മരടിലെ ഫ്‌ലാറ്റുകള്‍ക്ക് പിന്നാലെ 1800 കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കേണ്ടി വന്നേക്കും

 
 
തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളിലേക്ക് നീങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തു.
 
മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിര്‍മ്മിച്ച 1800ഓളം കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഇടപെട്ട സ്ഥിതിക്ക് ഇനി ഇളവ് പറ്റില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മരട് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ മന്ത്രിസഭ ചര്‍ച്ച ചെയ്തത്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള തുടര്‍നടപടികളിലേക്ക് വേഗം നീങ്ങാനാണ് തീരുമാനം.മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറായെത്തിയ യോഗ്യതയുള്ള ആറ് കമ്പനികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികള്‍ക്ക് മരട് മുനിസിപ്പാലിറ്റി പൊളിക്കല്‍ കരാര്‍ നല്‍കും.മരടില്‍ ഫ്‌ലാറ്റ്‌സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിച്ച് കൊടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ ഫ്‌ളാറ്റുകള്‍ക്കും ബാധകമാണെന്നിരിക്കെ പല കെട്ടിടസമുച്ചയങ്ങളും പൊളിക്കേണ്ടി വരും.തീരപരിപാലന നിയമത്തില്‍ പിന്നീട് ഭേദഗതി വന്നിട്ടുണ്ടെങ്കിലും (500 മീറ്റര്‍ പരിധി 200 മീറ്ററാക്കി) കെട്ടിട നിര്‍മ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമം മാത്രമേ ആ സമുച്ചയങ്ങള്‍ക്ക് ബാധകമാകൂ. മുന്‍കാല പ്രാബല്യമില്ല. ഇക്കാര്യത്തില്‍ ഇനി വേറെ വഴിയൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു.
 
സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായത് നന്നായെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കില്ല. തീര പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh