നോബേല്‍ സമ്മാനജേതാവ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു

guntergrass c130fമ്യൂനിച്ച് : പ്രശസ്ത സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ഗുന്തര്‍ ഗ്രാസ് (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ല്യൂബെക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗുന്തര്‍ ഗ്രാസിന്റെ അന്ത്യം.

1999-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 'ദ ടിന്‍ ഡ്രം' എന്ന നോവലിന് ലഭിച്ചു. ക്യാറ്റ് ആന്‍ഡ് മൗസ്, ഡോഗ് ഇയേഴ്‌സ്, ലോക്കല്‍ അനസ്തിറ്റിക്, ദ ഫ്ലര്‍, ദ പ്ലബിയന്‍സ് റമോര്‍സ് ദി അപ്‌റൈസിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ്.

ജര്‍മനിയിലെ തുറമുഖനഗരമായ ഗാന്‍സ്‌കില്‍ 1927-ലാണ് ഗുന്തര്‍ഗ്രാസിന്റെ ജനനം. സാമൂഹിക- രാഷ്ട്രീയവിഷയങ്ങളിലൂന്നിയുള്ള രചനകളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. 1959-ല്‍ രചിച്ച ടിന്‍ഡ്രം രണ്ടാം ലോകമഹായുദ്ധം അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട നാസി വിരുദ്ധകൃതിയാണ്. നോവല്‍, കവിത, നാടകം തുടങ്ങിയ സാഹിത്യത്തിന്റെ സമസ്തമേഖലകളിലും ഗുന്തര്‍ ഗ്രാസ് വ്യക്തിമുദ്ര പതിപ്പിച്ചു. ശില്‍പനിര്‍മാണം, ഗ്രാഫിക് ആര്‍ട്ട് എന്നിവയിലും മികവ് പുലര്‍ത്തി.

രണ്ടാം ലോകമഹായുദ്ധകാലത്ത്, പതിനാറ് വയസുള്ളപ്പോള്‍ ജര്‍മന്‍ സേനയില്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടി വന്നു ഗുന്തര്‍ ഗ്രാസിന്. യുദ്ധത്തടവുകാരനുമായി.

ആദ്യപുസ്തകമായ ദ ടിന്‍ ഡ്രം തന്നെ അദ്ദേഹത്തെ അന്താരാഷ്ട്രപ്രശസ്തനാക്കി. ചരിത്രവും മാജിക്കല്‍ റിയലിസവും ചേര്‍ന്നെഴുതപ്പെട്ട ചാരുതയാര്‍ന്ന നോവലാണ് ടിന്‍ ഡ്രം. ടിന്‍ ഡ്രം പിന്നീട് അതേപേരില്‍ തന്നെ സിനിമയായി. 1979-ല്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരം ടിന്‍ ഡ്രമ്മിന് ലഭിച്ചു.

ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഗ്രാസിന്റെ മിക്ക രചനകളും ഇടതുപക്ഷ ആശയങ്ങളോട് അനുഭാവം വെച്ചുപുലര്‍ത്തി.

നാസി ഭീകരത അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രാസിന്റെ രചനകള്‍ യുദ്ധത്തിന്റെ ഭീകരതകള്‍ വിളിച്ചു പറയുന്നു.

മനസ് ഉറയ്ക്കുന്നതിന് മുമ്പ് സൈന്യത്തില്‍ ചേരേണ്ടി വന്നതും തുടര്‍ന്ന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളും ഗ്രാസ് തന്റെ ഓര്‍മക്കുറിപ്പായ സ്‌കിന്നിംഗ് ദ ഒണിയനില്‍ പറയുന്നുണ്ട്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഗ്രാസ്. മൂന്ന് തവണ ഇന്ത്യയില്‍ വന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh