ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍ എ എടീ- പോടീ പ്രയോഗം; ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍ എ

Kerala MLA yells at woman D 07591

തിരുവനന്തപുരം: ഡപ്യൂട്ടി കലക്ടറെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച് തെറി അഭിഷേകം നടത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് സി പി എം എം എല്‍ എ രംഗത്ത്. ഡപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയക്ക് നേരെയാണ് പാറശ്ശാല എം.എല്‍.എ സികെ ഹരീന്ദ്രന്‍ കഴിഞ്ഞദിവസം അസഭ്യം പറഞ്ഞത്. 'എന്നെ നിനക്ക് അറിയില്ല, നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത്' എന്നൊക്കെ പറഞ്ഞായിരുന്നു എം എല്‍ എയുടെ അസഭ്യവര്‍ഷം . സംഭവം വിവാദമായതോടെയാണ് ഇപ്പോള്‍ എം എല്‍ എയുടെ മാപ്പുപറച്ചില്‍.

മനോരമ ന്യൂസിലൂടെയാണ് എംഎല്‍എ ഖേദ പ്രകടനം നടത്തിയത്. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്നു രക്ഷിക്കാനായിരുന്നു തന്റെ ശ്രമമെന്നാണ് വിശദീകരണം. കലക്ടര്‍ വിളിച്ച യോഗത്തില്‍വച്ച് ഡെപ്യൂട്ടി കലക്ടറോട് സംസാരിക്കുമെന്നും എംഎല്‍എ ഉറപ്പുനല്‍കി. ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സി.കെ.ഹരീന്ദ്രന്‍ പറഞ്ഞു. നേരത്തെ എംഎല്‍എയുടെ പ്രസ്താവനയില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അതൃപ്തി അറിയിച്ചിരുന്നു. കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ സി.കെ.ഹരീന്ദ്രനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എയുടെ ഖേദപ്രകടനം.

കഴിഞ്ഞ ദിവസം മാരായമുട്ടത്തുണ്ടായ ക്വാറി അപകടത്തില്‍ മരിച്ചവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് എംഎല്‍എ ഡെപ്യൂട്ടി കലക്ടറെ ശകാരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കലക്ടറുമായുള്ള മീറ്റിംഗിനുശേഷം ഒരു തീരുമാനമെടുത്ത് കഴിഞ്ഞ് മാത്രമെ തനിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് ഡെപ്യൂട്ടി കലക്ടര്‍ തീരുമാനിച്ചതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.

പിന്നീട്, സര്‍ക്കാരിനോട് പറഞ്ഞ് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് എംഎല്‍എ തന്നെ പറയുകയായിരുന്നു. എംഎല്‍എ വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്നും ദു:ഖമുണ്ടെന്നും വിജയ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈസന്‍സില്ലാത്ത ക്വാറിയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇതില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh