ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു, മലപ്പുറം സ്വദേശിയെന്ന് റിപ്പോര്‍ട്ട്

 
   
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം കാണാതായതും ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നയാളുമായ മലയാളി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. അഫ്ഗാനിസ്ഥാനില്‍ വച്ച് അഫ്ഗാന്‍അമേരിക്കന്‍ സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് മലപ്പുറം സ്വദേശിയായ സൈഫുദിന്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഈ വിവരം അറിയിച്ചത്. ഇതുവരെ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന, കേരളത്തില്‍ നിന്നുമുള്ള 98 പേര്‍ ഐസിസിന്റെ ഭാഗമായിട്ടുണ്ടെന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
 
ജൂണോടെ, ഇക്കൂട്ടത്തിലെ 38 പേര്‍ കൊല്ലപ്പെട്ടുവെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഐസിസിലേക്ക് പുറപെട്ടുപോയ മലയാളികള്‍ ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറം ജില്ല. കണ്ണൂരും കാസര്‍കോടുമാണ് മറ്റ് രണ്ട് ജില്ലകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൊല്ലപ്പെടുന്നത്.ഇതിന് മുന്‍പ് മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിനാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായുള്ള വിവരം ലഭിച്ചത്. വീട്ടുകാര്‍ക്ക് വന്ന സന്ദേശത്തിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്‌സിന്‍ കൊല്ലപ്പെട്ടുവെന്ന് മലപ്പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വാട്ട്‌സാപ്പ് വഴി സന്ദേശം ലഭിക്കുകയായിരുന്നു.നിങ്ങളുടെ സഹോദരന്‍ വീരമൃത്യു വരിച്ചെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍ നമ്പറില്‍ നിന്ന് മലയാളത്തിലായിരുന്നു സന്ദേശം വന്നത്. കൊല്ലപ്പെട്ട കാര്യം വിവരം പൊലീസില്‍ അറിയിക്കരുതെന്നും അറിയിച്ചാല്‍ പൊലീസ് നിങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh