നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

 
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പൊലീസ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസമാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്. മമ്മൂട്ടി ചിത്രമായ 'കസബ'യെ വിമര്‍ശിച്ചതിന്റെപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കുനേരേ അസഭ്യവര്‍ഷം നടന്നിരുന്നു. അപവാദപ്രചാരണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തവരുടെ വിവരമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യ നടത്താന്‍ സംഘടിതശ്രമം നടക്കുന്നതിനൊപ്പം ഭീഷണിസന്ദേശങ്ങള്‍ രണ്ടാഴ്ചയായി തുടരുന്നെന്നും പരാതിയിലുണ്ട്.
 
പാര്‍വതി ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പരാതി നല്‍കിയിരുന്നു. ഐ.ജി.യുടെ നിര്‍ദേശപ്രകാരം എറണാകുളം സൗത്ത് സി.ഐ. സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം  നടക്കുന്നത്. അപകീര്‍ത്തിപ്പെടുത്തല്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആയതിനാല്‍ കൊച്ചി സൈബര്‍സെല്‍ വിവരം പരിശോധിച്ചുവരികയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
 
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുനടന്ന ഓപ്പണ്‍ഫോറത്തിലാണ് കസബ സിനിമയെ വിമര്‍ശിച്ച് പാര്‍വതി സംസാരിച്ചത്. ചിത്രം കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും മലയാളത്തിലെ മഹാനടന്‍ ഇത്തരം ചിത്രം അഭിനയിച്ചത് വളരെ സങ്കടകരമാണെന്നുമാണ് പാര്‍വതി പറഞ്ഞത്. ഈ വിഷയം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ പാര്‍വതിക്കെതിരേ ആക്രമണം നടന്നു.
 
പാര്‍വതിയെ പിന്തുണച്ചും എതിര്‍ത്തും സിനിമാരംഗത്തുള്ളവര്‍കൂടി എത്തിയതോടെ സൈബര്‍ ആക്രമണം കൂടുതല്‍ ശക്തിയാര്‍ജിച്ചു. പാര്‍വതിയെ പിന്തുണച്ചതിന് നടി റിമ കല്ലിങ്കലിനെതിരേയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിനെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണമുണ്ടായി.
 
പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തിഹത്യനടത്തുന്ന തരത്തിലുള്ള അസഭ്യ കമന്റുകള്‍ ധാരാളം വന്നു. പാര്‍വതിയുടെയും പിന്തുണയ്ക്കുന്നവരുടെയും സിനിമ ബഹിഷ്‌കരിക്കും എന്നരീതിയില്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങള്‍ പലരും മുഴക്കി. അടുത്തിടെ ഇറങ്ങിയ മായാനദി എന്ന സിനിമക്കെതിരേയും ഭീഷണി ഉയര്‍ന്നു. ഇതിനിടയിലാണ് പാര്‍വതി പരാതിയുമായി രംഗത്തുവന്നത്.
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh