ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?ഇന്റര്‍നെറ്റിലെ ബിസിനസ് സാധ്യതകള്‍ക്ക് അന്തമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഭാവനാസമ്പന്നരായ ഭൂരിപക്ഷമാളുകളും ഫേസ്ബുക്കില്‍ ഒതുങ്ങുന്നത്?

ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനങ്ങളിലൊന്ന് ഒരിനം ലേഡീസ് ബാഗാണ്. മുതലത്തോലില്‍ ഉണ്ടാക്കിയ 'ബിര്‍കിന്‍' എന്ന ലേഡീസ് ഹാന്‍ഡ്ബാഗ്. ആമത്തോട് കൊണ്ട് കുടുക്കുകളിട്ടവയുമുണ്ട്. കൂടുതല്‍ മുന്തിയ ഇനത്തില്‍ വജ്രങ്ങളും പതിച്ചിട്ടുണ്ടാവും. ഒന്നിന്റെ വില ഏതാണ്ട് 5 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ.
 
ലോകത്തിലെ ഏറ്റവും മുന്തിയ ആഡംബര ബ്രാന്‍ഡുകളിലൊന്നായ ഹെര്‍മിസ് കുടംബത്തിലെ അംഗമാണ് ബിര്‍കിന്‍. ഫാഷന്റെ ആഗോളതലസ്ഥാനമായ പാരീസാണ് ഹെര്‍മിസിന്റെ ആസ്ഥാനം. ഈ ലേഡീസ് ബാഗിന്റെ വില ഇങ്ങനെ ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണം സാധനം ആവശ്യത്തിന് ലഭ്യമല്ല എന്നതു തന്നെ. (ബ്രാന്‍ഡിംഗിലെ ഒരു പ്രധാന പാഠമാണിത്. ഉയര്‍ന്ന ഗുണനിലവാരം, അതിനെക്കാള്‍ ഉയര്‍ന്ന പരിവേഷം, ഉയര്‍ന്ന വില, പരിമിത ലഭ്യത എന്നിവ ചേര്‍ന്ന ഒരു സക്‌സസ് ഫോര്‍മുല).
 
വര്‍ഷങ്ങള്‍ നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് ഒരു ബിര്‍കിന്‍ ബാഗ് സ്വന്തമാക്കാന്‍ നിലവിലുള്ളത്. അതിനാല്‍, ബിര്‍കിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയും ഉഷാറാണ്. ഹെര്‍മിസിന്റെ ചില സ്‌കാര്‍ഫുകള്‍ക്കുമുണ്ട് ഏതാണ്ട് ഇതേ ഡിമാന്‍ഡ്. വില, ഒന്നിന് 20,000-40,000 രൂപ. (സ്‌കാര്‍ഫിന് വേറെ അര്‍ത്ഥമൊന്നുമില്ല -തലയിലോ കഴുത്തിലോ ചുമ്മാ ഒരു അലങ്കാരത്തിന് ചുറ്റിയിടുന്ന തുണിക്കഷണം. കൂടിയ സില്‍ക്കില്‍ അതിഗംഭീര ഡൈയിങ് നടത്തി ഉണ്ടാക്കുന്ന സ്‌കാര്‍ഫുകളാണ് ഹെര്‍മിസിന്റേത്).
 
ഇന്റര്‍നെറ്റ് വന്നതോടെ ഇത്തരം സാധനങ്ങളുടെ സെക്കന്‍ഡ് ഹാന്‍ഡ് കച്ചവടം കൂടുതല്‍ എളുപ്പമായി. ebay.com പോലുള്ള വെബ്‌സൈറ്റുകളിലൂടെ സാധാരണ ലഭ്യമായ സാധനങ്ങളുടെ ഫസ്റ്റ് ഹാന്‍ഡ് കച്ചവടങ്ങള്‍ക്കൊപ്പം വില കൂടിയതും ലഭ്യത കുറഞ്ഞതുമായ സാധനങ്ങളുടെയും കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ദിവസേന നടക്കുന്നത്. എന്തിനു പറയുന്നു, സെക്കന്‍ഡ് ഹാന്‍ഡ് ബിര്‍കിന്‍ ബാഗുകള്‍ വിറ്റ് കോടീശ്വരനായ ഒരു പയ്യന്റെ ആത്മകഥ വരെ വന്നു കഴിഞ്ഞു. മൈക്കിള്‍ ടോണെല്ലോ എന്ന അമേരിക്കാരന്റേതാണ് ബിര്‍ക്കിനെ വീട്ടിലെത്തിക്കല്‍ എന്ന പേരിലുള്ള ഈ രസികന്‍ ആത്മകഥ. സെക്കന്‍ഡ് ഹാന്‍ഡ് വില്‍ക്കണമെങ്കിലും ആദ്യം സാധനം കൈയില്‍ വരണമല്ലോ. അതും പലപ്പോഴും സെക്കന്‍ഡ് ഹാന്‍ഡ് തന്നെ. (അല്ലെങ്കിലും തേഡ് ഹാന്‍ഡെന്നും ഫോര്‍ത് ഹാന്‍ഡെന്നും പ്രയോഗമില്ലല്ലോ. എത്ര കൈമറിഞ്ഞാലും കച്ചവടം സെക്കന്‍ഡ് ഹാന്‍ഡ് തന്നെ. രണ്ട് കൈകള്‍ ചെയ്യുന്നത് മൂന്നാമത്തെ കൈ അറിയരുതെന്ന് ആരും പറയാതെ തന്നെ മനുഷ്യര്‍ അനുസരിച്ചുപോരുന്നു).
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh