ടൈം മാഗസിന്‍റെ കവറില്‍ പ്രത്യക്ഷപ്പെട്ട് ലിയോ വരേദ്കര്‍

time 6fd47

വിഖ്യാതമായ ടൈം മാഗസിന്‍റെ യൂറോപ്പ് എഡിഷനിലാണ് അയര്‍ലണ്ട് പ്രധാനമന്ത്രിയായ ലിയോ വരേദ്കറിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. സ്ഥാനത്തില്‍ ഏറിയപ്പോള്‍ മാധ്യമശ്രദ്ധ കാര്യമായി ചെന്നുപെട്ട ആളായിരുന്നു വരേദ്കര്‍. ഇന്ത്യന്‍ വംശജനെന്ന നിലയിലും സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രി എന്ന നിലയിലും വരേദ്കറിന്‍റെ വിജയം ലോകമെങ്ങും ആഘോഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ടൈം മാഗസിന്‍ ലിയോയുടെ ചിത്രം പുറത്തുവിട്ടത്.
 
ജൂലൈ എഡിഷനിലാണ് ലിയോയുടെ ചിത്രം വന്നത്. ലോകത്തിന്‍റെ നടുക്കുള്ള ഒരു ദ്വീപ്‌ എന്ന് അദ്ദേഹം അയര്‍ലണ്ടിനെ വിശേഷിപ്പിച്ചിരുന്നു. ഈ വാചകമുള്‍പ്പെടെയാണ് ചിത്രം വന്നിരിക്കുന്നത്. എ പോര്‍ട്രെയ്റ്റ് ഓഫ് ദി പ്രൈം മിനിസ്റ്റര്‍ എന്ന അഭിമുഖത്തിലാണ് അയര്‍ലണ്ടിനെ കുറിച്ച് ഇത്ര മനോഹരമായി ലിയോ പറഞ്ഞുവച്ചത്.
 
പൂര്‍ണമായും കാത്തലിക് രാജ്യമായ അയര്‍ലണ്ടിന്‍റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ ലിയോക്ക് സാധിക്കുമെന്നാണ് അന്താരാഷ്ട്രതലത്തില്‍ മാധ്യമങ്ങളുടെ പ്രതീക്ഷ. ലിയോയുടെ ലൈംഗികതയും വംശവും എല്ലാം ഇതിലേക്ക് നയിക്കുമെന്നാണ്‌ പറയുന്നത്. 
 
അടുത്തിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും അഭിമുഖത്തില്‍ വരേദ്കര്‍ സംസാരിച്ചു. ബ്രെക്സിറ്റും ട്രമ്പും വ്യാപാരവും കാലാവസ്ഥയും ഉള്‍പ്പെടെ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെങ്കിലും താന്‍ അണിഞ്ഞ മേപ്പിള്‍ ഇലകളുടെ ചിത്രമുള്ള സോക്സും മറ്റുമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇയു വിടുന്നത് ഒരിക്കലും തന്‍റെ നിഘണ്ടുവില്‍ പോലുമില്ലെന്ന് അദ്ദേഹം അറിയിച്ചു.  
 
ഇതാദ്യമായല്ല അയര്‍ലണ്ട് പ്രധാനമന്ത്രി ടൈം മാഗസിന്‍റെ കവറില്‍ പ്രത്യക്ഷപ്പെടുന്നത്. 2012ല്‍ കെല്‍റ്റിക് കം ബാക്ക് എന്ന തലക്കെട്ടോടെ ഏന്‍ഡ കെന്നിയുടെ ചിത്രം ടൈം പ്രസിദ്ധീകരിച്ചിരുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh