സി കെ ജാനു കാറോടിക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?

c k janu b49b2

ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സി കെ ജാനുവിന്റെ കാർ യാത്ര. കാറോടിക്കുന്ന ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. അഭിമുഖത്തോടൊപ്പം ജാനു കാറോടിക്കുന്ന ചിത്രം കൂടി പ്രസിദ്ധീകരിച്ചതോടെ ചോദ്യവും ബഹളങ്ങളുമായി. ആദിവാസിയായ ജാനുവിന്റെ കയ്യിൽ കാർ വാങ്ങാനും മാത്രം പണം എങ്ങനെ വന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. 
 
ജാനുവിനെ എതിർത്ത് മുൻ സഹചാരി കൂടിയായ ഗീതാനന്ദനും രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സംഘ്പരിവാറിന്റെ കയ്യിൽനിന്നുള്ള പണംകൊണ്ടാണ് സി കെ ജാനു കാർ വാങ്ങിയത് എന്നായിരുന്നു ആരോപണം. എന്നാൽ വർഷം ഏഴെട്ട് ലക്ഷം രൂപയ്ക്ക് കുരുമുളക് വിൽക്കുന്ന കർഷകയാണ് ജാനുവെന്നും കാർ വാങ്ങാനുള്ള പണം അവർ സമ്പാദിച്ചതാണെന്നും മറുപടിയായി വരുന്നുണ്ട്.
 
എന്നാൽ ഇവിടെ ഉയരുന്ന ചോദ്യം സി കെ ജാനു കാർ വാങ്ങുന്നതിൽ ആർക്കാണ് പ്രശ്‌നം എന്നതാണ്. ആദിവാസി സമുദായത്തിൽനിന്ന് പ്രധാനപ്പെട്ട വ്യക്തിത്വമായി സി കെ ജാനു മാറിയത് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരാൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ കാറ് വാങ്ങുമ്പോൾ അതിനുള്ള പണം എവിടെനിന്ന് ലഭിച്ചുവെന്ന് പറയേണ്ടിവരുന്നത് കഷ്ടമാണ്. അതാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. 
 
ഒരു ആദിവാസിക്ക് സ്വന്തമായി കാറ് വാങ്ങുമ്പോൾ ആരോടൊക്കം അനുമതി വാങ്ങണമെന്ന ചോദ്യവും ഉന്നയിക്കുന്നു. സംഘ്പരിവാറിനൊപ്പം പോയതിനുശേഷമാണ് സി കെ ജാനുവിന് നേരെ ഇത്രയേറെ ചോദ്യങ്ങൾ ഉയരുന്നത്. എന്തിന് താൻ ഇതിനൊക്കെ മറുപടി പറയണമെന്ന ചോദ്യം പ്രസക്തമായി ഉയരുമ്പോഴും എതിർക്കുന്നവരും കൂടുകയാണ്. 
 
സി കെ ജാനു കാർ വാങ്ങരുതെന്ന് ആര് പറഞ്ഞാലും അതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് പൊതുവായി ഉയരുന്ന നിരീക്ഷണം. വർഷാവർഷം ആറും ഏഴും ലക്ഷത്തിന് കുരുമുളക് വിൽക്കുന്ന കർഷകയാണ് സി കെ ജാനു എന്ന് വെളിപ്പെടുത്തിയത് ഒരു ഓൺലൈൻ പത്രമാണ്. 
 
അത് സത്യമാണെങ്കിൽ കാറ് വാങ്ങാനും എല്ലാവരും നടക്കുന്നത് പോലെ പാഞ്ഞ് നടക്കാനും സി കെ ജാനുവിനും അവകാശമുണ്ടെന്ന് തന്നെയാണ് നിരീക്ഷണം. അതിൽ ആർക്ക് കണ്ണുകടിയുണ്ടെങ്കിലും ഒന്നും നോക്കാതെ തള്ളിക്കളയുകയാണ് വേണ്ടത്.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh