ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതികളുടെ മൊഴി പുറത്ത്

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പറഞ്ഞു.
 
മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും ലിഗയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് ലിഗയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
 
കസ്റ്റഡിയിലുള്ള ഉമേഷിനെയും ഉദയനേയും ഉച്ചയോടെ അറസ്റ്റ് ചെയ്യും. മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് പറയുന്നു. ലിഗയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി.  ഇരുവര്‍ക്കുമെതിരെ ബലാത്സംഗകുറ്റം ചുമത്തും. ഉമേഷ്  മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉമേഷിനെതിരെ പോക്‌സോ ചുമത്തും.
 
അതേസമയം ലിഗയുടെ സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ ഇന്ന് വൈകീട്ട് നാലിനു നടക്കും. ചിതാഭസ്മം ഇലീസ് ലാത്!വിയയിലേക്കു കൊണ്ടുപോകും. സാങ്കേതിക കാരണങ്ങളാല്‍ ലിഗയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്‌കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുന്‍പായിരുന്നു ലിഗയും ഇലീസും നാട്ടിലേക്കു മടങ്ങാന്‍ വിമാന ടിക്കറ്റ് എടുത്തിരുന്നത്.
 
ലിഗയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. അതിന് മുമ്പ് ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ലിഗയുടെ ഓര്‍മകളുമായി മെഴുകുതിരി വെളിച്ചത്തില്‍ ചടങ്ങ് സംഘടിപ്പിക്കും. ലിഗയെ തേടിയുള്ള യാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് ഇലീസ് നന്ദി അറിയിക്കും. ഇന്ത്യന്‍ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ലിഗയുടെ ഓര്‍മയ്ക്കായി വയലിന്‍ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാര്‍ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞന്‍ നവീന്‍ ഗന്ധര്‍വിന്റെ ആരാധികയായിരുന്നു ലിഗ. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീന്‍ മുംബൈയില്‍ നിന്നെത്തി ലിഗയ്ക്കായി പാടും.
 
കാണാതായ ലിഗയ്ക്കായി ഭര്‍ത്താവ് ആന്‍ഡ്രുവും താനും ചേര്‍ന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങള്‍ ഇലീസ് പങ്കുവയ്ക്കും. ലിഗയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം ലിഗയുടെ ഓര്‍മയ്ക്കായി കനകക്കുന്നില്‍ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനല്‍കി.
 
മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണല്‍മരച്ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കണമെന്ന ലിഗയുടെ ആഗ്രഹം കുടുംബാംഗങ്ങള്‍ സഫലമാക്കും
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh