പുറത്തു വന്ന അണികള്‍ ഒരു ബദല്‍ ഇടതുപക്ഷമായി മാറി എന്നതാണ്‌ സത്യം.

ഇവിടെ ആര്‍.എം.പി പോലെയുള്ള ബദല്‍ സംവിധാനങ്ങളെ ഇടതുപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കൂടെ നിര്‍ത്താന്‍ സിപിഎം ആഗ്രഹിച്ചിരുന്നില്ല. ഒപ്പം സിപിഎം സ്വന്തം വലതുപക്ഷ നയങ്ങള്‍ തിരുത്തി ആര്‍.എം.പി പോലെയുള്ള സംവിധാനങ്ങളില്‍ നിന്നും തങ്ങളുടെ പ്രവര്‍ത്തകരെ തിരിച്ചു കൊണ്ടുവരാനും തയാറില്ല. മറിച്ച്‌ വെറും ഒരു ഫാസിസ്റ്റ്‌ സംഘടനയെപ്പോലെ തങ്ങള്‍ക്കെതിരെ ബദല്‍ നീക്കം നടത്തിയ ആര്‍.എം.പിയുടെ അമരക്കാരന്‍ ടി.പിചന്ദ്രശേഖരനെ കൊന്നു കളയുകയാണ്‌ അവര്‍ ചെയ്‌തത്‌. കൊന്നത്‌ ഞങ്ങളല്ല എന്ന്‌ സിപിഎം പറഞ്ഞാലും വി.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊന്നത്‌ പാര്‍ട്ടിയല്ലെന്ന്‌ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ല. ഇപ്പോള്‍ ചന്ദ്രശേഖരന്‍ മരിച്ചിട്ട്‌ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജീവിച്ചിരുന്ന ചന്ദ്രശേഖരന്‍ പ്രാദേശിക നേതാവ്‌ മാത്രമായിരുന്നെങ്കില്‍ ഒരു വര്‍ഷം കൊണ്ട്‌ ചന്ദ്രശേഖരന്‍ എന്നത്‌ കുറഞ്ഞത്‌ കേരളത്തിന്റെ മൊത്തം ജനവികാരമായിരിക്കുന്നു. കൊലപാതക രാഷ്‌ട്രീയത്തോടും അക്രമരാഷ്‌ട്രീയത്തോടുമുള്ള ജനപക്ഷത്തിന്റെ എതിര്‍പ്പായി ചന്ദ്രശേഖരനോടുള്ള സ്‌നേഹം കേരളീയ സമൂഹത്തില്‍ നിന്നും പുറത്തു വരുന്നു. എന്നാല്‍ ഒരുവര്‍ഷം തുടരുമ്പോഴും സിപിഎം തങ്ങള്‍ക്ക്‌ നേരെ ഉയരുന്ന വിരുദ്ധ വികാരങ്ങളില്‍ നിന്നും ഒന്നും പഠിച്ചിട്ടില്ല. കാരണം പഠിക്കാന്‍ അവര്‍ക്ക്‌ ഇഷ്‌ടമില്ല എന്നത്‌ തന്നെ. കേരളത്തില്‍ പല ജനവിരുദ്ധ ഭരണ നിലപാടുകള്‍ നിലനിര്‍ക്കുമ്പോഴും അതിനെതിരെയൊന്നും സമരങ്ങള്‍ നയിക്കാതെ വിഭാഗീയ പ്രശ്‌നങ്ങളില്‍ മാത്രം മുഖം പുഴ്‌ത്തിയിരിക്കുന്ന പാര്‍ട്ടിയായി മാറിയിരിക്കുന്നു സിപിഎം.

വിഭാഗീയ പ്രശ്‌നങ്ങള്‍ എന്ന്‌ പറയുമ്പോള്‍ എങ്ങനെയുള്ള വിഭാഗീയത എന്നതു കൂടി പ്രസക്തമാണ്‌. സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ വര്‍ഗീയ താത്‌പര്യങ്ങളുള്ള സംഘടനകളുമായിട്ടുള്ള കൂട്ടുകൂടല്‍, മാഫിയ ബന്ധങ്ങള്‍, ഭരണതലത്തിലെ അഴിമതികള്‍, കോര്‍പ്പറേറ്റ്‌ ബന്ധങ്ങള്‍, വലതുപക്ഷ വ്യതിയാനം തുടങ്ങി നിരവധിയായി പ്രശ്‌നങ്ങളുടെ പുറത്ത്‌ സംഭവിച്ചിരിക്കുന്ന ഒരു വിള്ളലാണ്‌ വി.എസ്‌ പക്ഷവും പിണറായി പക്ഷവുമായി ചേരി തിരഞ്ഞുള്ള കാലങ്ങളായ വിഭാഗീയത. ഇതിന്റെ അനന്തഫലമെന്താണ്‌. എപ്പോഴും സജ്ജരായിരുന്ന പാര്‍ട്ടി അണികള്‍ ഏറെക്കുറെ നിര്‍ജീവമാകുകയോ, ഒഞ്ചിയം, ഷൊര്‍ണ്ണൂര്‍ മോഡലില്‍ പുതിയ ബദലുകള്‍ക്ക്‌ ശ്രമിക്കുകയോ ചെയ്യുന്നു. ഡി.വൈ.എഫ്‌.ഐ, എസ്‌.എഫ്‌.ഐ തുടങ്ങിയ പോഷക സംഘടനകളില്‍ പഴയതുപോലെ പ്രവര്‍ത്തകര്‍ എത്തുന്നില്ല. എല്ലാത്തിനും ഉപരിയായി സമീപകാലത്ത്‌ സിപിഎമ്മിന്‌ കേരളത്തില്‍ ഒരു സമരം പോലും കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരത്തിന്‌ ഇറങ്ങിപുറപ്പെട്ട്‌ സിപിഎം ദയനീയമായി പരാജയപ്പെട്ടു. ഭൂസമരത്തിന്‌ ഇറങ്ങിത്തിരിച്ച്‌ അതിലും ദയനീയമായി പരാജയപ്പെട്ടു. വിലവര്‍ദ്ധനവിനെതിരെ ആറ്റുകാല്‍ പൊങ്കാല മോഡലില്‍ നടുറോഡില്‍ അടുപ്പുകൂട്ടി ചിക്കന്‍ഫ്രൈ വെച്ച്‌ തിന്ന്‌ സ്വയം അപഹാസ്യരായി. സിപിഎം പോലൊരു സംഘടന ഇത്തരം നാണം കെട്ട വഴിപാട്‌ സമരങ്ങളിലേക്ക്‌ പോകുന്നു.

ഇപ്പോഴാവട്ടെ ഡിവൈഎഫ്‌ഐയും സിപിഎമ്മും കോണ്‍ഗ്രസിലെ ചെന്നിത്തല മോഡല്‍ കേരളയാത്രകളാണ്‌ കാര്യമായ പ്രവര്‍ത്തന പരിപാടികളായി കണ്ടിരിക്കുന്നത്‌. ഒരു ഇടതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കെടുകാര്യസ്ഥതയുടെ അങ്ങേയറ്റമാണിത്‌. കേരളത്തിന്‌ എല്ലാകാലത്തും ഒരു ഇടതുപക്ഷ മനസുണ്ട്‌. ആ മനസാണ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ പോലെ ഒരു ദേശിയ പ്രസ്ഥാനം ഇവിടെ ശക്തമായി ഉള്ളപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വേരോട്ടം നല്‍കിയത്‌. അവിടെ സഖാക്കന്‍മാര്‍ നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കുകയും ഏത്‌ തട്ടിലുള്ള പ്രവര്‍ത്തകരോടും ജനങ്ങളോടും ഒരു സഖാവത്വം സൂക്ഷിക്കുകയും ചെയ്‌തിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പിനും അപ്പുറം ഇടതുപക്ഷ മനസുകളിലൂടെ കണ്ണിചേര്‍ക്കപ്പെട്ട ഒന്നാണ്‌ ഈ സഖാവത്വം. പാര്‍ട്ടി വിട്ടുപോയി എന്നപേരില്‍ ചന്ദ്രശേഖരന്‍ എന്ന സഖാവിനെ കൊല്ലുമ്പോള്‍ നഷ്‌ടപ്പെട്ടു പോയത്‌ ഈ സഖാവത്വമാണ്‌. ഇത്‌ ഒരുപാട്‌ സാധാരണ സഖാക്കളെ മുറിവേല്‍പ്പിക്കുന്നുവെന്നും നൊമ്പരപ്പെടുത്തുന്നുവെന്നും മനസിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന്‌ ഇനിയും കഴിഞ്ഞിട്ടുമില്ല. എന്തുകൊണ്ടെന്നാല്‍ സിപിഎമ്മിന്റെ നേതൃത്വം പൂര്‍ണ്ണമായും ഒരു മാടമ്പി സ്വഭാവത്തിലേക്ക്‌, ഫാസിസ്റ്റ്‌ സ്വഭാവത്തിലേക്ക്‌ മാറി കഴിഞ്ഞിരിക്കുന്നു. ഇന്നും സിപിഎമ്മില്‍ അണികള്‍ നില്‍ക്കുന്നത്‌ അവര്‍ക്ക്‌ മറ്റൊരു ബദല്‍ മുമ്പിലില്ല എന്നതുകൊണ്ട്‌ മാത്രമാണ്‌. എന്നാല്‍ ഇത്‌ മനസിലാക്കി തിരുത്താന്‍ സിപിഎം തയാറാകുന്നുമില്ല. ജനപക്ഷ രാഷ്‌ട്രീയത്തില്‍ നിന്നും ഫ്യൂഡല്‍ രാഷ്‌ട്രീയത്തിലേക്കുള്ള വളര്‍ച്ചയുടെ പാതയില്‍ നില്‍ക്കുന്ന സി.പി.എം ഇനിയും ഒന്നും പഠിക്കുമെന്ന്‌ തോന്നുന്നില്ല. ഇവിടെ വി.എസിന്റെ വിശ്വസ്‌തരെ പുറത്താക്കിയ രീതി തന്നെ ശ്രദ്ധിക്കുക. വി.എസിന്‌ ഒപ്പമുള്ളവരെ പുറത്താക്കുമ്പോള്‍, അവരുടെ പക്ഷം കേള്‍ക്കാന്‍ പോലും ഒരു അവസരം കൊടുക്കുകയുണ്ടായില്ല. തങ്ങളുടെ പക്ഷം വിശദീകരിച്ചുകൊണ്ട്‌ സുരേഷടക്കമുള്ളവര്‍ നല്‍കിയ കത്ത്‌ വെയിസ്റ്റ്‌ ബോക്‌സിലേക്ക്‌ പോയി എന്നതാണ്‌ സത്യം. പുറത്താക്കാന്‍ സംസ്ഥാന കമ്മറ്റിയിലെ രാജാവും നാട്ടു പ്രമാണിമാരും തീരുമാനിക്കുന്നു. അതിന്‌ അംഗീകാരം കിട്ടുന്നു എന്നതാണ്‌ ശരി. വി.എസിനെ കൂടി ഇങ്ങനെ എടുത്തു കളയാനും സിപിഎമ്മിന്റെ സംസ്ഥാന ഭരണ നേതൃത്വത്തിലെ മാടമ്പികള്‍ക്ക്‌ മടിയുണ്ടായിട്ടല്ല. അവരുടെ ആഗ്രഹവും അത്‌ തന്നെ.

എന്നാല്‍ പാര്‍ട്ടി പിളര്‍ന്നു പോകുമോ എന്ന്‌ കേന്ദ്രനേതൃത്വത്തിന്റെ ഭയം മാത്രമാണ്‌ വി.എസിനെ ഇപ്പോഴും പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നത്‌. എന്നാല്‍ ഒരു സ്വയം വിലയിരുത്തലിനോ, പാഠം പഠിക്കലിനോ തീര്‍ച്ചയായും താത്‌പര്യമില്ലെന്ന്‌ സ്വന്തം പ്രവര്‍ത്തകരെ നശിപ്പിച്ചുകൊണ്ട്‌ ഒരു പാര്‍ട്ടി വ്യക്തമാക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കേരളം കാണുന്നത്‌. വോട്ട്‌ ബാങ്ക്‌ നിലനിര്‍ത്തുക, കൈയ്യടി സംഘത്തെ നിലനിര്‍ത്തുക എന്നതൊക്കെ മാത്രമായിരിക്കുന്നു ഇപ്പോള്‍ സിപിഎമ്മിന്റെ അജണ്ട. അതിനപ്പുറം രാഷ്‌ട്രീയമെന്നത്‌ മറന്നു പോകുകയാണിവിടെ. കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ഒരു ജനരാഷ്‌ട്രീയം ഉയര്‍ന്നു വന്നപ്പോള്‍ അതിനെപ്പോലും പരിഹസിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്യുന്നതായിരിക്കുന്നു സിപിഎമ്മിന്റെ നയം. സിപിഎം അണികള്‍ ചന്ദ്രശേഖരന്റെ വിധവ കെ.കെ രമയെ പലപ്പോഴായി പരിഹസിക്കുന്നത്‌ ഇത്തരം ക്രൂരമായ സാഡിസ്റ്റ്‌ മനോഭാവത്തിന്റെ തെളിവാണ്‌. ഇതെല്ലാം സിപിഎമ്മിനെ കൂടുതല്‍ കൂടുതലായി ജനങ്ങളില്‍ നിന്നും അകറ്റുക മാത്രമേയുള്ളു. ഇത്‌ തിരിച്ചറിയാനുള്ള ഷോക്ക്‌ ട്രീറ്റ്‌മെന്റുകളായിരുന്നു സത്യത്തില്‍ ഒഞ്ചിയവും ഷൊര്‍ണ്ണൂരുമൊക്കെ. പക്ഷെ വി.എസ്‌ പറഞ്ഞതു തന്നെയാണ്‌ വാസ്‌തവം. പാഠം പഠിക്കാന്‍ സിപിഎം തയാറല്ല.

പിണറായി വിജയന്‍ ഒരു രാജാവും, ജയരാജന്‍മാര്‍ സാമന്തന്‍മാരുമായി ഫ്യൂഡന്‍ ഭരണം നടത്തുന്ന ഒരിടത്ത്‌ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. എങ്കിലും രാജാവ്‌ നഗ്നനാണെന്ന്‌ പറയാന്‍ ആരെങ്കിലുമൊക്കെയുണ്ടല്ലോ. അത്‌ തന്നെ വലിയ ആശ്വാസം.

കടപ്പാട് : ഇമലയാളി

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh