അബോര്‍ഷന് സഹായിക്കാന്‍ ഓണ്‍ലൈന്‍ ക്ലിനിക്കുകള്‍

abortion pill 5f63e

അബോര്‍ഷനെ സംബന്ധിച്ച് അയര്‍ലണ്ടില്‍ ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണിത്. സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ടെന്നും ജീവനുള്ള അവകാശമാണ് മറ്റെന്തിനെക്കാളും വലുതെന്നും പറഞ്ഞുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍ അയര്‍ലണ്ടില്‍ സമരം ചെയ്യുകയാണ്. നിലവിലുള്ള കാടന്‍ നിയമത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണവര്‍. ഇതിനിടയിലാണ് ഹോം അബോര്‍ഷന്‍ അഥവാ വീട്ടിലിരുന്നുകൊണ്ട് തന്നെ ഗര്‍ഭഛിദ്രം ചെയ്യാനുള്ള വഴികളെ സംബന്ധിച്ച പഠനങ്ങള്‍ പുറത്തുവരുന്നത്.
 
ഓണ്‍ലൈന്‍ വഴിയുള്ള ക്ലിനിക്കല്‍ സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് അബോര്‍ഷന്‍ ചെയ്യുന്നത് സുരക്ഷിതമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വെളിച്ചം കണ്ടത്. വെബ്‌ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലുള്ള സ്ത്രീകള്‍ മുഖേന മരുന്നുകള്‍ എടുത്ത് ഉപയോഗിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
 
രാജ്യത്ത് ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നതോ വാങ്ങുന്നതോ കുറ്റകരമാണെങ്കിലും ഇത് വരെ വാങ്ങി ഉപയോഗിച്ചവര്‍ക്ക് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. റിപ്പബ്ലിക്കില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള 1,000ത്തോളം സ്ത്രീകള്‍ ഉള്‍പ്പെടുന്ന ടെലിമെഡിസിന്‍ ക്ലിനിക്കിനെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. 
 
ക്ലിനിക്കില്‍ നടത്തിയ ഭൂരിഭാഗം അബോര്‍ഷനും എഴാഴ്ച്ചക്കുള്ളിലുള്ളതായിരുന്നു. ബാക്കി ഏഴു മുതല്‍ ഒന്‍പതാഴ്ച വരെയുള്ളതും. 95% അബോര്‍ഷനും വിജയകരമായിരുന്നു. ചിലര്‍ക്ക് മെഡിക്കല്‍ പരിചരണം ആവശ്യമായി വരികയും ആന്‍റിബയോട്ടിക്കുകളും മറ്റും ഉപയോഗിക്കേണ്ടിയും വന്നു. ഇതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല.
 
ഓണ്‍ലൈന്‍ വഴിയുള്ള ചികിത്സാരീതികള്‍ ഏതാണ്ട് വിജയകരമാണെങ്കിലും അയര്‍ലണ്ടിലെ ആരോഗ്യവിഭാഗം ഇന്‍റര്‍നെറ്റില്‍ നിന്നും മരുന്നുകള്‍ വാങ്ങുന്നതിനെതിരാണ്. ഇത്തരം മരുന്നുകള്‍ ഏതെങ്കിലും വിധത്തില്‍ അപകടമുണ്ടാക്കുന്നതിലും എന്തുകൊണ്ടും നല്ലത് നിയമത്തില്‍ പരിഷ്കരണമുണ്ടാകുന്നത് തന്നെയാണ്. അതുവരെ ഇതൊക്കെ ആശ്രയിച്ചേ മതിയാകൂ.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh