മാവേലി തമ്പുരാന്‍ ആംബുലന്‍സില്‍ (നര്‍മ്മം)

a c george 742afഅമേരിക്കന്‍ മലയാളിയും പൊതുകാര്യ പ്രസക്തനുമായ തോമസ്‌കുട്ടിയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ്‌ ഓണക്കാലം. വിവിധ സംഘടനക്കാരുടെ ഓണാഘോഷങ്ങള്‍ ഒരു മാസത്തോളം നീണ്ടു നില്‍ക്കും. അതിനാല്‍ തോമസ്‌ കുട്ടി ഒരു തരം ഓണത്തിരക്കിലാണ്‌. എത്രയെത്ര മലയാളി സംഘടനകളില്‍ പോയാണ്‌ ഓണത്തിന്‌ തല കാണിക്കേണ്ടത്‌. പാതാളത്തില്‍ നിന്നെത്തുന്ന മാവേലിത്തമ്പുരാന്റെ മാതിരി ഒരു തിരക്കാണ്‌ തോമസ്‌ കുട്ടക്കും. ഫോണിലുള്ള ക്ഷണം കൂടാതെ ഇ-മെയില്‍ വഴിയും ഫെയിസ്‌ ബുക്ക്‌ വഴിയും ധാരാളം ഇന്‍വിറ്റേഷനാണ്‌ തോമസ്‌ കുട്ടിക്ക്‌ കിട്ടയിരിക്കുന്നത്‌. ചില ഇന്‍വിറ്റേഷനും നോട്ടീസും തോമസ്‌ കുട്ടിയുടെ ഭാര്യ ശോശക്കുട്ടി ഡൗലോഡ്‌ ചെയ്‌തു. ഇ-മെയിലും നോട്ടീസുമൊക്കെ നോക്കി സ്ഥലവും സമയവും പരിപാടികളും നോക്കിയിട്ടു വേണം ഓരോ ഓണ ആഘോഷങ്ങള്‍ക്കും പുറപ്പെടാന്‍. ഒരു ദിവസം കുറഞ്ഞത്‌ മൂന്ന്‌്‌ ഓണമെങ്കിലും അറ്റന്‍ഡ്‌ ചെയ്യേണ്ടതുണ്ട്‌.

ലോംഗ്‌ വൈഡ്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്റെ ഓണമുണ്ടിട്ടുവേണം മിഡ്‌്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്റെ ഓണത്തിനു പോകാന്‍. അതിനുശേഷം ഷോര്‍ട്ട്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്റെ ഓണം ഒന്ന്‌ ഷോര്‍ട്ട്‌ ആയിട്ടെങ്കിലും അറ്റന്റ്‌ ചെയ്യാനാണ്‌ പ്ലാന്‍. ശോശക്കുട്ടി ഡൗലോഡ്‌ ചെയ്‌ത ലോംഗ്‌ വൈഡ്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്റെ അതിവര്‍ണ്ണാഭമായ നോട്ടീസ്‌ ഒന്ന്‌ അരിച്ചുപെറുക്കി വായിക്കാനാരംഭിച്ചു. ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ നാട്ടില്‍ നിെന്നത്തുന്ന ഉമേഷ്‌ ഉണ്ണിത്തല എം.എല്‍.എയും പന്നിയും ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്യുന്നതായിരിക്കും. ശോശകുട്ടി ഊറിച്ചിരിച്ചു. ഉമേഷ്‌ ഉണ്ണിത്തലയും പന്നിയും ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു. പന്നി അല്ലെടി ശോശകുട്ടി. അത്‌ പത്‌നി എന്നായിരിക്കും. തോമസ്‌ കുട്ടി വ്യക്തമാക്കി. ഇക്കൊല്ലം ഓണാഘോഷങ്ങളുടെ ഭാഗമായി വെടിവെയ്‌പുണ്ടായിരിക്കും. തുടര്‍ന്ന്‌ വായിച്ച ശോശകുട്ടി അന്ധാളിച്ചു പോയി. എന്റേശ്വരാ വെടിവെയ്‌പൊ ലാത്തിചാര്‍ജ്ജൊ കണ്ണീര്‍വാതക പ്രയോഗമൊ? എന്താ അവിടെ അത്രക്ക്‌ ആള്‍ക്കൂട്ടമാണൊ വരുന്നത്‌. എന്റീശ്വരാ ഞാന്‍ ഓണത്തിന്‌ വരുന്നില്ലേ. ഈ വെടീം-വെടിവെയ്‌പും ഉള്ളിടത്തേക്ക്‌ ഞാനില്ലേ.. ഇല്ല. എടീ ശോശകുട്ടി അതു വല്ല അക്ഷരപ്പിശകാകും. എം.എല്‍.എയും പത്‌നിയും പിന്നെ മാവേലിയും വരുന്നതല്ലെ. അവരുടെ സ്വീകരണത്തിന്റെ ഭാഗമായി വല്ല ആചാരവെടിയും വെക്കുന്നതിനെ പറ്റിയാകും വെടിവെയ്‌പ്പുണ്ടാകുമെന്ന്‌ പറയുന്നത്‌. നീ ഭയപ്പെടാതെ യാത്രയാക്‌. അവിടെ നീ ഉദ്ദേശിക്കുന്ന മാതിരി ഒരു വെടിയുമില്ല, വെയ്‌പുമില്ല. അല്ലെങ്കിലത്‌ ആഘോഷത്തിന്റെ ഭാഗമായി വല്ല കരിമരുന്ന്‌ പ്രയോഗം - അതായത്‌ ഫയര്‍വര്‍ക്‌സ്‌ ആയിരിക്കും.
ദേ.. ഇതെന്താണ്‌ ഈ വെള്ള സദ്യ ഉണ്ടായിരിക്കും എെഴുതിയിരിക്കുത്‌. ഈ മുടിഞ്ഞ വെള്ളം കുടി സദ്യ. പിന്നെ മത്തുപിടിച്ച അടീം-പിടീം- ഞാനില്ലെ? ഞാന്‍ വരുേന്നയില്ലാ.. ഓണത്തിന്‌..

എടി ശോശക്കുട്ടി അതും ഒരു അച്ചടിപ്പിശകായിരിക്കും. അതു വെള്ള സദ്യ അല്ല... വള്ളസദ്യ എാണ്‌. ആറന്മുള ഓണവള്ളസദ്യ എാെക്കെ കേട്ടിട്ടില്ലെ?

അതിനിവിടെ എവിടെയാ ഈ പറയുന്ന ഓഡിറ്റോറിയം പരിസരത്ത്‌ വെള്ളവും വള്ളവുമൊക്കെ-
അതിനു വെള്ളോം വള്ളോം ഒന്നും വേണ്ടെടി ശോശക്കുട്ടീ മലയാളിക്ക്‌ വള്ളോം വേണ്ടാ വെള്ളോം വലേം വേണ്ടാ - മീമ്പിടിയ്‌ക്കാനും വള്ളസദ്യ നടത്താനും. ചുമ്മാ ഓഡിറ്റോറിയത്തില്‍ വള്ളത്തിന്റെ കട്ടൗട്ട്‌്‌ വെച്ചിട്ട്‌്‌ വള്ളംകളി നടത്താറില്ലെ? അതുപോലെ ഓണസദ്യ നടക്കുന്ന ഊട്ടുപുരയില്‍ ഒരു വള്ളത്തിന്റെ കട്ടൗട്ട്‌ വെച്ചിട്ട്‌്‌ സദ്യ വിളമ്പിയാല്‍ ഓണവള്ളസദ്യയായില്ലെ?

കൂടുതല്‍ ഫ്‌ളയറുകള്‍ വായിക്കാന്‍ നില്‍ക്കാതെ ശോശകുട്ടിയും തോമസ്‌ കുട്ടിയും ഓണത്തിനു പറ്റിയ സുതാര്യമായ കേരളീയ വസ്‌ത്രങ്ങളിഞ്ഞു. ഓണമായാല്‍ പിന്നെ മലയാളി ഓണക്കോടിയിലും ഓണക്കുടിയിലുമാകണം. കൂട്ടട്ടത്തില്‍ ഇപ്പോഴത്തെ കേരളാ മുഖ്യന്റെ സുതാര്യത വസ്‌ത്രം ധരിക്കുന്നതിലെങ്കിലും ദര്‍ശിക്കണം. ഇനി ലോംഗ്‌ വൈഡ്‌ ഐലന്റിന്റെ ഓണത്തിനായി കാറില്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കണം.

ആഘോഷസ്ഥലത്തെ പാര്‍ക്കിംഗ്‌ ലോട്ടിലെത്തി. അവിടെ കാറുകള്‍ കുറവ്‌. ഒരു വലിയ ഓണാഘോഷം നടക്കാന്‍ പോകുന്ന പ്രതീതി കാണുന്നില്ല. പാര്‍ക്കിംഗ്‌ ലോട്ടിലെ ഓരോ ഭാഗത്ത്‌ അങ്ങിങ്ങായി കാറിന്റെ ഡിക്കികള്‍ തുറന്നിരിക്കുന്നു. അറിയപ്പെടുന്ന ചില സമാജം പ്രവര്‍ത്തകരും ഫൊക്കാനാ-ഫോമാ-വേള്‍ഡ്‌ മലയാളി പ്രവര്‍ത്തകരും ആഘോഷത്തിന്റെ പ്രഥമഘട്ടം ഭദ്രദീപം കൊളുത്താതെ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഓണക്കോടി പുറമെ ശരീരത്തെ ആണ്‌ ആവരണം ചെയ്യുതെങ്കില്‍ ഓണക്കുടി ശരീരത്തിന്റെ ആന്തരീക അവയവങ്ങള്‍ക്കും അത്മാവിനും ഒരു ഓണ ഉന്മേഷവും ഊര്‍ജ്ജവുമാണ്‌ നല്‍കുന്നത്‌. ഓണക്കുടി തുടങ്ങി എന്നര്‍ത്ഥം.

നോട്ടീസില്‍ പറഞ്ഞതിലും ഒന്നര മണിക്കൂര്‍ കാത്തിരുപ്പിനുശേഷമാണ്‌ ഭാരവാഹി ആള്‍ക്കാരും ചെണ്ടമേളക്കാരും മാവേലിയും ഉമേഷ്‌ ഉണ്ണിത്തലയും പത്‌നിയും എല്ലാം എത്തിയത്‌.
ഓണ ഘോഷയാത്രക്കും മാവേലിയേയും മുഖ്യാതിഥികളേയും എതിരേല്‍ക്കാനുമുള്ള സമയമായി. താലപ്പൊലിയേന്തിയ വനിതാ രത്‌നങ്ങളും എത്തി. ചേണ്ടമേളം കൊഴുകൊഴുത്തു. അസ്സോസിയേഷന്‍ നേതാക്കന്മാര്‍ പൊതുജനങ്ങളെ ഉന്തിമാറ്റി നിയന്ത്രിക്കാനും മുന്‍നിരയില്‍ വന്ന്‌ വിരാജിക്കാനും ആരംഭിച്ചു. കൂട്ടത്തില്‍ ഓണക്കുടിയന്മാരായ ചില സംഘടനാ കുട്ടിനേതാക്കള്‍ ഫൊക്കാനാ-ഫോമാ-വേള്‍ഡ്‌ മലയാളി തുടങ്ങിയ ചില ചേരിതിരിവുകളോടെ പറ്റംപറ്റമായി ഉന്തിതള്ളി അണിനിരന്നു. ചില പള്ളി തീവ്രവാദികള്‍ ഇടിച്ചുകേറി അവരുടെ പുരോഹിതനെ മാര്‍ച്ചിന്റെ ഏറ്റംകണ്ണായ സ്ഥലമായ താലം പിടിച്ച തരുണീമണികളുടെ ഒത്തനടുക്കു നിര്‍ത്തി. മുല്ലപ്പൂവിന്റെ സുന്ദരമായ സുഗന്ധം പൊഴിയുന്ന ആ ആരാമക്കൂട്ടത്തിലേക്കായിരുന്നു ഏവരുടേയും കണ്ണുകള്‍. അര്‍ദ്ധനഗ്നനായ മാവേലിതമ്പുരാനും ളോഹധാരിയായ പുരോഹിതനും സുന്ദരിമണികളുടെ ഏറ്റവും അടുത്ത സാമീപ്യം കൊണ്ട്‌ ആഘോഷയാത്രാ നിമിഷങ്ങള്‍ ആസ്വാദ്യകരമായിരുന്നു. സ്വീകരണ പരേഡിലും മാര്‍ച്ചിലും ഏറ്റവും പിറകിലായിരുന്ന ജസ്റ്റിസ്‌ ഫോര്‍ ഓള്‍ എന്ന സംഘടന പെട്ടെന്ന്‌ ഒരു നരച്ച താടിക്കാരനായ താപസന്റെ നേതൃത്വത്തില്‍ മുന്‍നിരയിലേക്ക്‌ ഇടിച്ചു കേറി ബാനര്‍ പിടിച്ച്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ എന്ന്‌ വിളിച്ചു കൂവി. അവര്‍ക്കും നീതി വേണ്ടെ പിന്നെ. കൊട്ടും കുരവയും ആര്‍പ്പുവിളിയും ഓണപ്പാട്ടും പുലികളിയും കടുവാകളിയുമായി ഘോഷയാത്ര മുന്നേറി. ഓഡിറ്റോറിയത്തിലെത്തിയതോടെ തൃശൂര്‍പൂര വെടിക്കെട്ടിനെ വെല്ലുന്ന മാതിരി വെടിക്കെട്ടാരംഭിച്ചു. പക്ഷെ അത്‌ മുന്‍കൂര്‍ ടേപ്‌ ചെയ്‌ത ഡിവിഡി വെച്ച്‌ ബിഗ്‌ സ്‌ക്രീനിലൂടെ പ്രദര്‍ശിപ്പിക്കുന്ന വെടിക്കെട്ടായിരുന്നുവെന്നു മാത്രം. തിക്കിലും തിരക്കിലും പെട്ട്‌്‌ മാവേലിത്തമ്പുരാന്റെ കുടവയറില്‍ ഒരുതരത്തില്‍ വലിച്ചുകെട്ടി ഫിറ്റുചെയ്‌തു വച്ചിരുന്ന സുതാര്യമായ സില്‍ക്ക്‌ തുണി അവിടെനിന്നും മോചിതമായി താഴെ വീണെങ്കിലും തമ്പുരാന്റെ പഴയ രീതിയിലുള്ള ഇന്ത്യന്‍ ടൈ എന്ന ജൗളിയും (കൗപീനം) വളണ്ടിയര്‍മാരുടെ സമയോചിതമായ കൈതാങ്ങും ഇടപെടലും മാവേലി രാജനെ രക്ഷിച്ചു. താലമേന്തിയ ചില തരുണിമാരും ആ കൗതുകം കണ്ട്‌ കണ്ണുപൊത്തി ചിരിച്ചു. അവിടെ നിന്ന ഏതെങ്കിലും മലയാളി വാമനന്‍ കാലുപൊക്കി ചവിട്ടി തമ്പുരാന്റെ താറ്‌ പറിച്ചതാകാനും വഴിയുണ്ട്‌. കാരണം ഒരു മാവേലി മന്നന്റെ പിറകെ ചവിട്ടി താഴ്‌ത്താനും ചതിയ്‌ക്കാനും പത്ത്‌ മലയാളി വാമനന്മാര്‍ ഇപ്പോഴുമുണ്ടെന്നതാണ്‌ കണക്ക്‌.
തദനന്തരം സ്റ്റേജിലേക്ക്‌ വരാന്‍ മാവേലി രാജന്‌ അല്‌പം ജാള്യത തോന്നിയെങ്കിലും പാര്‍ക്കിംഗ്‌ ലോട്ടിലെ കാറിന്റെ ഡിക്കിയില്‍ നിന്ന്‌ സേവിച്ചിരുന്ന ആ മലയാളി ഊര്‍ജ ദ്രാവകം മഹാരാജനും നാണം മാറാനുള്ള ധീരോന്മേഷം പകര്‍ന്നിരുന്നു. തുടര്‍്‌ മലയാളി തരുണീമണികളുടെ കണ്‍മയക്കങ്ങളോടെയുള്ള ശരീരമാസകലമിളക്കിയുള്ള തിരുവാതിരയായിരുന്നു. കണ്ണിന്‌ കര്‍പ്പൂരം ഹൃദയമധുരം. അനേകം ക്യാമറകള്‍ കണ്‍ചിമ്മി. നീണ്ട സ്വാഗതപ്രസംഗത്തിനുശേഷം ഭദ്രദീപം കൊളുത്താനായി അസ്സോസിയേഷന്റെ എല്ലാ ജനസേവകരും വേദിയിലെത്തി. മലയാളിയുടെ ഏറ്റവും വലിയ ഉല്‍സവാഘോഷത്തിന്റെ അവതാരകരായി മലയാളം അറിഞ്ഞുകൂടാത്ത മലയാളത്തെ കൊല്ലാകൊല ചെയ്യാനായി സുന്ദരികളായ അവതാരികമാരും വേദിയിലെത്തി മലയാളത്തെ കൊരച്ച്‌ കൊരച്ച്‌ അരിയാന്‍ തുടങ്ങി. പിന്നങ്ങോട്ട്‌ അതിഥികളുടെ നീണ്ട തോരാത്ത പ്രസംഗങ്ങളുടെ പെരുമഴയായി. അവസരവും ഔചിത്യവും നോക്കാതെ പ്രസംഗകര്‍ കാടുകേറി. പള്ളികളില്‍ ഒരു ദിവസം മൂന്നും നാലും പ്രസംഗങ്ങള്‍ ചെയ്‌ത്‌ വിശ്വാസികളെ സ്ഥലത്ത്‌ വെച്ച്‌ തന്നെ നിദ്രയിലേക്ക്‌ നയിക്കുന്ന വൈദികനും തന്റെ കുഞ്ഞാടുകളോടെന്ന പോലെ ഇവിടേയും നെടുനെടുങ്കന്‍ വിഷയം വിട്ട അറുബോറന്‍ പ്രസംഗം ത`ിമൂളിച്ചു.

സുതാര്യമായ ഓണഡ്രസ്സിലെത്തിയ ഉമേഷ്‌ ഉണ്ണിത്തലയും തന്റെ രാഷ്‌ട്രീയ ജനസേവക ശുഷ്‌കാന്തി കാട്ടി നീണ്ട നെടുങ്കന്‍ മൈതാന പ്രഭാഷണം ത െകാഴ്‌ചവെച്ചു. ഇടയില്‍ കര്‍ണ്ണം സ്റ്റാര്‍ എന്നൊക്കെ ത`ിമൂളിച്ചു ആരംഭിക്കുന്ന ചന്തികുലുക്കി തട്ടുപൊളിപ്പന്‍ നൃത്തങ്ങള്‍ അരങ്ങുതകര്‍ത്തു. ആര്‍ഷഭാരത സംസ്‌ക്കാരം (ആ.ഭാ.സം) പ്രകടമാക്കു കോലടി, കോലാട്ടം, കാവടിയാട്ടം, കളരിപ്പയറ്റ്‌, പറയന്‍പാ`്‌, തുമ്പിതുള്ളല്‍, പൂരപ്പാട്ട്‌, ഭരണിപ്പാട്ട്‌, വള്ളംകളി, ഷാഡോ പ്ലെ, ടാബ്ലൊ എല്ലാം അരങ്ങേറി.

പിന്നീടങ്ങോട്ട്‌ മീന്‍ കണ്ട പൂച്ചയെപോലെ ഓരോ സംഘടനാ പ്രതിനിധികള്‍ സ്റ്റേജിലേക്ക്‌ ആഞ്ഞുകേറി. ഫോക്കാനാ, ഫോമാ, വേള്‍ഡ്‌ മലയാളി അംബ്രല്ലാ അസ്സോസിയേഷന്റെ കേന്ദ്ര കമ്മറ്റി നേതാക്കളും പ്രാദേശിക കുട്ടിനേതാക്കളും ഓരോരുത്തരായി സ്റ്റേജിലേക്ക്‌ വലിഞ്ഞുകേറി അവരുടെ നേട്ടങ്ങളേയും വീരശൂര പരാക്രമങ്ങളേയും പറ്റി വിശദീകരിയ്‌ക്കാന്‍ തുടങ്ങി. തുടര്‍ന്ന്‌ പത്തനംതിട്ട കോഴഞ്ചേരി, കോട്ടയം, റാന്നി, കോന്നി, മലപ്പുറം തുടങ്ങിയ സ്ഥലനാമങ്ങളുടെ പേരിലുള്ള സംഘടനാ നേതാക്കളുടെ സ്റ്റേജിലെ അലക്കായിരുന്നു. തുടര്‍ന്ന്‌ ഓമന (ഓര്‍ഗനൈസേഷന്‍ ഓഫ്‌ മലയാളി അസ്സോസിയേഷന്‍ നോര്‍ത്ത്‌ അമേരിക്ക) സുമാനാ (സുപ്രീം യുനൈറ്റഡ്‌ മലയാളി അസ്സോസിയേഷന്‍ നോര്‍ത്ത്‌അമേരിക്ക), പ്രേമാ (ഫിലാഡല്‍ഫിയ റീഡേഴ്‌സ്‌ എല്‍ഡേഴ്‌സ്‌ മലയാളി അസ്സോസിയേഷന്‍) അമല (അമേരിക്കന്‍ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ലവ്‌ ആന്‍ഡ്‌ അഫക്ഷന്‍) മാമാ (മലയാളി മങ്കാ അസ്സോസിയേഷന്‍) മക്കാനാ (മലയാളി കേരളായിറ്റ്‌സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക) ORMA (ഓവര്‍സീസ്‌ റിറ്റേഡ്‌ മലയാളീസ്‌ അസ്സോസിയേഷന്‍), റോമാ (റോക്ക്‌ ലാന്‍ഡ്‌ മലയാളി അസ്സോസിയേഷന്‍) പിന്നെ എഴുത്തുകാരുടെ ലാനാ, പൂനാ, സര്‍ഗവേദി, വിചാരവേദി, റൈറ്റേഴ്‌സ്‌ ഫോറം, മലയാളം സൊസൈറ്റി, തര്‍ക്കവേദി, ഗുസ്‌തി വേദി, മറ്റ്‌ പ്രസ്‌ സംഘടനകള്‍, പമ്പ, കല തുടങ്ങിയവക്കു പുറമെ തൊഴിലില്ലാതെ വീട്ടില്‍ കുത്തിയിരുന്ന്‌ സമയം കൊല്ലി ആസ്വാദകരുടെ പ്ലെയിംഗ്‌ കാര്‍ഡ്‌ അസ്സോസിയേഷന്‍, സീരിയല്‍ കാണേര്‍സ്‌ അസ്സോസിയേഷന്‍, പിന്നെ തൊഴിലിനെ ആധാരമാക്കിയ പ്രൊഫഷണല്‍ സംഘടനകളുടെ അരങ്ങേറ്റമായി. കാല്‍മിനിറ്റു വീതം ചില ഒറ്റയാള്‍ സംഘടനകളും വേദിയിലേക്ക്‌ എല്ലു കണ്ട പട്ടിയെ പോലെ ഇടിച്ചും ഇഴഞ്ഞും കേറി.

ഐ.എന്‍.ഒ.സി. ഒറിജിനല്‍, ഐ.എന്‍.ഒ.സി അസല്‍, ഐ.എന്‍.ഒ.സി റിയല്‍ എീ ഗ്രൂപ്പു നേതാക്കളും സ്റ്റേജിലേക്ക്‌ നീന്തിക്കയറി. ഓഡിറ്റോറിയത്തില്‍ ഉള്ളതിനേക്കാള്‍ തിരക്ക്‌ വേദിയിലായപോലെ. സ്റ്റേജ്‌ നേതാക്കളുടെ തലക്കനവും ശരീര ഭാരവും കൊണ്ട്‌ തകര്‍ന്നു വീഴുമൊ എന്ന്‌ സംശയം. വയസന്‍ ക്ലബ്‌ പ്രസിഡന്റായ മത്തായി ചേട്ടന്‍ മൈക്കും സ്റ്റേജും ലക്ഷ്യമാക്കി കുറെ നേരമായി കേരളാ ബിവറേജസ്‌ കോര്‍പ്പറേഷനില്‍ ബ്രാണ്ടി വാങ്ങാന്‍ ലൈനില്‍ നില്‍ക്കുന്ന മാതിരിയുള്ള നില്‍പ്പ്‌ തുടങ്ങിയിട്ട്‌ മത്തായി ചേട്ടനെ തട്ടിയിട്ട്‌്‌ ലൈന്‍ തെറ്റിച്ച്‌ ഒത്തിരി ഒത്തിരി രഞ്‌ജിനി ഹരിദാസുമാര്‍ മുന്നേറുകയാണ്‌. മത്തായി ചേട്ടന്റെ ക്ഷമ നശിച്ചു. മത്തായി ചേട്ടന്‍ ദേഷ്യം കൊണ്ട്‌ മുഷ്‌ടിചുരുട്ടി അട്ടഹസിച്ചു കൊണ്ട്‌ വേദിയിലേക്ക്‌ ആഞ്ഞുകേറി. ഫ.. പുല്ലെ?.... വേണ്ടിവാല്‍ ആ ....മ..... മൈക്ക്‌ ഒന്ന്‌ മുത്തി രണ്ടക്ഷരം പറഞ്ഞിട്ടേയുള്ളൂ. ആയകാലത്ത്‌ മത്തായി ചേട്ടനെ ശക്തിമത്തായി എന്നാണ്‌ എല്ലാവരും വിളിച്ചിരുന്നത്‌. സാക്ഷാല്‍ മത്തായി ചേട്ടന്‍ പഴയ വിശ്വരൂപത്തില്‍ ഒരു ശക്തി മത്തായി ആയി രൂപാന്തരം പ്രാപിച്ചു. മൈക്ക്‌ കിട്ടിയ മത്തായി ചേട്ടന്‍ ഒുരണ്ട്‌ ഓണത്തെറി ഉച്ചത്തില്‍ ഉല്‍ഘോഷിച്ചു. മലയാള ശ്രേഷ്‌ഠ ഭാഷയിലെ അതി ശ്രേഷ്‌ഠ പദങ്ങള്‍ കാച്ചി...

ഇതിനിടയില്‍ വിവിധ സംഘടനകളുടെ യൂത്ത്‌ നേതാക്കളും ഭാവിയുടെ വാഗ്‌ദാനങ്ങളുമായ ചിലര്‍ എവിടെ നിന്നാണെറിയില്ല ചീമുട്ടയുമായെത്തി ഏറുതുടങ്ങി. ചീമു`ട്ടയേറ്‌ ഓഡിറ്റോറിയത്തിനു വെളിയിലേക്കും വ്യാപിച്ചു. ഫോട്ടോക്ക്‌ പോസ്‌ ചെയ്‌തുകൊണ്ടിരുന്ന ഉമേഷ്‌ ഉണ്ണിത്തല എം.എല്‍.എയുടെ ചെന്നിത്തലയിലും ചീമുട്ട പതിച്ചു. ചീമുട്ട ക്ലീന്‍ചെയത്‌ സ്റ്റേജില്‍ നിന്നിറങ്ങി വന്ന ഉമേഷ്‌ ഉണ്ണിത്തല എം.എല്‍.എക്ക്‌ ഒപ്പം ഇരുന്നും നിന്നും വിവിധ പോസില്‍ ഫോട്ടൊ എടുക്കാന്‍ മലയാളി നേതാക്കളുടെ വന്‍തിരക്കു കണ്ടു. കാരണം സ്വീകരണവാര്‍ത്ത ഫോട്ടൊ സഹിതം പത്രമാധ്യമങ്ങളില്‍ കൊടുക്കണമല്ലൊ.

സാധാരണക്കാരായ കാണികളും ശ്രോതാക്കളും അക്ഷമരായി കൂവാന്‍ ആരംഭിച്ചു. കാരണം ഓണസദ്യ ഉണ്ണാന്‍ വന്ന അവര്‍ വിശന്നു പൊരിഞ്ഞു വശം കെട്ടു. മണിക്കൂര്‍ 4 ആണ്‌ കടന്നുപോയത്‌. പ്രജകളുടെ ആട്ടവും പാട്ടും കോപ്രായങ്ങളും കണ്ട്‌ വിശുപൊരിഞ്ഞ്‌ കിരീടവും വെച്ച്‌ മാവേലി തമ്പുരാന്‍ മുന്‍നിരയില്‍ ഒറ്റ ഇരുപ്പാണ്‌. കലശലായ ഡയബറ്റിക്കുള്ള മാവേലി തമ്പുരാന്‍ രാവിലെ ലോംഗ്‌ ആക്‌ടിംഗും ഷോര്‍ട്ട്‌ ആക്‌ടിംഗും ആയ ഇന്‍സുലിന്‍ കുത്തിവെച്ചിറങ്ങിയതാണ്‌. ഓണശാപ്പാടു കിട്ടാതെ വലഞ്ഞ ഡയബറ്റിക്‌ രോഗിയായ തമ്പുരാന്റെ ഷുഗര്‍ താണതാകാം കാരണം തമ്പുരാന്‍ കുഴഞ്ഞു വീണു. മലയാളി നഴ്‌സുമാരും ഡോക്‌ടര്‍മാരും ഓടിയെത്തി തമ്പുരാന്‌ പ്രഥമശുശ്രൂഷ നല്‍കി. പള്ളീലച്ചന്‍ പ്രാര്‍ത്ഥിച്ചു. കൂട്ടത്തില്‍ അന്ത്യകൂദാശ വേണൊ എന്നു കൂടെ ചോദിച്ചു. മാവേലിതമ്പുരാനായി ഉടന്‍തന്നെ ആംബുലന്‍സെത്തി. മെത്തോഡിസ്റ്റ്‌ ഹോസ്‌പിറ്റലിലെക്ക്‌ ആംബുലന്‍സ്‌ സൈറണ്‍ മുഴടക്കി.

ഓണശാപ്പാട്‌ വൈകുന്നതിനാല്‍ വിശന്നു പൊരിഞ്ഞ കൊച്ചുകുട്ടികള്‍ ഊട്ടുുപുരയില്‍ ഭക്ഷ്യവിഭവങ്ങള്‍ റെഡിയാക്കി വെച്ചിരുന്ന വലിയ കുട്ടകങ്ങളുടെ മുമ്പില്‍ എരിപൊരി കൊള്ളുന്ന വയറുമായി ഒരു തരം തിരുവാതിരക്കളിയായി. ഒരു കൊച്ചുകുഞ്ഞ്‌ തിളച്ച സാമ്പാര്‍ കുട്ടകത്തിലേക്ക്‌ തലകുത്തി വീണു. അസ്സോസിയേഷന്റെ ഫുഡ്‌ കമ്മറ്റി ചെയര്‍മാന്‍ കുട്ടിയെ അതിശയകരമായി രക്ഷപ്പെടുത്തിയെങ്കിലും എങ്ങും അതിനെച്ചൊല്ലി ഓണതെറിയും ഓണത്തല്ലും ഓണകശപിശയുമായി. ചിലര്‍ 911 കറക്കി. ചിലര്‍ ഫയറിന്റെ അപായ ബട്ടണ്‍്‌ അമര്‍ത്തി. ഞൊടിയിടക്കുള്ളില്‍ പോലീസും ഫയര്‍ഫോഴ്‌സും രംഗത്തെത്തി. ചില ബഹളക്കാരെ പോലീസ്‌ പൊക്കി. രണ്ടുപേരടങ്ങു ജസ്റ്റിസ്‌ ഫോര്‍ ഓള്‍ ഗ്രൂപ്പ്‌ അവരുടെ ഫ്‌ളാഗ്‌ കാര്‍ഡ്‌ ഉയര്‍ത്തിപ്പിടിച്ച്‌ ഓണാഘോഷത്തെ പ്രകമ്പനം കൊള്ളിച്ചു. പക്ഷെ പോലീസിനെ കണ്ടപ്പോള്‍ അവരില്‍ ചിലര്‍ പറ..പറ ഓടി രക്ഷപ്പെട്ടു. എവിടേയും ഒരു അരാജകത്വം യുദ്ധാന്തരീക്ഷം. ടൈഫൊയൊ, അക്ഷരപ്പിശകൊ, അക്ഷരപിശാചൊ എന്തായാലും അസ്സോസിയേഷന്റെ ഫ്‌ളയറില്‍ കണ്ടപോലെ ശരിക്കും വെടിവെയ്‌പും, ലാത്തിചാര്‍ജ്ജും, കണ്ണീര്‍വാതക പ്രയോഗവും നടന്ന ഒരു പ്രതീതിയായിരുന്നു അവിടമാകെ. അങ്ങനെ ലോംഗ്‌ വൈഡ്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്റെ ഇക്കൊല്ലത്തെ ഓണാഘോഷം കേരളത്തനിമയില്‍ പൊടിപൊടിച്ച്‌ ഉഗ്രമായി, ഉജ്ജ്വലമായി.

ശാപ്പാട്‌ യഥാസമയത്ത്‌ കിട്ടാത്തതുകൊണ്ടായിരിക്കും രാവിലെ ഡയബറ്റിക്ക്‌ കുത്തിവെപ്പെടുത്തു വന്ന തോമസ്‌ കുട്ടിക്കും ഒരു തല കറക്കം പോലെ. മറിഞ്ഞു വീഴാതെ ഭാര്യയും സുഹൃത്തുക്കളും താങ്ങിനിര്‍ത്തി. ഒരാമ്പുലന്‍സ്‌ കൂടെ അവിടെയെത്തി. തോമസ്‌ കുട്ടിയേയും കേറ്റി ആംബുലന്‍സ്‌ ഹെര്‍മ്മന്‍ ഹോസ്‌പിറ്റലിലേക്ക്‌ പാഞ്ഞു. അങ്ങനെ ഈ ഓണവും തോമസ്‌ കുട്ടിക്ക്‌ ഓര്‍ത്ത്‌ ചിരിക്കാന്‍ മാത്രം അവസ്‌മരണീയമായി. പക്ഷെ വെറും തമാശയല്ലെന്നു മാത്രം.

A C GEORGE, USA

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh