അടിന്തരാവസ്ഥയിൽ മോദിയെ വിമർശിച്ച് പാർട്ടികൾ

modi 58854

അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് പാർട്ടികൾ. കോൺഗ്രസും സിപിഎമ്മുമാണ് അടിയന്തരാവസ്ഥയെ ചോദ്യംചെയ്ത് രംഗത്തെത്തിയത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആർക്കും  അടിയന്തരാവസ്ഥ   മറക്കാനാകില്ലെന്നു  പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി  മൻ കി ബാത്തിൽ പറഞ്ഞു. മാൻ കി ബാത്തിൽ പറയുന്നതും പ്രഖ്യാപിക്കുന്നതുമെല്ലാം വലിയ വാർത്തയാകുന്നത് പതിവാണ്. ആ പതിവാണ് ഇവിടെ തിരിഞ്ഞ് കൊത്തിയത്. 
 
അടിയന്തരാവസ്ഥക്കെതിരെ നടന്ന പോരാട്ടങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. 1975 ജൂൺ 25ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയും അതിന്റെ പരിണിത ഫലങ്ങളും ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ഒരു ഇന്ത്യക്കാരനും മറക്കാനാകില്ലെന്ന മോദിയുടെ ഗഡാഗഡിലൻ പ്രസ്താവനയെ ആണ് കോൺഗ്രസും സിപിഎമ്മും ചോദ്യം ചെയ്തത്. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ജനാധിപത്യം കൊല്ലപ്പെട്ട കാലമാണ് ഇതെന്നായിരുന്നു സിപിഎം വിമർശനം. സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. 1975ൽ അടിയന്തരാവസ്ഥ കാരണമാണ് ജനാധിപത്യം കൊല ചെയ്യപ്പെട്ടത്. ഗോക്കളുടെ പേരിൽ ദളിതരും മുസ്ലീങ്ങളും കൊല്ലപ്പെടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദനാണ്.  മോദിയുടെ ഭരണത്തിന് കീഴിൽ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും  നിഷേധിക്കപ്പെടുകയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. 
 
അതോടെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മോദിയുടെ ഓർമ്മപ്പുതുക്കലിന് പണി കി്ട്ടി. ജനാധിപത്യം ഒരു സംവിധാനം അല്ല സംസ്‌കാരം ആണെന്നുമൊക്കെയായിരുന്നു മോദിയുടെ നിരീക്ഷണം. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക പോലും ചെയ്യാതെ ഇവിടെ ജനം അതനുഭവിക്കുന്നു എന്നായിരുന്നു വിമർശനം.
 
സിപിഎമ്മിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. എൻഡിഎയുടെ ഭരണത്തിന് കീഴിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് കോൺഗ്രസ് നേതാവ് ടോം വടക്കൻ പ്രതികരിച്ചു. മാധ്യമസ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന അനാവശ്യ സിബിഐ റെയ്ഡുകൾ ഇതിന് തെളിവാണ്. അടിയന്തിരാവസ്ഥക്കാലം കോൺഗ്രസ് മറന്നിട്ടില്ല. മൻ കി ബാത്തിൽ  രാജ്യത്തിൻറെ ആഭ്യന്തരസുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ടോം വടക്കൻ ചോദിച്ചു.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh