ഇമ്മിഗ്രേഷൻ ബ്യൂറോയുടെ കാര്യക്ഷമതക്കുറവ്, വലയുന്ന കുടിയേറ്റക്കാർ, ഡബ്ലിനിൽ ക്രാന്തിയുടെ സമരം ബുധനാഴ്ച.

kranti GNIB Strike 7ec62

ഡബ്ലിൻ: ഗാർഡകാർഡ് രജിസ്ട്രേഷനും, പുതുക്കലിനും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാൾക്കുനാൾ ഏറി വരികയാണ്. ഇത്തരം നടപടികൾ ചെയ്യുവാൻ GNIB ഓഫീസ് അപ്പോയ്മെന്റുകൾ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ആവശ്യമായ ഓഫീസുകളും, ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്.

ഇതേ ആവശ്യമുന്നയിച്ച് മറ്റു സംഘടനകൾ നടത്തിയ സമരപരിപാടികളിൽ മുൻപും ക്രാന്തി പങ്കെടുത്തിരുന്നു. എന്നാൽ സ്ഥിതിഗതികൾ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിലെ വർദ്ധിച്ച വാടക നിരക്കുകൾക്കൊപ്പം ഗാർഡ കാർഡ് ഫീസിൽ ഉള്ള വർദ്ധനവ് വിദ്യാർത്ഥി സമൂഹത്തിനും,പ്രവാസി കുടുംബങ്ങൾക്കും താങ്ങാവുന്നതിലുമപ്പുറമാണ്. കുടിയേറ്റക്കാർക്കുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും, അടിയന്തിരമായി പ്രശ്നപരിഹാരങ്ങൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രാന്തി അയർലണ്ടും, ആന്റി റേസിസ്റ്റ് നെറ്റ് വര്‍ക്ക് അയർലണ്ടും സംയുക്തമായി പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. ഡിസംബർ 5 ബുധനാഴ്ച രാവിലെ 11 മണിക്ക് ഡബ്ലിനിലെ GNIB ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പ്രസ്തുത പ്രതിഷേധ സമരത്തിന് അയർലണ്ടിലെ എല്ലാ സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെയും, മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണ ക്രാന്തി അഭ്യർത്ഥിക്കുന്നു.