ലിഗയുടെ കൊലപാതകം : സുഹൃത്തിനെ പ്രതിയുടെ അടുപ്പക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്


തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊലീസ്. പ്രതികളുടെ അടുപ്പക്കാരാണ് വനിതയുടെ സുഹൃത്തിന് പിന്നിലുള്ളതെന്നും പൊലീസ് പറഞ്ഞു. പ്രധാന സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇയാളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്നും പൊലീസ് വ്യക്തമാക്കി.ഇതുസംബന്ധിച്ച് എസിപി ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ ദിവസം വിദേശ വനിതയുടെ സുഹൃത്ത് പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സുഹൃത്തിന്റെ പ്രതികരണം. സത്യം കണ്ടുപിടിക്കുന്നതിനേക്കാള്‍ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിനു താത്പര്യമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.രാജ്യം വിടാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യം വിട്ടില്ലെങ്കില്‍ ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണിയെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം നടന്നതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് മറുപടി ലഭിക്കാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആന്‍ഡ്രൂസ് പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വരുന്നതിന് മുമ്പ് മൃതദേഹം അടക്കം ചെയ്തത് അസാധാരണമാണ്. കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താല്‍പ്പര്യമെന്നും ആന്‍ഡ്രൂസ് ആരോപിച്ചു.കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതിലും സംശയമുണ്ട്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. ഡിവൈഎസ്പിയും ഐജിയും മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്ത് എത്തിയതിലും സംശയമുണ്ട്. കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കുന്നയിടത്ത് ഡി.വൈ.എസ്.പി.യും ഐ.ജി.യും ഉണ്ടായിരുന്നു. മൃതദേഹം എങ്ങനെയാണ് ദഹിപ്പിക്കുന്നത് എന്നറിയാന്‍ അവരില്‍ ആകാംഷയുണ്ടെന്ന് തോന്നിയതായും ആന്‍ഡ്രൂ ആരോപിക്കുന്നു. പൊലീസിന് ഇതില്‍ എന്താണ് നേട്ടം. അതുകൊണ്ടാണ് കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നു ഞാന്‍ ആവശ്യപ്പെടുന്നത്.

പൊലീസ് കണ്ടെത്തിയ മൃതദേഹത്തിന് 20, 25 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവളെ ആരെങ്കിലും നിര്‍ബന്ധിതമായി തടവില്‍ പാര്‍പ്പിച്ചിരിക്കണം. പ്രതികളുടെ മൊഴി ഇതില്‍ നിന്നും വിരുദ്ധമാണ്. മരണപ്പെട്ടയാളുടെ മൃതദേഹം നാട്ടുകാര്‍ നേരത്തേ തന്നെ കണ്ടിരുന്നെങ്കിലും അവരും പൊലീസിനോട് പറയാന്‍ തയ്യാറാകാഞ്ഞതും ദുരൂഹമാണ്. വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പൊലീസിന് അവളെ കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരും ഇതേപറ്റി പൊലീസിനോട് പറഞ്ഞില്ല. പൊലീസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ തെളിയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതില്‍ അന്വേഷണം വേണമെന്നും ആന്‍ഡ്രൂ ആവശ്യപ്പെട്ടു. തന്റെ സുഹൃത്തിന്റെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചതാണ് എല്ലാവരും ചേര്‍ന്ന്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും പോലീസുകാരും മന്ത്രിയും ചേര്‍ന്ന് നടത്തിയ പൊറാട്ടു നാടകങ്ങളാണ് എല്ലാവരും കണ്ടത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയ്ക്കും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ആരുമായും പ്രശ്‌നങ്ങള്‍ വേണ്ടാ എന്നു വച്ചാണ് സഹോദരി തിരിച്ചു പോയതെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്.പൊലീസ് ഒരുകാര്യവും തങ്ങളുമായി പങ്കുവെക്കാന്‍ തയ്യാറായില്ലെന്നും ആന്‍ഡ്രൂസ് ആരോപിക്കുന്നു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസന്വേഷണം നടത്തുന്ന സംഘത്തിന് മേല്‍ പുറത്തുനിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് എന്റെ സുഹൃത്ത് ബിജു വര്‍മ ഒരു സിനിമ എടുക്കുന്നുണ്ട്. എന്റെ കണ്ണിലൂടെ ഈ കേസിനെക്കുറിച്ച് പറയുന്ന തരത്തിലാണ് ആ സിനിമ ഒരുക്കുന്നത്. എനിക്കിവിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആ സിനിമയില്‍ വ്യക്തമായി പ്രതിപാദിക്കും. ആന്‍ഡ്രൂ ഇന്ന് വൈകുന്നേരം അയര്‍ലണ്ടിലേക്ക് തിരിക്കും. അവിടുത്തെ ഹൈക്കോര്‍ട്ടിലും ഇതിനെ സംബന്ധിച്ച് പരാതി നല്‍കും. അവിടുത്തെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടും. ഇതുസംബന്ധിച്ച് കേരളാ സര്‍ക്കാറിന്റെ മേല്‍ സമ്മര്‍ദം കൊണ്ടുവരാന്‍ ശ്രമിക്കും. അന്താരാഷ്ട്ര കോടതിയിലേക്കും പോകുമെന്നും ആന്‍ഡ്രൂസ് പറയുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്രൂസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. നേരത്തെ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍ഡ്രൂസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി സ്വദേശത്തേക്ക് മടങ്ങിയിട്ടും ആന്‍ഡ്രൂസ് കേരളത്തില്‍ തന്നെ തുടരുകയാണ്. മരണത്തില്‍ ഇനിയും ദുരൂഹതകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ആന്‍ഡ്രൂസിന്റെ ആവശ്യം. കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh