തിരുവോസ്തി മാംസമായി, ഫ്രാൻസിസ് മാർപാപ്പ ദൃക്‌സാക്ഷി

kurbana 3ab6bതിരുവോസ്തി മാംസമായി, ഫ്രാൻസിസ് മാർപാപ്പ ദൃക്‌സാക്ഷി ന്യൂയോർക്കിലെ അത്യാധുനിക ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിനൊടുവിൽ സുപ്രസിദ്ധ ഫൊറൻസിക് പാതോളജി വിദഗ്ദ്ധൻ ഡോ. ഫ്രെഡറിക് തോമസ് സുഗിബെയുടെ ഒരേയൊരു ചോദ്യം ഡോ. റിക്കാർഡോ കാസ്റ്റനോണിനെ ഉത്തമ കത്തോലിക്കനാക്കി: 'മരിച്ച ഒരാളുടെ ഹൃദയകോശം മുറിച്ചെടുത്ത് നിങ്ങളെങ്ങനെയാണ് ജീവനോടെ എന്റെയരികിൽ എത്തിച്ചത്?'

അമേരിക്കയിലും യൂറോപ്പിലും ഫൊറൻസിക് പാതോളജി ശാസ്ത്രശാഖയിലെ അവസാനവാക്കുകാരിൽ ഒരുവനായ ഡോ. ഫ്രെഡറിക് തോമസ് സുഗിബെയുടെ സംശയവും അത്ഭുതവും ഡോ. റിക്കാർഡോ കാസ്റ്റനോണിനെ ഉയിർപ്പിച്ചു, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലേക്ക്. ലോകമെങ്ങും തന്റെ ദൈവാനുഭവം പകരുന്നതിന്റെ തിരക്കിലാണ് ഇദ്ദേഹം.

ഹൃദയകോശം; മനുഷ്യന്റെ ഡിഎൻഎ; രക്തഗ്രൂപ്പ്

1996 ഓഗസ്റ്റ് 18. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ വാണിജ്യകേന്ദ്രത്തിലുള്ള കത്തോലിക്കാ ദേവാലയം. ഞായറാഴ്ച ദിവ്യബലി അർപ്പണം നടക്കുകയാണ്. സമയം രാത്രി 7.00. ഫാ. അലക്‌സാൺഡ്രോ പെസെറ്റാണ് കാർമികൻ. ദിവ്യകാരുണ്യം കൊടുത്തശേഷം അൾത്താരയിലേക്കു മടങ്ങാനൊരുങ്ങുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് പിൻനിരയിൽനിന്നൊരു സ്ത്രീ ഓടിക്കിതച്ചെത്തിയത്. ദേവാലയത്തിനു പിന്നിലുള്ള തിരിക്കാലുകളിലൊന്നിൽ ആരോ വലിച്ചെറിഞ്ഞുകളഞ്ഞ ഒരു തിരുവോസ്തി കിടക്കുന്നുണ്ടത്രേ. ദിവ്യകാരുണ്യം സ്വീകരിച്ചയുടൻ ആരെങ്കിലും തുപ്പിക്കളഞ്ഞതാവാം. വിവരം അറിഞ്ഞയുടൻ ഫാ. അലക്‌സാൺഡ്രോ ദേവാലയത്തിന്റെ പിൻനിരയിലെത്തി. സംഗതി വാസ്തവം.

ഇത്തരത്തിൽ കണ്ടെത്തുന്ന തിരുവോസ്തി വൈദികർ ഭക്ഷിക്കാറില്ല. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്. ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക.

ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം മറ്റാരും ചവിട്ടികടന്നുപോകാത്ത ഒരിടത്ത് ഒഴുക്കിക്കളയുക. ഓവ് ചാലുകളിലേക്കു തുറക്കാതെ നേരെ ഭൂമിയിലേക്ക് പതിക്കത്തക്കവണ്ണം വെള്ളം ഒഴുകാനാകാവുംവിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. അതിനുവേണ്ടി അദ്ദേഹം ഈ തിരുവോസ്തി വെള്ളത്തിലിട്ട് സുരക്ഷിതസ്ഥാനത്തു സൂക്ഷിച്ചുവെച്ചു. ഓഗസ്റ്റ് 26, തിങ്കളാഴ്ച. തിരുവോസ്തി വെള്ളത്തിലിട്ടു വെച്ചിട്ടിപ്പോൾ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. ലയിച്ചു തീർന്നോയെന്നറിയാൻ ഫാ. അലക്‌സാൺഡ്രോ സൂക്ഷിച്ചുനോക്കി. അസാധാരണം! ആ ഗോതമ്പപ്പം ഒരു ചെറുകഷണം മാംസംപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ബ്യൂണസ് അയേഴ്‌സിലെ ആർച്ച്ബിഷപ്പായ ജോർജ് ബെർഗോളിയോയെ (നമ്മുടെ പുതിയ പാപ്പ ഫ്രാൻസിസ്) വിവരമറിയിച്ചു വൈദികൻ. മനുഷ്യമാംസത്തിന്റെ രൂപം കൈവരിച്ച തിരുവോസ്തിയുടെ ചിത്രങ്ങളെടുക്കാൻ ആർച്ച്ബിഷപ് ബെർഗോളിയോ നിർദേശിച്ചു.

സെപ്റ്റംബർ ആറിന് വിദഗ്ധ ഫോട്ടോഗ്രാഫർ ഈ തിരുവോസ്തിയുടെ ചിത്രങ്ങൾ പകർത്തി. രൂപമാറ്റം വന്ന തിരുവോസ്തി സുരക്ഷിതമായൊരിടത്തു രഹസ്യമായി സൂക്ഷിക്കാനും നിർദേശിച്ചു അദ്ദേഹം. വളരെ ചുരുക്കം വൈദികരൊഴികെ മറ്റാരെയും ഈ സംഭവങ്ങൾ അറിയിച്ചില്ല. മൂന്നു വർഷം കഴിഞ്ഞിട്ടും തിരുവോസ്തി കേടാവുന്നില്ലെന്നു മനസ്സിലാക്കിയശേഷമാണ് ഇത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു വിധേയമാക്കാൻ ആർച്ച് ബിഷപ് തീരുമാനിച്ചത്. 1999 ഒക്‌ടോബർ അഞ്ച്. ആർച്ച്ബിഷപ് ചുമതലപ്പെടുത്തിയ മുതിർന്ന വൈദികരുടെ സാന്നിധ്യത്തിൽ ഡോ. റിക്കാർഡോ കാസ്റ്റനോൺ ഈ അത്ഭുത തിരുവോസ്തിയുടെ അൽപ്പഭാഗം മുറിച്ചെടുത്തു. ന്യൂയോർക്കിലെ ഏറ്റവും ആധുനികമായ ലബോറട്ടറിയിൽ ഇതു പരിശോധിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. തിരുവോസ്തിയുടെ ഭാഗമാണ് ഇതെന്ന കാര്യം ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെ തൽക്കാലം അറിയിക്കേണ്ടെന്നും നിശ്ചയിച്ചിരുന്നു. ഡോ. ഫ്രെഡെറിക് സുഗിബെ ആയിരുന്നു പഠനസംഘത്തിലൊരാൾ.

സുദീർഘമായ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം അദ്ദേഹം വിധിയെഴുതി: 'ശരിക്കും മനുഷ്യമാംസവും രക്തവുമാണ് ഞങ്ങൾ പരിശോധിച്ച വസ്തു. മനുഷ്യന്റെ ഡിഎൻഎ യാണ് ഇതിലുണ്ടായിരുന്നത്. മനുഷ്യഹൃദയത്തിലെ ഇടതു വെൻട്രിക്കിളിൽ വാൽവിനടുത്തുള്ള കോശങ്ങളിലൊന്നാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്നതാണ് ഈ പേശി. ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം പമ്പുചെയ്യുന്നത് ഇടതു വെൻട്രിക്കിളിൽ നിന്നാണ്. ഹൃദയപേശിയിൽ ഒട്ടനവധി വെളുത്ത രക്താണുക്കളുണ്ടാവും. ഈ സാംപിൾ എടുക്കുന്ന സമയവും ഈ ഹൃദയത്തിനു ജീവനുണ്ടായിരുന്നു എന്നാണ് വെളുത്ത രക്താണുക്കളുടെ സജീവസാന്നിധ്യം തെളിയിക്കുന്നത്. ഒരുപാടു വേദനയും സമ്മർദവും അനുഭവിക്കുന്ന ഒരാളുടെ ഹൃദയപേശിയാണിത്.'ഗവേഷണഫലം കണ്ട ഡോ. റിക്കാർഡോ കാസ്റ്റനോൺ അസ്തപ്രജ്ഞനായി നിന്നുപോയി! ഈ സാമ്പിളിലെ രക്തത്തിന്റെ ഗ്രൂപ്പ് എ.ബി. ആണെന്നും പഠനം തെളിയിച്ചു.

ഓസ്‌ട്രേലിയൻ പത്രപ്രവർത്തകനായ മൈക്ക് വില്ലെസിയും അഭിഭാഷകനായ റോൺ ടെസോറീറോയും പരീക്ഷണ വേളകളിൽ സന്നിഹിതരായിരുന്നു. മനുഷ്യശരീരത്തിൽനിന്നെടുക്കുന്ന ഒരു കോശത്തിൽ വെളുത്ത രക്താണുക്കൾ എത്രകാലം സജീവമായിരിക്കുമെന്നു ഡോ. സുഗീബെയോടു മൈക്ക് വില്ലെസി തിരക്കി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവ നശിച്ചുപോകുമെന്നായിരുന്നു ഡോ. സുഗിബെയുടെ മറുപടി. ഈ സാമ്പിൾ സാധാരണജലത്തിൽ ഒരു മാസവും ഡിസ്റ്റിൽഡ് ജലത്തിൽ മൂന്നുവർഷവും സൂക്ഷിച്ചിരുന്നതാണെന്ന് അപ്പോൾ മാത്രമാണ് മൈക്ക് വെളിപ്പെടുത്തിയത്. മാത്രമല്ല, കൂദാശചെയ്യപ്പെട്ട ഒരു തിരുവോസ്തിയുടെ ഭാഗമാണിതെന്നും മൈക്ക് വെളിപ്പെടുത്തി. ശാസ്ത്രീയമായി അത് അസാധ്യമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി:

ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അത്ഭുതമാണിത്.'കത്തോലിക്കാസഭയിലെ അത്ഭുതങ്ങളുടെ 'പൊള്ളത്തരം' പൊളിക്കുക എന്ന ഏകലക്ഷ്യവുമായി പരീക്ഷണങ്ങളിൽ മുഴുകിയ ഡോ. റിക്കാർഡോ കാസ്റ്റനോൺ പിന്നെ തന്റെ ജീവിതലക്ഷ്യവും മാറ്റി: താൻ തിരിച്ചറിഞ്ഞ സത്യം ലോകത്തോടു വിളിച്ചുപറയുക.

Source:https://shalomonline.net/sundayshalom/supplement/sup-main/item/3285-2013-03-27-09-22-34#.UnjtMvmD6qk

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh