ഗോവയിലും രാഷ്ട്രീയനാടകം; ഭരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

പനാജി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന മാനദണ്ഡം അടിസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ സമീപിക്കും.
 
കര്‍ണാടകത്തില്‍ ഇപ്പോഴുള്ളതിനു സമാനമായ സാഹചര്യം ഗോവയില്‍ ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നിഷേധിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ കോണ്‍ഗ്രസ് നീക്കം. മാത്രമല്ല, നാളെ സുപ്രീംകോടതി കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ഗോവയും അവിടെ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് തിടുക്കത്തിലുള്ള ഈ നടപടി.
 
രോഗബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഏറെ നാളുകളായി ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണുള്ളത്. പരീക്കറുടെ അഭാവത്തില്‍ സാഹചര്യം മുതലെടുത്ത് സമ്മര്‍ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എംജിപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍
 
ആകെ 40 അംഗങ്ങളുള്ള ഗോവയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളും ബിജെപിക്ക് 14 അംഗങ്ങളുമാണുള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും ബിജെപിയെയാണ് അന്ന് ഗവര്‍ണര്‍ മൃദുല സിന്‍ഹ ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് 17ഉം ബിജെപിക്ക് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വിശ്വജിത് റാണെ രാജിവെച്ച് ബിജെപി സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുകയായിരുന്നു.
 
മൂന്നു വീതം അംഗങ്ങളുള്ള എംജിപി, ജിഎഫ്പി എന്നിവയുടെ പിന്തുണയോടെ ആറ് എംഎല്‍മാരെക്കൂടി ചേര്‍ത്ത് ബിജെപി അവിടെ 21 അംഗ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു. കേന്ദ്രമന്ത്രയായിരുന്ന മനോഹര്‍ പരീക്കര്‍ സ്ഥാനം രാജിവെച്ച് ഗോവയില്‍ മുഖ്യമന്ത്രിയായി.
 
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയാകും എന്നതായിരുന്നു ബിജെപിക്ക് പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്തിയ പ്രധാന ഘടകം. ഇപ്പോള്‍ പരീക്കറുടെ അസാന്നിധ്യത്തില്‍ ബിജെപിക്ക് പിന്‍തുണ നല്‍കുന്ന എംജിപി, ജിഎഫ്പി എന്നീ കക്ഷികളില്‍നിന്ന് ഏതിനെ എങ്കിലും ഒപ്പം കൂട്ടി സ്വതന്ത്രന്മാരെയും ചേര്‍ത്ത് ചേര്‍ത്ത് സംഖ്യ തികയ്ക്കാമോ എന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. ആദ്യപടി എന്ന നിലയില്‍, ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണ് എന്ന് തെളിയിക്കാന്‍ 16 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
 
കര്‍ണാടകത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാട് ചോദ്യംചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ സമാനമായ സാഹചര്യമുള്ള ഗോവയും ഉയര്‍ത്തിക്കൊണ്ടുവരികയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. തൂക്കു മന്ത്രിസഭയുടെ സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് അനുമതി നല്‍കുക എന്നത് ഗവര്‍ണറുടെ വിവേചനാധികാരമായിരിക്കേ, വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നത് വിവേചനപരമാണ് എന്നത് കോടതിയെ ബോധ്യപ്പെടുത്താനും സമ്മര്‍ദ്ദമുയര്‍ത്താനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
 
കര്‍ണാടകത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലെയും മന്ത്രിസഭയുടെ നിലനില്‍പ്പിനെയും ബാധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മണിപ്പൂര്‍, മേഘാലയ, ബിഹാര്‍ എന്നിവടങ്ങളിലും സമാന സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി വിവിധ കക്ഷികള്‍ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
 
അതേസമയം അവകാശവാദവുമായി ആര്‍ജെഡിയും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെടും. ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി. എംഎല്‍എമാര്‍ക്ക് ഒപ്പം ഗവര്‍ണറെ കാണുമെന്നും തേജസ്വി യാദവ് പറഞ്ഞു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh