ഇന്ത്യൻ സിനിമാ - ഗസ്സൽ സംഗീത നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. മഹാപ്രതിഭ പദ്മശ്രീ : ഹരിഹരൻ, സംഗീതമനസ്സുകളെ കോരിത്തരിപ്പിക്കുന്ന സർഗ്ഗസംഗീതവുമായി അയർലണ്ടിലേക്ക് വരുന്നു

daffodils1 Medium c27ccഇന്ത്യൻ സിനിമാ - ഗസ്സൽ സംഗീത നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. ലോകപ്രശസ്ത സംഗീതജ്ഞൻ, രണ്ടുവട്ടം നാഷണൽ അവാർഡ് ജേതാവ് എന്നിങ്ങനെ നീണ്ടുപോകുന്ന അനവധി വിശേഷണങ്ങൾക്കും അംഗീകാരങ്ങൾക്കും അർഹനായ   മഹാപ്രതിഭ പദ്മശ്രീ : ഹരിഹരൻ, സംഗീതമനസ്സുകളെ കോരിത്തരിപ്പിക്കുന്ന സർഗ്ഗസംഗീതവുമായി അയർലണ്ടിലേക്ക് വരുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന് മറക്കാനാകാത്ത സംഗീത സന്ധ്യകൾ സമ്മാനിച്ചിട്ടുള്ള   “ഡാഫൊഡിൽസ്” ആണ് ഈ മഹനീയമായ സംരംഭത്തിന് മുൻകൈയ്യെടുക്കുന്നത്.
 
2020 മെയ് മാസം 2-)൦ തിയ്യതി  ഡബ്ലിൻ ഫിർഹൗസ് സയന്റോളജി സെന്ററിൽ ഇന്ത്യയുടെ എല്ലാദേശങ്ങളിൽ നിന്നും വന്നിട്ടുള്ള വിവിധ ഭാഷകളിൽ  സംസാരിക്കുന്ന സംഗീതസ്നേഹികളെ ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തപ്പെടുന്ന ഡാഫൊഡിൽസ് മ്യൂസിക്കൽ നൈറ്റ് 2020 - ഹരിഹരൻ സംഗീതരാവ് ന്റെ ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച (17 -11 - 2019) ഡൺഡ്രം സിനിമാസിൽ ഐറിഷ്  - ഇന്ത്യൻ സമൂഹത്തിലെ  പൗരപ്രമുഖർ പങ്കെടുത്ത ഇന്ത്യൻ  ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽവച്ച്   പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും, മോഡലുമായ പാർവ്വതി നായർ, ഷോയുടെ ആദ്യ ടിക്കറ്റ്  ഐവിഷൻ കറസ്‌പോണ്ടന്റ്  മാർട്ടിൻ വർഗ്ഗീസ്  -  ആൻസി ദമ്പതികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

daffodils2 Medium 56901
പ്രൗഡോജ്ജ്വലമായ സമാപന ചടങ്ങുകളിൽ ഡാഫൊഡിൽസ് അംഗങ്ങൾക്കൊപ്പം അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്‌തിത്വങ്ങളും പങ്കെടുത്തു. ശ്രീ. രാജേഷ് ഉണ്ണിത്താൻ മോഡറേറ്റർ ആയ ചടങ്ങിൽ ഡാഫൊഡിൽസ് അംഗമായ ശ്രീ. സജേഷ് ആണ് വിശിഷ്ടാഥിതികൾക്കും സദസ്സിനും സ്വാഗതം പറഞ്ഞത്. തുടർന്ന് ഡാഫൊഡിൽസിന്റെ പ്രതിനിധി  ശ്രീ വിനോദ് കുമാറും, സിനിമാതാരം പാർവ്വതി നായരും മറ്റു വിശിഷ്ടാഥിതികളും ചേർന്ന്   ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ദീപം തെളിയിച്ചു.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകൻ ശ്രീ.സിറാജ് സൈദി, സഹകാരികളായ ഡോക്ടർ പൂരി, ക്ലിയോണ ബക്ക്ലി, എന്നിവരും വിവിധ ഇന്ത്യൻ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഗുർചരൻ സിംഗ്, ഓ ഐ സി സി അയർലൻഡ് ഭാരവാഹികളായ ലിങ്ക്വിസ്റ്റർ, സാൻജോ മുളവരിക്കൽ, ഫോർ മ്യൂസിൿസ് ശില്പികളായ ജിം, ജിംസൺ , എൽദോസ്  , ബിബി, ജസ്റ്റിൻ തുടങ്ങിയവരും അടക്കമുള്ള വലിയൊരു ആസ്വാദക സദസ്സ്  ഡാഫൊഡിൽസ് - ഹരിഹരൻ സംഗീത രാവിന്റെ ആദ്യ ടിക്കറ്റ് വിൽപ്പനക്ക് സാക്ഷികളായി. ഈ സംഗീത നിശയുടെ വൻവിജയത്തിനുവേണ്ടുന്ന സർവ്വ സഹകരണവും ചടങ്ങിൽ പങ്കെടുത്തവർ വാഗ്ദാനം ചെയ്യുകയുണ്ടായി .

ഡാഫൊഡിൽസ് കുടുംബത്തിലെ സജേഷ് - സൗമ്യ ദമ്പതികളുടെ വിവാഹവാർഷികം അതേ വേദിയിൽ നിറഞ്ഞ സദസ്സിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ നടത്തുവാനായത് “ഡാഫൊഡിൽസ്” കുടുംബത്തിനാകെ ആഹ്ലാദകരമായ നിമിഷങ്ങൾ സമ്മാനിച്ചു .

ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് ഡാഫൊഡിൽസിനുവേണ്ടി ശ്രീ. വിജയ് ശിവാനന്ദ് നന്ദി പ്രകാശിപ്പിച്ചു.
 ഡാഫൊഡിൽസ് മ്യൂസിക്കൽ നൈറ്റ് 2020 - ഹരിഹരൻ സംഗീതരാവിന്റെ ടിക്കറ്റുകൾ വരും ദിവസങ്ങളിൽത്തന്നെ www.wholelot.ie എന്ന ഓൺലൈൻ സൈറ്റിലൂടെ ലഭ്യമാകുന്നതാണു്

daffodils3 Medium 367e0