ബിജെപിയുടെ ദളിത് കാർഡിൽ പതറി പ്രതിപക്ഷം

ram nath kovind pm modi 650x400 636334780221323877 b3121

ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് പ്രതിപക്ഷ പാർട്ടികളാണ്. എൽകെ അദ്വാനി ഉൾപ്പെടെയുള്ള കടുത്ത സംഘ്പരിവാർ നേതാക്കന്മാരെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും എന്നായിരുന്നു ധാരണ. എന്നാൽ ആ ധാരണയാണ് ബിജെപി നേതൃത്വം നശിപ്പി്ച്ച് കളഞ്ഞത്. തലമൂത്ത സംഘിയാണെങ്കിൽ എതിർക്കാനൊക്കെ ഒരു ഉശിരുണ്ടാകുമെന്നും പ്രതിപക്ഷം ഐക്യം സാധ്യമാകും എന്നുമായിരുന്നു കണക്കുകൂട്ടൽ. സിപിഎം ഉൾപ്പെടെ മായാവതിയും മമതയും കോൺഗ്രസുമെല്ലാം വൻ പ്രതീക്ഷയിൽ ആയിരുന്നു. അതാണ് നശിപ്പിച്ചത്. ഒരു ദളിത് നേതാവിനെ ഉയർത്തിക്കാട്ടുക വഴി ബിജെപി തീർത്തത് ഒരു കവചമാണ്. 
 
അതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ യെച്ചൂരിപോലും പറഞ്ഞത് ദളിതനാണെങ്കിലും ആർഎസ്എസ് തന്നെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥി എന്നാണ്. രാഷ്ട്രപതി സ്ഥാനാർത്ഥി  ചർച്ചക്ക് തുടക്കമിട്ട പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുകയാണ്  ബിജെപിയുടെ  പ്രഖ്യാപനം.  ദളിത് രാഷ്ട്രീയത്തിന്റെ വക്താക്കളായി  നിലയുറപ്പിച്ചിട്ടുള്ള പ്രതിപക്ഷത്തെ പ്രമുഖ പാർട്ടികൾക്ക് രാംനാഥ് കോവിന്ദെന്ന ബിജെപി ദളിത് നേതാവ് രാഷ്ട്രപതിയാകുന്നതിനെ എതിർക്കുക എളുപ്പമാവില്ല. ഇതാണ് ബിജെപി ലക്ഷ്യമിടുന്നതും.
 
ഗോസംരക്ഷണത്തിന്റെ പേരിൽ  ദളിതർക്ക് നേരെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നടന്ന ആക്രമങ്ങളുയർത്തി  ബിജെപിക്കെതിരെയുള്ള  പ്രതിപക്ഷ കടന്നാക്രമണം ശക്തിപ്പെടുന്നതിനിടെയാണ് പ്രമുഖ ദളിത് നേതാവിനെ തന്നെ പാർട്ടി രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ദളിത് പ്രതിഷേധം തണുപ്പിക്കുന്നതിനൊപ്പം പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുകയെന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി ദളിതല്ലെങ്കിൽ ബിഎസ്പിക്ക് രാംനാഥ് കോവിന്ദിനെ എതിർക്കുക സാധ്യമല്ലെന്ന്  മായാവതി പ്രഖ്്യാപിച്ചത് ബിജെപിയുടെ ഈ രാഷ്ട്രീയം തിരിച്ചറഞ്ഞണ്.
 
പിന്നാക്ക വിഭാഗങ്ങളുടെ വക്താക്കളായി രംഗത്തുള്ള സമാജ് വാദി പാർട്ടിക്കും രാംനാഥ് കോവിന്ദെന്ന ദളിത് നേതാവിനെ എതിർക്കുക എളുപ്പമാവില്ല. ബീഹാർ ഗവർണറാണ് നിലവിൽ രാംനാഥ് കോവിന്ദ്. ബിജെപിയുടെ തീരുമാനത്തിൽ വ്യക്തിപരമായി തനിക്ക് സന്തോഷമാണുള്ളതെന്ന് ബീഹാർമുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞത് വ്യാഴാഴ്ച ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ജെഡിയു എന്ത് നിലപാട് സ്വീകരിക്കുമെന്നതിന്റെ സൂചന തന്നെയാണ്. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസും സിപിഎമ്മും പോലും ബിജെപിയുടെ സ്ഥാനാർത്ഥിയെ എതിർക്കാൻ കാരണം തേടുകയാണ്. സ്ഥാനാർത്ഥിയുടെ പേര് തീരുമാനിക്കാതെ പ്രതിപക്ഷവുമായി ചർച്ച നടത്തുകയും പിന്നീട് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുമാണ് ബിജെപി ചെയ്തതെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചത്.
 
97ൽ കോൺഗ്രസ് മുന്നോട്ട് വച്ച കെ .ആർ.നാരായണനെന്ന ദളിത് നേതാവിനെ  പിന്തുണച്ച സിപിഎമ്മും വെട്ടിലാണ്. ദളിത് നേതാവാണെങ്കിലും രാംനാഥ് കോവിന്ദിന്റെത്  ആർഎസ്എസ് രാഷ്ട്രീയമാണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.
 
രാഷ്ട്രപതി തിരഞ്ഞെടുപ്പ് അവസരമാക്കി 2019ലെ ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുണ്ടാക്കിയ പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുയെന്നതായിരുന്നു തുടക്കം മുതലെ ബിജെപിയുടെ ശ്രമം. പ്രതിപക്ഷം ആയുധമാക്കിയ ദളിത് രാഷ്ട്രീയം തന്നെ ബിജെപി അതിനായി  പ്രയോജനപ്പെടുത്തുകയാണ് ചെയ്തരിക്കുന്നത്. മുൻലോകസഭ സ്പീക്കർ മീരാകുമാറിനെപ്പോലെ മറ്റോരു ദളിത് നേതാവിനെ രംഗത്തിറക്കി  ബിജെപിക്ക് മറുപടി നൽകുകയെന്നതാണ് ഐക്യം നിലനിറുത്താൻ പ്രതിപക്ഷത്തിന് മുന്നിൽ ഇപ്പോഴുള്ള പോംവഴി.
 
എന്നാൽ ദളിത് മുഖം എന്നത് മാത്രമാണ് കോവിന്ദെന്ന നേതാവിന് പറയാനുള്ളത്. ശക്തനായ ആർഎസ്എസ് വക്താവ് തന്നെയാണ് കോവിന്ദ്. നോട്ട് നിരോധനമടക്കുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രതീകർത്തിച്ച് രംഗത്ത് വന്ന നേതാവാണ് കോവിന്ദ്. അങ്ങനെയുള്ള ഒരാളെ ദളിത് എന്ന പേരിൽ മാത്രം പിന്തുണയ്‌ക്കേണ്ടിവരുന്ന ഗതികേടിലാണ് പരോക്ഷമായെങ്കിലും പ്രതിപക്ഷ പാർട്ടികൾ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh