ക്രാന്തിക്ക് ഡബ്ലിൻ സൗത്ത് മേഖലയിൽ ഒരു യൂണിറ്റ് കൂടി

kranthidublinsouth 6db60


അയർലണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയിൽ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കൻ, ഡബ്ലിൻ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉൾപ്പെടുത്തി ആണ് ഡബ്ലിൻ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്.

ക്രാന്തിയുടെ നാളിതുവരെയുള്ള മികച്ച പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജ്ജമാണ് അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുക എന്ന ലക്‌ഷ്യം സാധ്യമാക്കിയത്. പ്രവാസി ഇന്ത്യക്കാർ ഏറെ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഡബ്ലിന് സൗത്ത്. ഏപ്രിൽ പന്ത്രണ്ടു വെള്ളിയാഴ്ച വൈകീട്ട് എട്ടു മണിക്ക് ശ്രീ ബിജു ജോർജിന്റെ വസതിയിൽ ചേർന്ന യൂണിറ്റ് രൂപീകരണ സമ്മേളനം ശ്രീ. ഷിജിമോൻ കച്ചേരിയിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു.

തുടർന്ന് ക്രാന്തിയുടെ ദേശീയ ജോയിന്റ് സെക്രെട്ടറി ശ്രീ. ജീവൻ വർഗീസ് സംഘടനയുടെ രാഷ്ട്രീയത്തെക്കുറിച്ചും നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി റിപ്പോർട്ട് അവതരിപ്പിച്ചു. അയർലണ്ടിലെയും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ്, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളെ ശക്തമായി പിന്തുണക്കുകയും തൊഴിലാളികളുടെ അവകാശസമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ക്രാന്തിയുടെ പ്രധാന ലക്ഷ്യമാണ് എന്ന് ശ്രീ ജീവൻ വർഗീസ് പ്രസ്താവിച്ചു.

അതിനു ശേഷം ക്രാന്തി സെൻട്രൽ കമ്മറ്റിയുടെ ട്രെഷറർ ആയ ശ്രീ. അജയ് സി ഷാജി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്തു, വർഗീസ് ജോയ് എന്നിവർ സമ്മേളനത്തിനു അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മറ്റി അംഗം ശ്രീ ജോൺ ചാക്കോ സമ്മേളത്തിൽ പങ്കെടുത്തു.തുടർന്ന് നടന്ന ചർച്ചയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.

പിന്നീട് ഡബ്ലിന് സൗത്ത് യൂണിറ്റിന് വേണ്ടി പതിനൊന്നംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. കമ്മറ്റിയുടെ സെക്രട്ടറി ആയി ശ്രീ ബിനു വർഗീസിനെയും ജോയിന്റ് സെക്രട്ടറി ആയി ശ്രീമതി പ്രിയ വിജയ് മോഹനനെയും ട്രെഷറർ ആയി ശ്രീ ശ്രീ. ഷിജിമോൻ കച്ചേരിയിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി ശ്രീ ബിനു വർഗീസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.