ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവും

ഇതു കര്‍ക്കിടകം ഇനി രാമായണ പാരായണവും ശ്രീരാമനാമജപവും

ശ്രീ രാമ! രാമ! രാമ! ശ്രീരാമ.....

എരിയുന്ന നിലവിളക്കിനു മുന്നില്‍ മനസ്‌ ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണ പാരായണദിനങ്ങളാണ്‌ ഇന്നു മുതല്‍. ഉറഞ്ഞുതുള്ളിപ്പെയ്യുന്ന മഴയുടെ കെടുതികളില്‍ നിന്നും രക്ഷനേടാന്‍ എരിയുന്ന നിലവിളക്കിനു മുന്നില്‍ മനസ്‌ ശ്രീരാമഭഗവാനില്‍ അര്‍പ്പിച്ചുള്ള രാമായണപാരായണ ദിനങ്ങളാണ്‌ ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാമിനി.

അവനവന്റെ കുടുംബത്തോടും രാജ്യത്തോടും ഓരോ വ്യക്‌തിയും നിര്‍വഹിക്കേണ്ട കടമകളും ചുമതലകളും ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ നിര്‍വഹിച്ചു പൂര്‍ണത നേടേണ്ടത്‌ എങ്ങനെയയെന്നു രാമായണം എന്ന ഇതിഹാസകാവ്യം നമ്മെ പഠിപ്പിക്കുന്നു. രാമായണത്തിലൂടെ ശ്രീരാമചന്ദ്രസ്വാമി നമുക്ക്‌ നല്‍കുന്ന മാര്‍ഗദര്‍ശനം ഒരു കാലത്തും നാശമില്ലാത്തതാണ്‌. സമൂഹത്തില്‍ അധര്‍മത്തെ ത്യജിച്ചു ധര്‍മത്തെ പരിരക്ഷിക്കപ്പെടാന്‍ ശ്രീരാമന്റെ അയനം -രാമായണം- നമ്മെ പഠിപ്പിക്കുന്നു.

നിഷാദവംശജനായ ഗുഹനേയും കാട്ടാളവംശത്തില്‍ ജനിച്ച ശബരിയേയും ബഹുമാനിച്ചു സ്‌നേഹിക്കുന്ന ശ്രീരാമന്റെ ചിത്രം എക്കാലവും നമ്മുടെ മനസില്‍ തെളിഞ്ഞുനില്‍ക്കും. രാക്ഷസവംശത്തില്‍ ജനിച്ചവനെങ്കിലും വിഭീഷണന്റെ ഭക്‌തിയെ അംഗീകരിച്ചു, സ്വഭാവശുദ്ധിയെ ആദരിച്ചു രാമന്‍ കൂടെ കൂട്ടി. വാനരവംശത്തില്‍ ജനിച്ച സുഗ്രീവനും ഹനുമാനും ജാംബവാനും എല്ലാം രാമന്റെ ഇഷ്‌ടജനങ്ങളാണ്‌. ഒരുവന്റെ പ്രവൃത്തിയാണ്‌ അവനെ യോഗ്യനാക്കുന്നതും അധ:പതിപ്പിക്കുന്നതുമെന്നു രാമായണത്തില്‍ വ്യക്‌തമാക്കുന്നു.

മാതൃ-പുത്ര സ്‌നേഹം, ഭാര്യാ-ഭര്‍ത്തൃബന്ധം, സഹോദരസ്‌നേഹം എന്നിവയെല്ലാം കഥാസന്ദര്‍ഭത്തിലൂടെ നമുക്കു പറഞ്ഞുതരാന്‍ രാമായണത്തിനു സാധിക്കുന്നു. ഒരു ഭരാണാധികാരിയുടെ കര്‍ത്തവ്യബോധവും പ്രജകളോടുള്ള വാത്സല്യവും അധികാരത്തോടുള്ള വിരക്‌തിയും എല്ലാം നമുക്കു കാണിച്ചു തരുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ വളര്‍ന്നു വാനോളം എത്തിയിരിക്കുന്ന അഴിമതിക്കും അധികാര തര്‍ക്കങ്ങള്‍ക്കും കുടുംബബന്ധങ്ങളില്‍ കാണുന്ന വിള്ളലുകള്‍ക്കും എല്ലാമുള്ള പരിഹാര നിര്‍ദേശങ്ങള്‍ രാമായണത്തിലുണ്ട്‌. ജാതിമത വര്‍ഗചിന്തകളുടെ പേരിലുള്ള ഉച്ചനീചത്വങ്ങളും തര്‍ക്കങ്ങളും മറന്ന്‌ ഒരമ്മയുടെ മക്കളാണു നാമെന്ന ചിന്തയും പുണ്യവും രാമായണപാരായണത്തിലൂടെയും രാമനാമജപത്തിലൂടെയും നമുക്കു പ്രാപ്‌തമാകും.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh