ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: മാർപാപ്പാ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

Pope-Francis-w 200ba1.ഞാന്‍ വിശ്വാസിയാണ്; എന്നാല്‍ എന്റെ ദൈവം കത്തോലിക്കനല്ല: ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; പക്ഷെ എന്റെ ദൈവം ഒരു കത്തോലിക്കാ ദൈവമല്ല. കത്തോലിക്കാ ദൈവമില്ല; വെറും ദൈവമേയുള്ളൂ.

ജനത്തിന്റെ ആശീര്‍വാദം ചോദിച്ച്‌ തല കുനിച്ചതും, ബസ്സില്‍ മടക്കയാത്ര നടത്തിയതും, വത്തിക്കാന്‍ പാലസ്‌ വേണ്ടന്നു വച്ചതും, മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെ പേപ്പല്‍ കുര്‍ബാനയ്‌ക്ക്‌ വിളിച്ചതും, പെസഹായ്‌ക്കു ജയില്‍പുള്ളികളുടെ കാലുകഴുകിയതുമൊക്കെ സാധാരണക്കാരെയെല്ലാം ഏറെ സന്തോഷിപ്പിച്ചു.ഫ്രാന്‍സീസും സാധാരണക്കാരും തമ്മിലുള്ള അകലം പടിപടിയായി കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ദേശത്തിന്റെയും, വംശത്തിന്റെയും, ഭാഷയുടെയും, വിശ്വാസത്തിന്റെയുമൊക്കെ മതിലുകളെ അതിജീവിച്ചു കൊണ്ടാണ്‌ ഈ ഹൃദയാടുപ്പം വളര്‍ന്നുകൊണ്ടിരിക്കുന്നത്‌.
 
ദൈവപുത്രന്‍ മനുഷ്യഹൃദയങ്ങളില്‍ വസിക്കുന്നത് സാഹോദര്യത്തിന്റെ വികാരം കുത്തിവയ്ക്കാനാണ്. എല്ലാവരും ഒരേ പിതാവിന്റെ മക്കളാണ്. അതിനാല്‍ സഹോദരന്മാരുമാണ്. ക്രിസ്തു ദൈവത്തെ ‘ആബാ’, പിതാവേ എന്നാണ് വിളിച്ചത്. ഞാന്‍ നിങ്ങള്‍ക്ക് വഴികാണിച്ചു തരാം എന്നാണ് ക്രിസ്തു പറഞ്ഞത്. എന്റെ പിന്നാലെ വരിക. നിങ്ങള്‍ക്ക് പിതാവിനെ കണ്ടെത്താനാവും. അപ്പോള്‍ നിങ്ങളെല്ലാം ആ പിതാവിന്റെ മക്കളായി തീരും. അവിടുന്ന് നിങ്ങളില്‍ സന്തോഷിക്കു കയും ചെയ്യും. നമുക്ക് ഓരോരുത്തര്‍ക്കും മറ്റുള്ളവരോടുള്ള സ്നേഹമാണ് ’അഗാപ്പേ’. നമ്മുടെ അടുത്തു നില്‍ക്കുന്നവരോടും, അകന്നു നില്‍ക്കുന്നവരോടും ഉള്ള സ്നേഹം. അതു മാത്രമാണ് യേശു നമുക്കു തന്ന രക്ഷയിലേക്കും സൗഭാഗ്യത്തിലേക്കുമുള്ള ഏക വഴി. പിന്നെ ഞാന്‍ യേശുക്രിസ്തുവിലും അവന്റെ മനുഷ്യാവതാരത്തിലും വിശ്വസിക്കുന്നു. അവനാണ് എന്റെ ഗുരുവും ഇടയനും. എന്നാല്‍ ദൈവം എന്റെ പിതാവാണ്; എന്റെ വെളിച്ചവും സൃഷ്ടാവുമാണ്. ഇതാണ് ഞാന്‍ വിശ്വസിക്കുന്ന സത്ത. ദൈവം എന്നത് അന്ധകാരത്തെ നീക്കുന്ന വെളിച്ചമാണ്. അത് ഇരുട്ടിനെ ലയിപ്പിച്ചു കളയുന്നില്ലെങ്കിലും അന്ധകാരത്തെ വെളിച്ചമാക്കുന്നു. ആ വെളിച്ചത്തിന്റെ ഒരു കിരണം നമ്മില്‍ ഓരോരുത്തരിലുമുല്ല്. കാലം ചെല്ലുമ്പോള്‍ മനുഷ്യകുലം അറ്റുപോകും. എന്നാല്‍ ദൈവിക വെളിച്ചം ഒരിക്കലും കെട്ടുപോകുന്നില്ല. ആ ദിവ്യവെളിച്ചം എല്ലാവരിലും അപ്പോള്‍ നിറയുന്നു. എല്ലാം കീഴടക്കുന്നു. അതീന്ദ്രീയത നിലനില്‍ക്കുന്നതിനു കാരണം ഓരോ ജീവിയിലും നിറഞ്ഞിരിക്കുന്ന ആ ദിവ്യവെളിച്ചമാണ്. നമുക്കിനി ഇന്നത്തെ കാലത്തിലേക്കു തിരിച്ചു വരാം.
 
2.തൊഴിലില്ലായ്മയും,വയോധികരുടെ ഏകാന്തതയും: ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ തൊഴിലില്ലായ്മയും,വയോധികരുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിഗണനയും, സൗഹൃദവും, കരുതലും വേണം. യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷയും വേണം. ഭൂതകാലത്തിന്റെ ഓര്‍മ്മകളില്ലാതെയും ഒരു നല്ല ഭാവിയോ, കുടുംബമോ നിര്‍മ്മിക്കാനോ ഉള്ള താല്‍പര്യംപോലും ഇല്ലാതെയും നമുക്ക് എങ്ങനെ മുമ്പോട്ടു പോകാനാകും?
 
3.മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന മേലദ്ധ്യക്ഷന്മാര്‍: ‘ആത്മാനുരാഗം’ എന്ന വാക്ക് എനിക്കിഷ്ടമല്ല. അത് ഉദ്ദേശിക്കുന്നത് ആത്മരതിയെയാണ്. അത് സ്വയം പൂജയാണ്. അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്‍ക്കും, അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യില്ല. യഥാര്‍ത്ഥ പ്രശ്നം അതൊരുതരം മാനസിക വിഭ്രാന്തിയാണ് എന്നതാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരു മാണ്. മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാര്‍ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില്‍ കോള്‍മയിര്‍ കൊള്ളുന്ന ആത്മാനുരാഗികള്‍. “ഈ കൊട്ടാര വിദൂഷകരാണ് പേപ്പസിയുടെ കുഷ്ഠരോഗം.”കൂരിയായില്‍ വിദൂഷകസംഘങ്ങളുണ്ട്. പരിശുദ്ധസിംഹാസ നത്തെ സേവിക്കുന്ന ശുശ്രൂഷകളെ നിയന്ത്രിക്കുക എന്നതാണ് അതിന്റെ ദൗത്യം. പക്ഷേ, അതിനൊരു കുറവുണ്ട്. അത് വത്തിക്കാന്‍ കേന്ദ്രീകൃതമാണ്. വത്തിക്കാന്റെ താല്പര്യങ്ങള്‍ മാത്രമേ അതു കാണുന്നുള്ളൂ; സംരക്ഷിക്കുകയുള്ളൂ. അത് പലപ്പോഴും ഭൗതിക താല്‍പര്യങ്ങളാണുതാനും. വത്തിക്കാന്‍ കേന്ദ്രീകൃതമായ വീക്ഷണം ചുറ്റുമുള്ള ലോകത്തെ അവഗണിക്കുന്നു. ദൈവജനത്തിന്റെ കൂട്ടായ്മയായി സഭ മാറണം. ആത്മാക്കളുടെ ശുശ്രൂഷാ ചുമതലയുള്ള വൈദികരും മെത്രാന്മാരും ദൈവജനശുശ്രൂഷയില്‍ വ്യാപൃതരാകണം. ഇതാണ് സഭ. ഇതു തന്നെയാണ് പരിശുദ്ധ സിഹാസനവും.
 
4.ആധുനിക സമൂഹം നേരിടുന്ന പ്രതിസന്ധി: ആധുനിക സമൂഹം വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. സാമൂഹികവും ആത്മീയവും കൂടിയാണ്. ബ്രസീലില്‍ യുവജനസംഗമത്തിന്റെ സമാപനത്തില്‍ ലക്ഷോപലക്ഷം യുവാക്കളോടായി പാപ്പാ പറഞ്ഞു: “ഈ യുവജനസംഗമത്തിന്റെ പരിണത ഫലമായി ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്താണെന്നോ? അസ്വസ്ഥതകളാണ്‌. നിങ്ങളുടെ രൂപതകളിലും ഇടവകകളിലും അസ്വസ്ഥതകൾ ഉണ്ടാകെണം. സ്വസ്ഥതയുടെയും, സുഖഭോഗത്തിന്റെയും, പൗരോഹിത്യ പ്രമത്തതയുടെയും കൂടാരങ്ങള്‍ വിട്ട്‌ നിങ്ങള്‍ തെരുവിലേക്കിറങ്ങണം. ഇടവകകളിലും, സ്ഥാപനങ്ങളിലുമെല്ലാം ഇത്‌ സംഭവിക്കണം.”ചുറ്റുമുള്ള ദരിദ്രരെയും തൊഴില്‍ രഹിതരെയും കണ്ട്‌ അസ്വസ്ഥരാകുന്ന ഒരു ക്രൈസ്‌തവ സമൂഹമാകാനാണ്‌ പാപ്പാ നമ്മെ വെല്ലുവിളിക്കുന്നത്‌. പള്ളിയും ഇടവകയും വിട്ട്‌ നാം പുറത്തേക്കിറങ്ങേണ്ടിയിരിക്കുന്നു. നമ്മുടെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലും സ്‌പെഷ്യലൈസ്‌ഡ്‌ ആശുപത്രികളിലും പാവപെട്ടവര്‍ക്ക്‌ പ്രവേശനം ലഭിക്കണം. ഒരു തരത്തിലും നമ്മുടെ സ്ഥാപനങ്ങളുടെ പരിസരത്ത്‌ പോലും എത്താന്‍ കഴിയില്ലെന്ന്‌ കരുതുന്ന ദരിദ്രരുടെ അടുത്തേക്ക്‌ നാം ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു. അവരുടെ അജ്ഞതയും രോഗവും ദാരിദ്ര്യവും കണ്ട്‌ അസ്വസ്ഥരാകാനാണ്‌ പാപ്പായുടെ ആഹ്വാനം. ആദിവാസികളുടെ ജീവിതക്ലേശങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും കണ്ട്‌ വേദനിക്കുകയും പരിഹാരത്തിനായി അസ്വസ്ഥരാകുകയും ചെയ്യുന്ന സഭയാണ്‌ യഥാര്‍ത്ഥ ക്രിസ്‌തീയ സഭ.
 
5.മനോഭാവവും ചിന്താരീതിയും മാറണം: നമ്മുടെ മനോഭാവവും ചിന്താരീതിയും മാറ്റാനാണ് ഫ്രാന്‍സീസ്‌ പാപ്പാ ആഹ്വാനം ചെയ്യുന്നത്‌‌. സഭയും സഭാംഗങ്ങളും ഒരു മനംമാറ്റത്തിനു തയ്യാറാകണം. പള്ളികളില്‍ നിന്നും അരമനകളില്‍ നിന്നും പുറത്തേക്കിറങ്ങാനാണ്‌ പാപ്പാ അഹ്വാനം ചെയ്യുന്നത്‌. പുറത്തേക്ക്‌, തെരുവുകളിലേക്കിറങ്ങാന്‍. അവിടെയുള്ള ദരിദ്രരുടെയും ഭവനരഹിതരുടെയും ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടാന്‍. പള്ളിക്കു പുറത്തേക്ക്‌ ഇറങ്ങാനുള്ള വെല്ലുവിളിയാണ്‌ പാപ്പാ ഉയര്‍ത്തുന്നത്‌. ഇടവകയും പള്ളിയും വിട്ട്‌ പുറത്തേക്കിറങ്ങണം. ആശ്രമങ്ങളും മഠങ്ങളും അവയുടെ ആവൃതിയും വിട്ട്‌ നാം പുറത്തേക്കിറങ്ങണം.“ആളില്ലാത്ത പള്ളികളൊന്നും സഭയുടേതല്ല; ആളില്ലാത്ത ആശ്രമങ്ങളൊന്നും സന്യാസികളുടേതല്ല; ആളില്ലാത്ത മഠങ്ങളൊന്നും നമ്മുടേതല്ല. അവയെല്ലാം വീടില്ലാത്ത പാവപ്പെട്ടവരുടേതാണ്‌.”കേരളത്തില്‍ ആളില്ലാത്ത പള്ളികളും ആശ്രമങ്ങളും ഇവിടെ കണ്ടെന്നു വരില്ല. എന്നാല്‍ ആളില്ലാത്ത മുറികള്‍ നമ്മുടെ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലും അനേകമുണ്ട്‌. ആളില്ലാത്ത മുറികളൊന്നും സഭയുടേതല്ല; മറിച്ച്‌ അവയൊക്കെ അന്തിയുറങ്ങാന്‍, വീടില്ലാത്ത അനാഥര്‍ക്കു അവകാശപ്പെട്ടതാണ്‌.
 
6.സമൂഹത്തിനു നന്മ  ചെയ്യുക: സമൂഹത്തിനു നന്മ ചെയ്യാത്ത വൈദികന്‍ നന്മ ചെയ്യുന്നില്ലെന്നു മാത്രമല്ല, തെറ്റു ചെയ്യുകയാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. മനുഷ്യന്റെ കരുത്തുകൊണ്ടല്ല, മറിച്ച്‌ ആത്മാവിന്റെ ശക്തികൊണ്ടും യേശുവിന്റെ സ്‌നേഹാര്‍ദ്രമായ ഹൃദയത്തിനു അനുസൃതമായും വേണം അജപാലകര്‍ അജഗണങ്ങളെ പരിപാലിക്കാന്‍. മെത്രാന്‍മാരും പുരോഹിതരും ഡീക്കന്‍മാരും സ്‌നേഹത്തോടെ വേണം കര്‍ത്താവിന്റെ അജഗണങ്ങളെ പോറ്റേണ്ടത്‌. സ്‌നേഹപൂര്‍വം ചെയ്യാനാകുന്നില്ലെങ്കില്‍ അത്‌ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല.
 
7.ആഢംബര മെത്രാന്‌ കസേര നഷ്‌ടപ്പെട്ടു: ആഢംബര മെത്രാനായിരുന്ന ഫ്രാന്‍സ്‌ പീറ്ററിന്‌ തന്റെ സിംഹാസനം എന്നന്നേക്കുമായി നഷ്‌ടപ്പെട്ടു. കഴിഞ്ഞ ഒക്‌ടോബറില്‍ ഫ്രാന്‍സീസ്‌ പാപ്പാ അദ്ദേഹത്തെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ പാപ്പാ അദ്ദേഹത്തെ മാറ്റി ലിംബുര്‍ഗിലേക്ക്‌ പുതിയ മെത്രാനെ നിയമിച്ചു. 31 മില്യണ്‍ യൂറോ മുടക്കി തന്റെ മെത്രാസന മന്ദിരം നവീകരിച്ചതായിരുന്നു ഫ്രാന്‍സ്‌ പീറ്ററിന്റെ പേരിലുള്ള കേസ്‌. ജര്‍മനിയിലാകമാനം ഫ്രാന്‍സ്‌ പീറ്ററിന്റെ ആഢംബരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.papa
 
8. ആര്‍ക്കും ‘ചിലനേരം ക്രിസ്‌ത്യാനി’കളായിരിക്കാന്‍ സാധ്യമല്ല: അങ്ങനെയും ഇങ്ങനെയും ക്രിസ്‌ത്യാനികളായിരിക്കാന്‍ ആവില്ല. ക്രിസ്‌ത്യാനികളെന്നാല്‍ മുഴുവന്‍സമയ ക്രിസ്‌ത്യാനികളാകണം. സമ്പൂര്‍ണമായി. ഒരേ സമയം കര്‍ത്തവ്യങ്ങള്‍ മികച്ച രീതിയില്‍ അനുഷ്‌ഠിക്കുകയും വിശ്വാസം അര്‍ത്ഥവത്തായി ജീവിക്കുകയും ചെയ്യുന്നത്‌ എങ്ങനെ?
 
 
9.വിവാഹിതന്‍ പുരോഹിതനാകുന്നത്തിനു പാപ്പായുടെ അനുവാദം
 
10.വ്യക്തിത്വ ബിംബത്തിനു പുറത്തു കടക്കുക:ലോകത്തിലെ ഏറ്റവും സമുന്നതരായ പല വ്യവസായ പ്രമുഖരും സ്വന്തം വ്യക്തിത്വത്തെ വിഗ്രഹവല്‍ക്കരിച്ചവരോ ആരാധനാ പാത്രങ്ങളായി തീര്‍ന്നവരോ ആണ്‌. ഇത്തരത്തില്‍ ഒരു വ്യക്തിത്വ വിഗ്രഹമായി കാണാൻ സാധ്യത ഉണ്ട്.വ്യക്തിപ്രഭാവം വഴിയുള്ള നേതൃത്വത്തിന്റെ പരിമിതികള്‍ ഫ്രാന്‍സീസ്‌ പാപ്പായ്‌ക്ക്‌ നന്നായി അറിയാം. തന്റെ പേപ്പസിയെക്കുറിച്ചുള്ള മിഥ്യാധാരണ പൊളിച്ചെഴുതാന്‍ പാപ്പാ ബോധപൂര്‍വമായ ശ്രമം നടത്തി. പാപ്പാ ചിരിക്കുകയും കരയുകയും ശാന്തമായി ഉറങ്ങുകയും മറ്റെല്ലാവരെയും പോലെ സുഹൃത്തുക്കളോട്‌ ബന്ധപ്പെടുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്‌. ഒരു ദാര്‍ശനികനു ജനത്തെ തന്റെ അജഗണത്തിലേക്കു കൂട്ടിക്കൊണ്ടു പോകാനാകും. എന്നാല്‍ അവരെ അവിടെത്തന്നെ നിലനിര്‍ത്തുന്നതാണ്‌ ദര്‍ശനം.
 
11.സേവനം ചെയ്‌തു കൊണ്ടു നയിക്കുക: ‘നല്ല നേതാവ്‌ സംസാരിക്കുന്നത്‌ നാവു കൊണ്ടുമാത്രമല്ല, മറിച്ച്‌ മുഴുവന്‍ ജീവിതം കൊണ്ടാണ്‌. സ്ഥിരതയാര്‍ന്ന ജീവിതം നയിച്ചു കൊണ്ടും വേണമത്‌. നമ്മുടെ ജീവിതത്തിന്റെ ദൃഢത തന്നെയാണ്‌ നമ്മുടെ സന്ദേശം.’
 
സ്‌ത്രീ തടവുകാരുടെ പാദം കഴുകുന്നതു മുതല്‍ വൈകല്യം ബാധിച്ചവരെയും അംഗവിഹീനരെയും അധഃസ്ഥിതരെയും ആലിംഗനം ചെയ്യുന്നതു വരെയും നീളുന്ന കാരുണ്യത്തിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ ലോകമെമ്പാടുമുള്ള മാനവഹൃദയങ്ങളെ ആര്‍ദ്രമാക്കിയെന്നോര്‍ക്കണം.മറ്റുള്ളവരെ സഹായിക്കാനുള്ള, കര്‍ത്താവ്‌ സ്‌നേഹിച്ചതു പോലെ അവരെ സ്‌നേഹിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തില്‍ നിന്നാണ്‌ പാപ്പാ ഇതെല്ലാം ചെയ്യുന്നത്‌. നിങ്ങള്‍ മുതലാളിയോ തൊഴിലാളിയോ ആകട്ടെ, നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്ക്‌ നിങ്ങളുടേതിനേക്കാള്‍ പ്രാധാന്യം കൊടുക്കുക.
 
12. നിങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതു പോലെ നിങ്ങളും ക്ഷമിക്കുക: യന്ത്രതുല്യമായ കൃത്യത ആവശ്യപ്പെടുന്ന ഈ ലോകത്തില്‍, തെറ്റുകള്‍ ക്ഷമിക്കപ്പെടുകയും തെറ്റുകള്‍ ഏറ്റു പറയുകയും ചെയ്യുന്ന ഒരു അന്തരീക്ഷം സംജാതമാകുന്ന അവസ്ഥ ചെറിയ കാര്യമാകാം. എന്നാല്‍, അത്‌ കമ്പനിയുടെയും തൊഴിലാളികളുടെയും അന്തസ്സ്‌ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കും. ‘നടക്കുക എന്ന കലയില്‍ വീഴ്‌ചയല്ല പ്രശ്‌നം, വീണിടത്തു തന്നെ കിടക്കുന്നതാണ്‌.’ ഉടന്‍ എഴുന്നേല്‍ക്കുക. വീണ്ടു യാത്രയാവുക.
 
13. വൈദികന്റെ മുമ്പില്‍ മുട്ടുകുത്തി പരസ്യമായി കുമ്പസാരിക്കുന്ന മാർപാപ്പ: സകലരെയും ഞെട്ടിച്ചുകൊണ്ട്‌ ഫ്രാന്‍സീസ്‌ പാപ്പാ ഒരു വൈദികന്റെ മുമ്പില്‍ മുട്ടുകുത്തി പരസ്യമായി കുമ്പസാരിച്ചു. മാര്‍പ്പപ്പാമാര്‍ സാധാരണയായി പരസ്യമായി കുമ്പാസരിക്കാറില്ല. സ്വകാര്യ ചാപ്പലില്‍ സ്വകാര്യമായാണ്‌ അദ്ദേഹം കുമ്പസാരിക്കുക. ആ പാരമ്പര്യവും പ്രോട്ടോകോളുമാണ്‌ ഫ്രാന്‍സീസ്‌ പാപ്പാ ലംഘിച്ചിരിക്കുന്നത്‌.
 
14.സഭാകോടതികള്‍ കരുണയും മനുഷ്യത്വവുമുള്ളവയാകണം: സഭാകോടതികളിലെ ജഡ്ജിമാര്‍ നിക്ഷ്പക്ഷരായിരിക്കണമെന്നും അതോടൊപ്പം നല്ല അജപാലകര്‍ക്ക് അനുസൃതമായ മനുഷ്യത്വം കാണിക്കുന്നവരാകണമെന്നും ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. “നിങ്ങള്‍ അടിസ്ഥാനപരമായി അജപാലകരാണ്,” “നിയമം വ്യാഖ്യാനിക്കുമ്പോഴും വിധി പ്രസ്താവിക്കുമ്പോഴും അവര്‍ അജപാലകരാണെന്ന കാര്യം മറക്കരുത്. “ഓരോ കേസിന്റെയും ഓരോ ഫയലിന്റെയും പിറകില്‍ നീതിക്കായി കാത്തിരിക്കുന്ന മനുഷ്യ വ്യക്തികളാണുള്ളത്. ഇത് നിങ്ങള്‍ മറക്കരുത്,”അമൂര്‍ത്തമായ നിയമങ്ങളും ആദര്‍ശങ്ങളും മാത്രമല്ല പ്രയോഗിക്കേണ്ടത്, മറിച്ച് മൂര്‍ത്തമായ മാനസിക സാഹചര്യങ്ങളില്‍ സഹിക്കുകയും നീതിക്കായി ദാഹിക്കുകയും ചെയ്യുന്ന മനുഷ്യവ്യക്തികളെയാണ് മനസിലാക്കേണ്ടത്.“സഭാശുശ്രൂഷയുടെ നൈയ്യാമികവശവും, അജപാലകവശവും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് കരുതരുത്. “സഭയുടെ നിയമ ശുശ്രൂഷ അടിസഥാനപരമായി അജപാലനമാനം ഉള്‍ക്കൊള്ളുന്നതാകണം. കാരണം നിമയങ്ങള്‍ വിശ്വസികളുടെ നന്മക്കും, ക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും വേണ്ടിയാണ്.
 
15.സഭയില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കണം: സ്ത്രീകള്‍ക്ക് സഭയില്‍ കൂടുതല്‍ വിപുലമായ സാന്നിധ്യവും പങ്കും ലഭിക്കണമെന്ന് പാപ്പാ പറഞ്ഞു. സഭക്കുള്ളില്‍ മാത്രമല്ല പൊതുസമൂഹത്തിലും ഇത് സംഭവിക്കണം. ഒരു ഇറ്റാലിയന്‍ വനിതാ സംഘടനാംഗങ്ങളോടുള്ള ശനിയാഴ്ചത്തെ സംഭാഷണത്തിലാണ് പാപ്പാ ഇത് പറഞ്ഞത്. സഭയുടെ വിവിധ തലങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സജീവരാകണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. സ്ത്രീകള്‍ക്ക് സവിശേഷമായി കിട്ടിയിരിക്കുന്ന താലന്തുകളെയും മികവുകളെയും പൊതുനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും പാപ്പാ പറഞ്ഞു. സ്ത്രീകള്‍ക്ക് നൈസര്‍ഗികമായി കിട്ടിയിരിക്കുന്ന കരുതലിന്റെയും ആര്‍ദ്രതയുടെയും കാര്യം പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു.
 
16.ക്രിസ്ത്യാനികളുടെ ഇടയിലെ വിഭാഗീയത അപമാനമാണ്: ക്രൈസ്തവരുടെ ഇടയിലെ വിഭജനങ്ങള്‍ നൊമ്പരപ്പെടുത്തുന്നതും അപമാനകരവുമാണെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു, അതോടൊപ്പം അത് സുവിശേഷ പ്രഘോഷണത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ക്രിസ്തുനാമം ഐക്യവും കൂട്ടായ്മയുമാണ് സൃഷ്ടിക്കേണ്ടത്. അല്ലാതെ വിഭജനമല്ല. നമ്മുടെയിടയില്‍ പരസ്പര ബന്ധവും കൂട്ടായ്മയും ഉളവാക്കാനാണ് യേശു വന്നത്. അല്ലാതെ നമ്മളെ വിഭജിതരാക്കാനല്ല. “ക്രിസ്തു ഇവിടെ വിഭജിക്കപ്പെടുകയാണോ?”“ക്രിസ്തു ഒരിക്കലും വിഭജിതനായിട്ടില്ല. എന്നാല്‍ സത്യസന്ധതയോടും സങ്കടത്തോടും കൂടി നാം സമ്മതിക്കേണ്ടിയിരിക്കുന്നു – നമ്മുടെ സമൂഹങ്ങള്‍ വിഭജനത്തില്‍ ജീവിക്കുന്നുവെന്നും അത് ക്രിസ്തുവിന് അപമാനകരമാണെന്നും.”ക്രൈസ്തവ ഐക്യം സാധ്യമാക്കാന്‍ പ്രാര്‍ത്ഥനയും, എളിമയും, നിരന്തരമായ മാനസാന്തരവും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
 
17.കാലഹരണപ്പെട്ട വത്തിക്കാന്‍ ബ്യൂറോക്രസിയെ നവീകരിക്കാൻ ഒരുങ്ങി പാപ്പ: കാലഹരണപ്പെട്ട വത്തിക്കാന്‍ ബ്യൂറോക്രസിയെ നവീകരിക്കാനായി പുതിയൊരു സാമ്പത്തിക സെക്രട്ടറിയേറ്റിന്റെ രൂപീകരണത്തിലൂടെ വലിയൊരു അഴിച്ചുപണി പ്രഖ്യാപിച്ചു. 1988-നു ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയാണ്‌ ഇതോടെ വത്തിക്കാനില്‍ നടന്നിരിക്കുന്നത്‌. വത്തിക്കാന്‍ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റിന്റെ അധികാരം ഇതോടെ കാര്യമായി കുറയും. സാമ്പത്തിക സെക്രട്ടറിയേറ്റും, സെക്രട്ടറിയേറ്റ്‌ ഏഫ്‌ സ്റ്റേറ്റും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന്‌ പാപ്പാ ആഹ്വാനം ചെയ്‌തു. ബഡ്‌ജറ്റ്‌, സാമ്പത്തിക പ്ലാനിങ്ങ്‌, തിരുസിംഹാസനത്തിന്റെ നിയന്ത്രണം, വത്തിക്കാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഇവയൊക്കെ പുതിയ സെക്രട്ടറിയേറ്റിന്റെ പരിധിയില്‍ വരുന്നവയാണ്‌.
 
18. വിരമിക്കല്‍ പ്രായം നടപ്പാക്കുന്നു: കാനന്‍ നിയമപ്രകാരം സഭാ ശുശ്രൂഷയ്ക്കായി നിയോഗിതരാകുന്ന അജപാലകര്‍ക്ക് 75 വയസാണ് വിരമിക്കല്‍ പ്രായം (പാപ്പാ ഒഴികെ). വത്തിക്കാന്‍ സെക്രട്ടറിയേറ്റിലും കൂരിയായിലും പൊന്തിഫിക്കല്‍ കമ്മീഷനുകളിലും പ്രായപരിധി കഴിഞ്ഞു നില്‍ക്കുന്ന എല്ലാ തസ്തികകളിലും നേതൃമാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.


Fr.Johnson Punchakonam
 

Comments  

0 #1 Anil Mathew 2014-05-01 17:13
ഒരു സഭ അല്ലെങ്കിൽ ഒരു രാക്ഷ്ട്രീയ പാർട്ടി അതുമല്ലെങ്കിൽ ഒരു സംഘടന വർഷങ്ങളായി പിന്തുടർന്ന് വരുന്ന ചില ആചാരങ്ങൾ (ചിലപ്പോൾ അനാചാരങ്ങൾ) പരസ്യമായി ലംഘിക്കുന്നവർ എന്നും സമൂഹത്തിൽ നായകന്മാരായി തീരാറുണ്ട്. 33 ദിവസത്തെ ഭരണത്തിന് ശേഷം ''ഹൃദയസ്തംഭനം'' മൂലം മരണമടഞ്ഞ ജോണ്‍ പോൾ ഒന്നാമൻ മാർപ്പാപ്പ, പോപ്പ് ഫ്രാന്സിസിനെക്ക ൾ വളരെ ലിബറൽ ആയിരുന്നു എന്ന് കൂട്ടി വായിക്കേണ്ടിയിര ിക്കുന്നു. പൂജ്യമിട്ടാൽ തീരാത്ത കോടികളുടെ ആസ്തിയുള്ള കത്തോലിക്കാ സഭയോട്, എല്ലാം എഴുതി പാവങ്ങൾക്ക് കൊടുക്കാൻ പറഞ്ഞാൽ പെട്ടെന്ന് ദഹിക്കാൻ ബുദ്ധിമുട്ടാവും .യഹൂദ വംശത്തിൽ നിന്നും കിരീടവും വില്ലുമായി കർത്താവിന്റെ രണ്ടാം വരവിനു മുൻപ് വിശ്വാസികളെ തെറ്റിദ്ധരിപ്പി ക്കാൻ എത്തുന്ന അന്ത്യ ക്രിസ്തുവിനെ കാത്തിരിക്കുന്ന വർക്ക് പോപ്പ് ഫ്രാൻസിസ് ഒരു മറുപടി ആകുമോ
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh