പുത്തുമലയിലേത് വന്‍ ദുരന്തം, 100 ഏക്കറോളം ഒലിച്ചുപോയി, തെരച്ചിലിന് സൈന്യവും: വീണ്ടും മഴയെന്ന് മുന്നറിയിപ്പ്

   
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. മുപ്പതിലധികം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി വിവരമുണ്ട്. നിരവധി പേരെ കാണാതായതായി സംശയിക്കുന്നുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ ഇന്നലെ രക്ഷിച്ചിരുന്നു. എസ്‌റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ന് രാവിലെയും രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. പുത്തുമലയില്‍ സംഭവിച്ചത് വന്‍ ദുരന്തമാണെന്നാണ് ഇവിടുന്ന് ലഭിക്കുന്ന വിവരം. പ്രതികൂല കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്.
 
വ്യാഴാഴ്ച പകല്‍ 3.30 ഓടെയാണ് വന്‍ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വന്നത്. ഈ സമയം എസ്‌റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ചെരിഞ്ഞ പ്രദേശമാണിത്. എത്ര പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ഇനിയും ലഭ്യമല്ല. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നുണ്ടെന്നതിനാല്‍ അന്നുതന്നെ നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇന്നലെ രാവിലെയും ഏറെ പേരെ മാറ്റിയതായി പറയുന്നുണ്ട്.
പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാര്‍ഗവും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയും, സൈന്യവും, പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. ഏതാനും ടൂറിസ്റ്റുകളും ഇതര സംസ്ഥാന തൊഴിലാളികളും ഇവിടെയുണ്ടായിരുന്നതായാണ് വിവരം. മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സുഗമമാകൂ. രക്ഷപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അതേസമയം, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. ചില വീടുകളും മണ്ണിനടിയിലായിട്ടുണ്ട്. മുപ്പത് വര്‍ഷം മുമ്പ് പ്രദേശത്ത് സമാനമായ രീതിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്.
 
മഴ തുടരുമെന്ന് മുന്നറിയിപ്പ്അതേസമയം, സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh