സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

loyacase d5475ന്യൂഡൽഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണക്കേസ് പരിഗണിക്കാൻ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ചൊവ്വാഴ്ച അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ കേസില്‍ വാദം കേള്‍ക്കും.


ചീഫ് ജസ്റ്റിനെതിരായ വിയോജിപ്പ് പരസ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം വിളിച്ച മുതിർന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ബി.എച്ച്. ലോയയുടെ കൊലപാതക്കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സുപ്രധാനമായ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ജസ്റ്റിസ് ജസ്തി ചെലമേശ്വർ, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ് എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ ഭിന്നത വാർത്താസമ്മേളനം വിളിച്ച് പരസ്യമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ ഒരുവശത്ത് ഊർജിതമായി നടക്കുമ്പോഴാണ് മുതിർന്ന ജഡ്ജിമാരെ പാടെ അവഗണിച്ച് ലോയ കേസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ നൽകാനുള്ള തീരുമാനം. നേരത്തെ, മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചും രൂപീകരിച്ചിരുന്നു. ആധാര്‍, ശബരിമല, സ്വവര്‍ഗരതി തുടങ്ങിയ കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച ബെഞ്ചില്‍, ചീഫ് ജസ്റ്റിസിനെ കൂടാതെ എ.കെ. സിക്രി, എം.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണുള്ളത്.

ബെഞ്ച് രൂപീകരണത്തില്‍ ചീഫ് ജസ്റ്റിസ് ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി പരസ്യമായി പറഞ്ഞ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ ആരെയും ഇതിലും ഉള്‍പ്പെടുത്തിയിരുന്നില്ല. അതേസമയം, ഇന്നു കോടതി ചേരുന്നതിനു മുന്‍പ് ജഡ്ജിമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയതായാണ് സൂചന.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh