ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വി: കോട്ടയത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീന തോറ്റതിന്റെ വിഷമത്തില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലില്‍നിന്നാണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദിനു അലക്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. മീനച്ചലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദിനുവിന്റെ ഫോണ്‍ അറുമാനൂര്‍ കടവില്‍നിന്നു കിട്ടിയിരുന്നു. വെള്ളി പുലര്‍ച്ചെ മുതലാണു ദിനുവിനെ കാണാതായത്.
 
ഇന്ന് രാവിലെയാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്ന് മൃതദേഹം കരയ്ക്കടിഞ്ഞത്. ഇയാളുടെ കഴുത്തിലെ മാലയില്‍ നിന്നാണ് മൃതദേഹം ദിനുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.
 
പോലീസ് നായ ആറുമാനൂര്‍ കടവിലേക്ക് രണ്ടുവട്ടം മണം പിടിച്ച് ഓടിയതിനാല്‍ യുവാവ് ആറ്റില്‍ ചാടിയതാകാമെന്ന നിഗമനത്തിലായിരുന്നു ആദ്യം മുതലേ പോലീസ്.
 
ക്രൊയേഷ്യയുമായുള്ള മത്സരത്തിലെ അര്‍ജന്റീനയുടെ തോല്‍വിയാണ് ആത്മഹത്യാ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.അത്തരത്തിലുള്ള മൊഴികളാണ് പോലീസിന് ലഭിച്ചതും. അര്‍ജന്റീന ആരാധകനായിരുന്നു ദിനു. അതിലുപരി മെസ്സിയുടെ കടുത്ത ആരാധകനും. മെസ്സിയുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്ന ചെറു കുറിപ്പുകളും ദിനുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
 
പത്ത് വര്‍ഷം മുമ്പ് ഡിഗ്രി പരീക്ഷയില്‍ തോറ്റപ്പോഴും ഇതു പോലെ ദിനു നാടുവിട്ടിരുന്നു. പരീക്ഷ പാസ്സായതിനു ശേഷമാണ് വീട്ടിലേക്ക് തിരിച്ചു വന്നത്. ആത്മഹത്യ പ്രവണത മുമ്പ് വെച്ചു പുലര്‍ത്തിയിരുന്ന യുവാവാണ് ദിനു എന്ന തരത്തിലുള്ള മൊഴികളാണ് വീട്ടുകാരില്‍ നിന്നു ലഭിച്ചത്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh